|

ബംഗാളില്‍ പത്ത് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; നടപടിയെടുക്കാത്തതില്‍ പൊലീസ് സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പത്ത് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ സംഘര്‍ഷം. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് തീയിടുകയായിരുന്നു.

ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ചതുപ്പ് നിലത്തില്‍ ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. പിന്നാലെ മൃതദേഹം കണ്ടെത്തിയതോടെ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നും നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുന്നില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

‘പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങള്‍ മഹിസ്മാരി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഉടന്‍ നടപടി എടുക്കാന്‍ തയ്യാറായില്ല,’ നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.

പുലര്‍ച്ചയോടെ പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയതോടെ പൊലീസ് സ്റ്റേഷന്‍ കത്തിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയുമായിരുന്നു.

രോഷാകുലരായ നാട്ടുകാര്‍ സ്റ്റേഷന്‍ കത്തിച്ചതിനു പിന്നാലെ നിരവധി വാഹനങ്ങള്‍ നശിപ്പിച്ചുവെന്നും പൊലീസുകാര്‍ക്കെതിരെ പ്രതിഷേധപ്രകടനം നടത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എസ്.ഡി.പി.ഒ ഉള്‍പ്പെടെയുള്ള നിരവധി പൊലീസ് ഉദ്യോഗസ്ഥരെ ജനക്കൂട്ടം തടഞ്ഞുനിര്‍ത്തിയതിനു പിന്നാലെ പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഭവത്തില്‍ പൊലീസ് സ്വീകരിച്ച രീതി ആര്‍.ജി.കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ സ്വീകരിച്ച മനോഭാവത്തിന് സമാനമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത് ആരായാലും അവരെ ശിക്ഷിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും പരാതിയില്‍ നടപടി എടുക്കാന്‍ പൊലീസ് വൈകിയിരുന്നില്ലെങ്കില്‍ പെണ്‍കുട്ടി കൊല്ലപ്പെടുമായിരുന്നില്ലെന്നും പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.

എന്നാല്‍ പരാതി ലഭിച്ചയുടനെ നടപടി എടുത്തതായും കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു പൊലീസിന്റെ പ്രതികരണം. രാത്രി തന്നെ അന്വേഷണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു അവര്‍ പ്രതികരിച്ചത്.

എന്നാല്‍ പൊലീസിനെതിരായ കൃത്യങ്ങളില്‍ ഉള്‍പ്പെട്ട നാട്ടുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും രേഖകളും സ്റ്റേഷനും നശിപ്പിച്ചവര്‍ക്കെതിരെയായിരിക്കും നടപടിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: ten year old girl murdered in rape; locals protested against police

Latest Stories