ഞാന്‍ ലക്ഷദ്വീപിനോടൊപ്പം; എന്ത് കൊണ്ട് ?
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വിഷയം സ്വതന്ത്രമായി പഠിക്കാന്‍ ശ്രമിക്കുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് ലക്ഷദ്വീപ് വാസികള്‍ക്കൊപ്പം നില്‍ക്കാനേ സാധിക്കുന്നുള്ളൂ. 1956-ല്‍ രൂപം കൊണ്ട, 1973-ല്‍ ലക്ഷദ്വീപെന്ന് നാമകരണം ചെയ്ത ഈ പ്രദേശം നമുക്കറിയുന്നത് പോലെ ഒരു കേന്ദ്രഭരണ പ്രദേശമാണ്. അതായത്, കേരളത്തിലെ പോലെ ഒരു ജാനാധിപത്യ സര്‍ക്കാര്‍ അവിടെയില്ല. എന്നാല്‍ ഒരു ലോക സഭ എം.പി ഉണ്ട്.
പക്ഷെ, എം.പിക്ക് നിരവധി പരിമിതികളുണ്ട്. കാരണം, അവിടെ ഭരണ കര്‍ത്താവ് എപ്പോഴും അഡ്മിനിസ്‌ട്രേറ്ററാണ്. ഇവരെ നിയമിക്കുന്നത് കേന്ദ്രഭരണകൂടമാണ്. ഇവരാണ് ലക്ഷദ്വീപ് വാസികളായ എണ്‍പത്തിനായിരത്തില്‍ താഴെ വരുന്ന ജനതയുടെ ഭരണാധികാരി എന്നതാണ് യാഥാര്‍ഥ്യം.
ലക്ഷദ്വീപ് വാസികള്‍ക്ക് മലയാളമാണ് ഏറ്റവും നന്നായി അറിയുന്ന ഭാഷ. പുതിയ ജനറേഷനെ മാറ്റിനിറുത്തിയാല്‍, ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനമുള്ള മനുഷ്യരവിടെ കുറവാണ്. പിന്നെ അവര്‍ക്കറിയാവുന്ന ഭാഷ ദ്വീപ് ഭാഷയായ ജെസെരിയാണ്.
ഇവരുടെ മുന്നിലാണ് സകല നിയമ കരടുരൂപങ്ങളും ഇംഗ്‌ളീഷില്‍ പരസ്യപ്പെടുത്തുന്നത്. നെറ്റ് ലഭ്യതപോലും കുറവുള്ള ഈ ദേശത്ത് എത്രപേരാണ് സര്‍ക്കാര്‍ സൈറ്റിലെ ഇംഗ്‌ളീഷ് കരടുരൂപം നോക്കി പ്രതികരിക്കുക. ഇത്രയും ചിന്തിക്കാനുള്ള വിവേകബോധം പോലുമില്ലാത്ത ആളാണോ അഡ്മിനിസ്ട്രേറ്റര്‍?
എന്തിനാണ് ഈ ജനതയെ കേരളത്തില്‍ നിന്ന് അടര്‍ത്തിമാറ്റി കര്‍ണാടക ഭാഷ സംസാരിക്കുന്ന മംഗലാപുരത്തേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്നത്? ചരിത്രാതീത കാലം മുതല്‍ ഇവരുടെ പോറ്റമ്മമാര്‍ കോഴിക്കോടും കൊച്ചിയുമല്ലേ? ദ്വീപുകാര്‍ക്ക് കന്നഡ അറിയില്ല എന്നറിഞ്ഞുകൊണ്ടുള്ള നീക്കമല്ലേ മംഗലാപുരത്തേക്കുള്ള വലിച്ചുകെട്ടല്‍ ? ഭയം, അപകര്‍ഷതാ ബോധം, അന്യവല്‍കരണം എന്നിവയുടെ ഉല്‍പാദനമല്ലേ ദ്വീപില്‍ നടക്കുന്നത്. ഭക്ഷണത്തിലും ഭാഷയിലും സ്വാതന്ത്ര്യത്തിലും സാംസ്‌കാരിക മൂല്യങ്ങളിലും ഭൂസ്വത്തുക്കളിലും വ്യക്തി സ്വാതന്ത്ര്യത്തിലും തൊഴിലിലും അധിനിവേശം നടത്തുകയല്ലേ പുതിയ അഡ് മിനിസ്‌ടേറ്ററുംകൂട്ടരും ചെയ്യുന്നത്? അതേയെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ലക്ഷദ്വീപിലേക്ക് പ്രഫുല്‍ പട്ടേലിന് മുമ്പ് വന്നവര്‍ സിവില്‍ സര്‍വീസില്‍ നിന്നോ സമാനമായ സര്‍വീസുകളില്‍ നിന്നോ ഉള്ള വിദ്യാസമ്പന്നരായ ആളുകളായിരുന്നു. മാത്രവുമല്ല, ദ്വീപിലേക്ക് ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുമ്പോള്‍ എല്ലാ സര്‍ക്കാരുകളും പാലിച്ചു പോന്ന ഒരു കാര്യം, തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ വിദ്യാഭ്യാസം, പ്രത്യയശാസ്ത്ര മനോഭാവം, അനുഭവസമ്പത്ത്, ഇന്ത്യയുടെ വിവിധ സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളിലെ അറിവ്, നിലപാടുകള്‍ എന്നിങ്ങനെ പലതുമായിരുന്നു.
എന്നാല്‍ പ്രഫുല്‍ പട്ടേലിന് മുമ്പുണ്ടായിരുന്ന ശര്‍മ കാര്യങ്ങള്‍ അറിഞ്ഞ് എല്ലാവര്‍ക്കുമൊപ്പം ഇടപ്പെട്ട ആളായിരുന്നു കാരണം, ഈ ദ്വീപ് സമൂഹത്തിലെ സാധാരണക്കാരായ ജനതയുടെ മൂല്യങ്ങളെ തച്ചുടക്കാത്ത, അവിടെ അധിനിവേശം സൃഷ്ടിക്കാത്ത എന്നാല്‍ അവരെ പുരോഗതയിലേക്ക് നയിക്കാനും കൂടി സാധിക്കുന്ന ഒരാളാകണം ദ്വീപിലേക്ക് പോകേണ്ടതെന്ന ഒരു അലിഖിത നിയമം എല്ലാവരും പാലിച്ചുപോന്നിരുന്നു. അതുകൊണ്ടു തന്നെ, ആ ദ്വീപില്‍ നിന്ന് അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പോരാട്ടവും നാമിത്വരെ കേട്ടില്ല. അവിടെ ചെന്ന ആരുംതന്നെ അവരുടെ നന്‍മയിലും നിഷ്‌കളങ്കതയിലും, ജീവിത രീതികളിലും, മൂല്യങ്ങളിലും അധിനിവേശം നടത്താന്‍ ശ്രമിച്ചില്ല.
എന്നാല്‍, കേന്ദ്രം തയാറാക്കിയ ‘മാസ്റ്റര്‍’ പ്‌ളാന്‍ അനുസരിച്ച് 5 മാസങ്ങള്‍ക്ക് മുന്‍പ് അവിടെയൊരു ‘ തികഞ്ഞ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുവാന്‍ തീരുമാനിച്ചൊരു നേതാവ്’ പറന്നിറങ്ങി. അതാണ് പ്രഫുല്‍ പട്ടേല്‍, ഇദ്ദേഹം ആരാണ് എന്നും എത്തിയതിന് ശേഷം എടുത്ത നടപടികളും മനസിലാക്കുമ്പോഴാണ് ‘ലക്ഷദ്വീപ് ഏറ്റെടുക്കല്‍ പദ്ധതി’ എത്രമാത്രം ‘ദീര്‍ഘദൃഷ്ടി’ യോടെയുള്ള പദ്ധതിയാണെന്ന് നമുക്ക് മനസിലാകൂ. ദാമന്‍ – ദിയൂ എന്ന യൂനിയന്‍ പ്രദേശത്തിന്റെ ഇന്നത്തെ അവസ്ഥ അറിഞ്ഞു കൊണ്ട് നമുക്ക് കാര്യങ്ങള്‍ കാണാം
സ്റ്റെപ് 1
സംഘപരിവാര്‍ ഈറ്റില്ലമായ ഗുജറാത്ത് ആര്‍.എസ്.എസിലെ പ്രമുഖനായിരുന്ന ഖോഡഭായ് പട്ടേലിന്റെ മകനും ബിജെപിയുടെ ഗുജറാത്തില്‍ നിന്നുള്ള നിയമസഭാഗവുമായ പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന പ്രഫുല്‍ പട്ടേല്‍ 100% തികഞ്ഞ രാഷ്ട്രീയക്കാരനാണ്. ‘ഹിന്ദുത്വ രാഷ്ട്ര വാദിയും’ ഗുജറാത്തിലെ സഹമന്ത്രിയും ആയിരുന്ന ഇദ്ദേഹം അമിത്ഷാ-മോദി (മോദി-അമിത്ഷാ അല്ല) തട്ടകത്തിലെ ഏറ്റവും വിശ്വസ്തരായ പലരില്‍ ഒരാളാണ്.
തീര്‍ന്നില്ല, അമിത്ഷാ-മോദി നിര്‍ദ്ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് ഉത്തരവാദിത്തങ്ങള്‍ കാരണം തീരെ സമയമില്ലാത്ത ആളുകൂടിയാണ്! ലക്ഷദ്വീപില്‍ വരുന്നതും അപൂര്‍വമാണ്. ദ്വീപ് എംപിക്ക് പോലും ഇദ്ദേഹത്തിനെ ഫോണില്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്! ഇന്ത്യയില്‍ സിവില്‍ സര്‍വീസും അനുഭവസമ്പത്തുമുള്ള ആരെയും കിട്ടാനില്ലാത്തത് കൊണ്ടും ‘മറ്റുമാര്‍ഗങ്ങള്‍’ ഒന്നും ഇല്ലാത്തത് കൊണ്ടും മഹാനായ ഈ വ്യക്തിക്ക് ലക്ഷദ്വീപ് ഭരണത്തിന്റെ ‘അധിക ചുമതല’ നല്‍കുകയായിരുന്നു കേന്ദ്രം..
‘അധികചുമതല’ ഏറ്റെടുത്ത, തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് പോകുന്ന ‘പ്രഫുല്‍ ഖോഡ പട്ടേല്‍’ ദ്വീപില്‍ വന്നിറങ്ങിയ 2020 ഡിസംബര്‍ 05ന്, ദ്വീപിലെ ‘ജനാധിപത്യ മനുഷ്യാവകാശ’ ബോധമുള്ള ചെറുപ്പക്കാര്‍ പൗരത്വ ബില്ലിനെതിരെ ഉയര്‍ത്തിയ ബോഡുകള്‍ കണ്ടു.
ഇറങ്ങിയ അന്നേദിവസം തന്നെ ഈ ബോര്‍ഡുകള്‍ നീക്കം ചെയ്യാനും ബോര്‍ഡ്വച്ചവരെ അറസ്റ്റ് ചെയാനും ഉത്തരവിട്ടു അങ്ങനെ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും 5 പേരെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയും ചെയ്തു.
വന്നിറങ്ങിയ അന്നുമുതല്‍ 2021 മേയ് 20 വരെയുള്ള വെറും 5 മാസങ്ങള്‍കൊണ്ട് ഈ മനുഷ്യന്‍ ചെയ്ത് തീര്‍ത്ത മഹത്തായ കാര്യങ്ങള്‍ അറിയുമ്പോഴാണ് നമുക്ക് മനസിലാക്കുക; പ്രഫുല്‍ പട്ടേല്‍ എന്തുകൊണ്ടാണ് ദ്വീപിലെന്നും എന്തുകൊണ്ടാണ് പ്രഫുല്‍ പട്ടേല്‍ അമിത്ഷാ-മോദി കൂട്ടുകെട്ടിലെ വിശ്വസ്തരില്‍ ഒരാളായതെന്നും.
സ്റ്റെപ് 2
മുന്‍ അഡ്മിനിസ്‌ട്രേറ്ററായ ദിനേശ്വര്‍ ശര്‍മയും ദ്വീപ് എംപിയും മറ്റുജനപ്രധിനിധികളും സാമൂഹിക-ആരോഗ്യപ്രവര്‍ത്തകരും ‘കൂടിയാലോചിച്ച്’ എടുത്ത ക്വാറന്റെയിന്‍ നിയമങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. ആ നിമിഷംവരെ ദ്വീപിനെ ബാധിക്കാത്ത കോവിഡ് നാശം വിതക്കാനും ജനം പുറത്തിറങ്ങാതെ, ‘ഭയപ്പെട്ട്’ ജീവിക്കുന്ന അവസ്ഥയും വന്നു. അവിടുത്തെ പാവപ്പെട്ട മനുഷ്യര്‍ക്ക് കോവിഡ് ഗുരുതരമായാല്‍ ചികില്‍സിക്കാന്‍ കൊച്ചിക്കോ കോഴിക്കോട്ടേക്കോ കൊണ്ടുവരണം. ആകെ എണ്‍പത്തിനായിരത്തില്‍ താഴെ മാത്രം ആളുകളുള്ള ദ്വീപില്‍ ‘ലാഭകരമായി’ ആശുപത്രികള്‍ നടത്താന്‍ കഴിയാത്തത് കൊണ്ട് അവിടെ വലിയ ആശുപത്രികള്‍ ഇല്ല. സര്‍ക്കാര്‍ മേഖലയിലും വലിയ ആശുപത്രികള്‍ ഇല്ല. അതുകൊണ്ടാണ് ‘കൂടിയാലോചന’ വഴി ആദ്യ അഡ്മിനിസ്ട്രേറ്റര്‍ പൊതുസമൂഹത്തിന്റെ പൂര്‍ണ അനുവാദത്തോടെ ക്വാറന്റെയിന്‍ നിയമങ്ങള്‍ ശക്തമാക്കിയിരുന്നത്. കോവിഡ് വ്യാപകമായതോടെ അതാത് ദിവസത്തെ അന്നം മുട്ടിയ പാവപ്പെട്ട ഈ ദ്വീപിലെ ജനത അതാത് ദിവസത്തെ ജീവിതം രണ്ടറ്റം മുട്ടിക്കാനുള്ള
പെടാപാടില്‍പെട്ട് ഉഴലുമ്പോള്‍ പ്രഫുല്‍പട്ടേല്‍ ‘മാസ്റ്റര്‍ പ്‌ളാനിലെ’ ആദ്യഘട്ടത്തിലെ 10 സ്റ്റെപ്പുകള്‍ നടപ്പിലാക്കുന്ന തിരക്കിലായിരുന്നു
(മുന്‍പത്തെ അഡ്മിനിസ്ട്രേറ്റര്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഉള്‍പ്പടെ സകല സഹായങ്ങളും ജനങ്ങള്‍ക്ക് നല്‍കിയിരുന്നു എന്നത് അവിടുത്തെ ജനത സാക്ഷ്യപ്പെടുത്തുന്നു.)
സ്റ്റെപ് 3
കോവിഡ് വ്യാപകമായ മറവില്‍, ഇന്ത്യയിലെ ഏറ്റവും കുറ്റംകൃത്യം കുറഞ്ഞ ഒരുപ്രദേശത്ത്, എണ്‍പത്തിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള സ്ഥലത്ത്, ഇന്ത്യയുടെ ഭാഗമായ എല്ലാ പൊതു-സിവില്‍-ക്രിമിനല്‍ നിയമങ്ങളും നിലവിലുള്ള ദ്വീപില്‍ ഒരു പുതിയ ‘ഗുണ്ടാനിയമം’ രൂപം കൊടുത്തു.
ഇതിപ്പോള്‍ ഫൈനല്‍ അപ്രൂവലിന് കേന്ദ്ര പരിഗണനയിലാണ്. വെറും 9 പേജുവരുന്ന ഈ നിയമം വായിച്ചു നോക്കുന്ന ആര്‍ക്കും മനസിലാകും ‘കേന്ദ്രം നിയമിക്കുന്ന ‘അഡ്മിനിസ്ട്രേറ്റര്‍ക്ക്’ എത്രമാത്രം ഏകാധിപത്യം ആണ് അതനുവദിക്കുന്നതെന്ന്. Prevention of Anti-Social Activities Regulation 2021 എന്ന് പേരിട്ടിരിക്കുന്ന ഈ നിയമം ‘അനുസരിച്ചു’ സമരങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും പോസ്റ്റര്‍ പ്രചാരണങ്ങളും ബാനറുകളും സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണവും ഉള്‍പ്പടെ എന്തിലും അഡ്മിനിസ്ട്രേറ്റര്‍ക്ക് ‘തൃപ്തമല്ലങ്കില്‍’ അറസ്റ്റ് ചെയ്യാം രാജഭരണ രീതിയുടെ വരാനിരിക്കുന്ന മുഖം! വന്നിറങ്ങി ഒരു മാസംകൊണ്ടാണ് ഇതിനു രൂപം കൊടുത്തത് ! എന്തൊരു വേഗത 2020 ജനുവരി 28ന് ദ്വീപ് പൊതുജനങ്ങളുടെ 90ശതമാനത്തിനും അറിയാത്ത ഇംഗ്‌ളീഷ് ഭാഷയില്‍ കരടുരൂപം പ്രസിദ്ധീകരിച്ചു!
സ്റ്റെപ് 4
അടുത്ത നിയമത്തിന്റെ കരട് രൂപവും ചുമതലയേറ്റ് രണ്ടാം മാസം പുറത്ത് വന്നു. ജനതയുടെ ഇഷ്ടപ്പെട്ട ഭക്ഷണ ശീലങ്ങളിലേക്കുള്ള ഭരണകൂട കടന്നുകയറ്റം ഉറപ്പുവരുത്തുന്ന Lakshadweep Animal Preservation Regulation അഥവാ മൃഗ സംരക്ഷണ ഈ നിയമം കേന്ദ്ര പരിഗണനയിലാണ്. ഫെബ്രുവരി 25ന് പുറത്തവന്ന 11 പേജുള്ള ഈ നിയമവും ജനവിരുദ്ധമാണ്. ഇത് പ്രാബല്യത്തിലായാല്‍ ചരിത്രാതീത കാലം മുതല്‍ ദ്വീപ് വാസികളുടെ പ്രിയപ്പെട്ട ഭക്ഷണമായ ബീഫ് ഉള്‍പ്പടെയുള്ള പലതും ലഭിക്കാത്ത അവസ്ഥ വരും..!
സ്റ്റെപ് 5
പഞ്ചായത്ത് റെഗുലേഷന്‍ എന്നാരു നിയമമായിരുന്നു മൂന്നാം മാസത്തെ അവതരണം, ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങളായിരുന്ന ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മല്‍സ്യബന്ധനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ വെട്ടിക്കളഞ്ഞു. ഇവയെല്ലാം ജനാധിപത്യ വിവസ്ഥിതിയില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന ഏകാധിപതിയുടെ കാല്‍ചുവട്ടിലേക്ക് മാറ്റുന്നു ! ഈ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന 200ഓളം പ്രദേശവാസികളായ താല്‍ക്കാലിക ജീവനക്കാരെ പ്രതിഷേധിക്കാന്‍ പോലും അവസരമില്ലാതെ പിരിച്ചുവിടുന്നു! ഉന്നത സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന പ്രദേശവാസികളെ താഴ്ന്ന പോസ്റ്റുകളിലേക്ക് മാറ്റിയശേഷം അതാത് വകുപ്പുകളുടെ ‘അന്തിമതീരുമാനം’ എടുക്കേണ്ട താക്കോല്‍ സ്ഥാനങ്ങളില്‍ തനിക്ക് പ്രിയപ്പെട്ട ആളുകളെ നിയമിക്കുന്നു !
സ്റ്റെപ് 6
അടുത്തത് കോപ്പറേറ്റിവ് സൊസൈറ്റിസ് ആക്റ്റിലായിരുന്നു കൈവെപ്പ്. ലക്ഷദ്വീപ് വെറ്റിനറി വകുപ്പ് മികച്ച നിലയില്‍ നടത്തി വരുന്ന ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനും ഗുജറാത്ത് അസ്ഥാനമായ തിരുഭുവന്‍ദാസ് ‘പട്ടേല്‍’ കുടുംബം സ്ഥാപിച്ച ‘അമുല്‍’ പ്രൊഡക്റ്റ് ലക്ഷദ്വീപില്‍ സുലഭമാക്കാനുമുള്ള നടപടികള്‍. Lakshadweep Co-operative Societies Regulation, 2021 എന്ന ഈ നിയമം അതിന്റെ അന്തിമ ഘട്ടത്തിനായി കേന്ദ്ര പരിഗണനയിലാണ്.
സ്റ്റെപ് 7
ആരുടെയും ഭൂസ്വത്ത് വികസനത്തിന്റെ പേരില്‍ പിടിച്ചെടുക്കാവുന്ന, ദ്വീപ് വാസികളായ ആരെയും ഏതുസമയത്തും കുടിയൊഴിപ്പിക്കാന്‍ ആവശ്യമായ ‘ലക്ഷദ്വീപ് ഡവലപ്‌മെന്റ് അതോറിറ്റി റെഗുലേഷന്‍’ 2021 ആക്റ്റ്. ആവശ്യപ്പെടുന്ന സമയത്തിനുള്ളില്‍ ഒഴിഞ്ഞു കൊടുത്തില്ലെങ്കില്‍ പിഴ ഈടാക്കി പൊളിച്ചു നീക്കുന്ന നിയമം 183 പേജുവരുന്ന ഈ നിയമം ജനവിരുദ്ധവും മനുഷ്യത്വ വിരുദ്ധവും ആണെന്ന് മാത്രമല്ല. നൂറ്റാണ്ടുകളായി ദ്വീപ് ജനതക്ക് ഭൂസ്വത്തിലുള്ള അവകാശങ്ങളെ കവര്‍ന്നെടുക്കാനുള്ള നിയമ നിര്‍മാണമാണ്. വികസനം എന്ന മറവില്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് ദ്വീപിനെ ഘട്ടം ഘട്ടമായി മറിച്ചു വില്‍ക്കാനും ദ്വീപ് അവകാശികളായ അവിടുത്തെ ജനതയെ അരികുവല്‍കരിക്കാനും പര്യാപ്തമാണ് ഈ നിയമം. ഇതും അന്തിമ ഘട്ടത്തിലാണ്.
സ്റ്റെപ് 8
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള വ്യക്തികള്‍ക്ക് അവിടെ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉള്‍പ്പടെ ഒന്നിലും മല്‍സരിക്കാന്‍ പാടില്ല എന്ന നിയമം!
സ്റ്റെപ് 9
ഘട്ടം ഘട്ടമായി സമൂഹത്തെ ബ്രാഹ്‌മണ ഭക്ഷണ രീതിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പുക. (സ്‌കൂള്‍ തുറക്കാത്തത് കൊണ്ട് ഇതിപ്പോള്‍ വഴിയിലാണ്).
സ്റ്റെപ് 10
വികസന അജണ്ടയുടെ ഭാഗമായി 7 മുതല്‍ 15 മീറ്റര്‍ റോഡ് വരുന്നു ദ്വീപില്‍ ! ഓര്‍ക്കുക- എണ്‍പത്തിനായിരത്തില്‍ താഴെ മാത്രം ജനസംഘ്യയുള്ള, ജനവാസമുള്ള സ്ഥലത്ത് നിന്ന് കൈകൊട്ടി വിളിച്ചാല്‍ കേള്‍ക്കുന്ന നാട്ടില്‍ ഉള്ള റോഡുകള്‍ പോലും ഉപയോഗിക്കാന്‍ വാഹനങ്ങള്‍ ഇല്ലാത്ത നാട്ടിലേക്കാണ് 15 മീറ്റര്‍ റോഡ് വരുന്നത് ! ഒട്ടനേകം ടൂറിസ്റ്റ് വില്ലാ പദ്ധതികള്‍ വരുന്നു ടൂറിസ്റ്റ് ലഗൂണുകള്‍ക്ക് അനുമതി. കടലോരങ്ങളില്‍ മല്‍സ്യതൊഴിലാളികളുടെ എല്ലാം ഒഴിപ്പിച്ച ശേഷം പ്രൈവറ്റ് ബീച്ചുകള്‍ക്കുള്ള അനുമതി! അന്തര്‍ദേശീയ രംഗത്ത് നിന്ന് വരുന്നവര്‍ക്കുള്ള യോഗ കേന്ദ്രങ്ങള്‍ പലതും ക്യൂവിലാണ്. ഇതെല്ലാം ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് വിശ്വസിച്ചേ പറ്റു. കാരണം മുകളില്‍ പറഞ്ഞതെല്ലാം ജനങ്ങള്‍ക്ക് വേണ്ടിയാണല്ലോ..!
പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കുന്ന ഒന്നിലും കോര്‍പ്പറേറ്റ് ലോബിക്കോ, കേന്ദ്ര നേതൃത്വത്തിനോ പങ്കില്ല. നടപ്പിലാക്കുന്ന ഒന്നിലും ഫാസിസമില്ല. ഇവിടെ നടപ്പിലാക്കുന്ന ഒന്നും ‘ഹിന്ദുത്വ പൊളിറ്റിക്കല്‍’ അജണ്ടയുടെ ഭാഗമല്ല. ജനാധിപത്യ വിരുദ്ധമല്ല എന്ന് നമ്മളെല്ലാം വിശ്വസിക്കണം. വിശ്വസിച്ചേ പറ്റൂ..
ദ്വീപ് വാസികളായ ജനതക്ക് വേണ്ടി ഒരഭ്യര്‍ഥന, കഴിഞ്ഞ 5 മാസംകൊണ്ട് പുറത്തിറക്കിയ ഒട്ടനവധി ‘നിയമ’ കരടുരൂപങ്ങള്‍ അവിടുത്തെ പാവപ്പെട്ട ജനതക്ക് വായിച്ചു മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് എനിക്ക് മനസിലായത്. അതുകൊണ്ട് അതവരുടെ നിത്യോപയോഗ ഭാഷയിലേക്ക് മൊഴിമാറ്റി, വ്യക്തതയോടെ പ്രസിദ്ധീകരിച്ച് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത് മറ്റാരെങ്കിലും മൊഴിമാറ്റിയാല്‍ അഡ്മിനിസ്ട്രേറ്റര്‍ ഉദ്ദേശിച്ച നിയമ ‘വ്യഖ്യാനം’ ആയിരിക്കില്ല എന്ന വാദം ഉയരും. അതുകൊണ്ട് ഈ പറഞ്ഞ നിയമങ്ങളുടെ ഡ്രാഫ്റ്റുകള്‍ അവിടുത്തെ ജനതക്ക് മനസിലാകുന്ന ഭാഷയില്‍ നല്‍കണം.
ഒരുകാര്യം കൂടി പറഞ്ഞുകൊണ്ട് നിറുത്തട്ടെ, ലക്ഷദ്വീപ് ജനതയുടെ ഒരുമിച്ചുള്ള ഈ സമരം പലരും ഹൈ ജാക്ക് ചെയ്യാനുള്ള ശ്രമം ആരംഭിച്ചതായി മനസിലാക്കാന്‍ കഴിയുന്നുണ്ട്. പൊളിറ്റിക്കല്‍ ഇസ്ലാം സംഘടനകളും തീവ്രവാദ സംഘടനകളും ഈ സമരങ്ങളെ-പ്രതിഷേധങ്ങളെ ഹൈജാക് ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളെ തടയേണ്ടത് ദ്വീപ് ജനതയാണ്.
ഇത്തരം വര്‍ഗീയ സംഘടനകളെ ദ്വീപ് ജനത ഇന്നുവരെ അങ്ങോട്ട് അടുപ്പിച്ചിട്ടില്ല. പക്ഷെ, ഈ അവസരം മുതലെടുത്ത് അവരവിടെ കയറിപ്പറ്റാനും യൂണിറ്റുകള്‍ ഉണ്ടാക്കാനും ശ്രമിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പൂര്‍ണമായും അവരെ അകറ്റി നിറുത്താനുള്ള ശ്രമം ദ്വീപ് ജനത കാണിക്കുക. കേരളത്തിലെ ‘പൊതു ജനകീയ’ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും മാദ്ധ്യമങ്ങളും ഞാനുള്‍പ്പടെയുള്ള കേരളജനതയും ദ്വീപിലെ ജനതക്കൊപ്പം ഉണ്ട്.
ഒരു ജനത അവരുടെ സ്വാഭാവികമായ ആവാസത്തില്‍ ജീവിക്കുക എന്നത് അവരുടെ അവകാശമാണ്. അത് ഒരു ദിവസം പെട്ടെന്നില്ലാതെയാക്കുന്നത് അനീതിയാണ് എന്ന് ജീവിക്കുവാന്‍ അവകാശം ഒരുപോലെയുള്ളവര്‍ മനസ്സിലാക്കുക. സ്വതന്ത്ര ഭാരതത്തില്‍ തുല്യ നീതി എന്നത് എല്ലാ മനുഷ്യര്‍ക്കുമൊന്നു തന്നെയല്ലേ..?
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Ten Steps of ‘Lakshadweep Acquisition Project’ by Sangh Parivar; Madhupal writes