യാത്രകള്‍ ഏവര്‍ക്കും ഇഷ്ടമാണ്. പലരുടേയും പ്രധാന വിനോദങ്ങളിലൊന്നും യാത്രകള്‍ തന്നെയാണ്. പലപ്പോഴും ഇഷ്ടമുണ്ടെങ്കിലും സാധാരണക്കാര്‍ വിനോദ യാത്രകളെ തന്റെ ജീവിതത്തില്‍ നിന്ന് അവഗണിക്കുകയാണ് പതിവ്. യാത്രകള്‍ക്ക് വേണ്ടിവന്നേക്കാവുന്ന ചെലവിനെ കുറിച്ചുള്ള ആശങ്കകളും, അജ്ഞതയുമാണ് ഇതിനുള്ള പ്രധാനകാരണം.
ചെലവ് ചുരുക്കി യാത്രചെയ്യാനാകുന്ന ലോകത്തിലെ മികച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ അതുപോലെത്തന്നെ നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ചുരുങ്ങിയ ചെലവില്‍ സഞ്ചരിക്കാനാവുന്ന നിരവധി നഗരങ്ങള്‍ ഇന്ത്യയിലുണ്ട്. നമ്മുടെ സ്വന്തം രാജ്യത്തെ ഈ മനോഹരമായ പ്രദേശങ്ങളുടെ ഭംഗി ചുരുങ്ങിയ ചെലവില്‍ ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടെങ്കില്‍ ഇവിടെയിതാ അത്തരത്തില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടേക്കാവുന്ന ഇന്ത്യയിലെ അതി മനോഹരമായ പത്ത് നഗരങ്ങള്‍.
1. ഗോവ
രാജ്യത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗോവ. ഇവിടം വലിയ ചെലവേറിയതാണെന്ന് പറയാനാവില്ല. തന്റെ ജീവിതത്തിലൊരിക്കലെങ്കിലും ഗോവയുടെ മാസ്മരിക സൗന്ദര്യം ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെല്ലാവരും. മനോഹരവും ഉല്ലാസകരവുമായ ഈ സംസ്ഥാനത്താണ് രാജ്യത്തെ തന്നെ മനോഹരമായ കടല്‍ത്തീരങ്ങളും, റസ്‌റ്റോറന്റുകളും, ഹോം സ്‌റ്റേകളും , ദേവാലയങ്ങളും, എല്ലാമുള്ളത്.
വളരെ ചുരുങ്ങിയ ചെലവില്‍ നിങ്ങള്‍ക്ക് ഗോവയില്‍ താമസിക്കാനാവും. ബൈക്ക് വാടകയ്‌ക്കെടുത്ത് നഗരം മുഴുവന്‍ ചുറ്റിയടിക്കാനാവും ചുരുങ്ങിയ ചെലവില്‍ ഭക്ഷണം കഴിക്കാം ഒരുപാട് നേരം കടല്‍തീരത്ത് ചെലവഴിക്കാം. കടലില്‍ നീന്തിക്കുളിക്കാം അങ്ങനെ ചുരുങ്ങിയ ചെലവില്‍ ഓരോ നിമിഷങ്ങളും നിങ്ങള്‍ക്കിവിടെ ആസ്വാദ്യകരമാക്കാന്‍ കഴിയും
2. വാരാണസി
യാത്രയോടോപ്പം അല്‍പ്പം ആത്മീയതകൂടിയായാലോ? ഇന്ത്യയിലെ ഹിന്ദു വിശ്വാസികളുടെ ഏഴ് പ്രധാന വിശുദ്ധ നഗരങ്ങളിലൊന്നാണ് വാരാണസി. ദൈവികതയും ആത്മീയതയും നിറഞ്ഞു തുളുമ്പുന്ന ഇടം. നമ്മുടെ ബഡ്ജറ്റിലൊതുങ്ങുന്ന ഗസ്റ്റ് ഹൗസുകളും ഹോട്ടലുകളും ഇവിടെ ലഭ്യമാണ്. രുചികരമായതും ചെലവ് കുറഞ്ഞതുമായ ഭക്ഷണ സൗകര്യവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. മലനിരകളിലൂടെയുള്ള നടത്തവും നഗരത്തിലുടേയും ക്ഷേത്രങ്ങളിലൂടേയും സഞ്ചാരവും ഏറെ ആസ്വാദ്യകരമാണ്.
3.പോണ്ടിച്ചേരി
ഫ്രഞ്ച് സ്വാധീനം ഇപ്പോഴും നിലനില്‍ക്കുന്ന ഇന്ത്യന്‍ കേന്ദ്ര ഭരണപ്രദേശമാണ് പോണ്ടിച്ചേരി. അതുകൊണ്ടുതന്നെ കിഴക്കിന്റെ ഫ്രഞ്ച് സുഖവാസ കേന്ദ്രമെന്നാണ് പോണ്ടിച്ചേരി ഇപ്പോഴും വിളിക്കപ്പെടുന്നത്. പോണ്ടിച്ചേരിക്ക് അതിന്റേതായ മനോഹാരിതയും ശാന്തതയും ഉണ്ട്. രുചികരമായ ആഹാരവും അതുപോലെത്തന്നെ മനോഹരമായ വീഞ്ഞും ഇവിടെ ലഭ്യമാണ്. പുരാതനമായ കടല്‍തീരവും, അതുല്യമായ ഫ്രഞ്ച് പശ്ചാത്തലവും എല്ലാം ചുരുങ്ങിയ ചെലവില്‍ ഇവിടെ ലഭ്യമാണ്. ഓറോ വില്ലി ആശ്രമത്തിലെ താമസം വളരെ തുച്ഛമായ ചെലവില്‍ സാധിക്കുന്നതാണ്.
4.മക്‌ലീയോഡ് ഗഞ്ച്
ധര്‍മ്മശാലയിലെ മനോഹരമായ ഒരു നഗരമാണ് ഇത്. മറക്കാനാവാത്ത മനോഹരമായ അനുഭവങ്ങള്‍ ആഗ്രഹിക്കുന്ന ഏതൊരു യാത്രക്കാരനും പരിചിതമാണ് ഇവിടം. തീവണ്ടിയില്‍ ധര്‍മ്മശാലയിലേക്ക് എത്തുക അവിടെ നിന്ന് ബസ്സിലോ സ്വകാര്യ കാറിലോ മക്‌ലീയോഡ് ഗഞ്ചിലേക്ക് എത്തിച്ചേരുക. ചുരുങ്ങിയ ചെലവില്‍ താമസിക്കാവുന്ന മനോഹരമായ നഗരങ്ങളിലൊന്നാണ് ഇത്. രുചികരമായ ഭക്ഷണം, കഫേകള്‍, മ്യൂസിയം ക്ഷേത്രങ്ങള്‍, എല്ലാം ഇവിടെയുണ്ട്.
5.അമൃതസര്‍
അമൃതസറിനെ കുറിച്ച് കേള്‍ക്കാത്തവരായി ആരും ഉണ്ടാവില്ല. ഇവിടത്തെ സുവര്‍ണ ക്ഷേത്രത്തിന്റെ തിളക്കത്തില്‍ തന്നെയാണ് അത് അറിയപ്പെടുന്നത്. വിവിധതരം വിനോദസഞ്ചാരികള്‍ക്ക് പറ്റിയ ഇടമാണ് ഇവിടം. ഭക്തിയും ആത്മീയതയും വിശ്വാസവുമുള്ളവര്‍ക്കും, രുചികരമായ ഭക്ഷണം തേടുന്നവര്‍ക്കും ഇവിടം ഏറെ പ്രിയമാണ്. സുവര്‍ണ ക്ഷേത്രത്തിന്റെ മനോഹാരിത മാത്രമല്ല വാഗാ അതിര്‍ത്തിയിലെ ദേശീയത തുളുമ്പുന്ന കാഴ്ച്ചകളും കാണാം. ഇവിടത്തെ ചില ദാബകളും റസ്റ്റോറന്റുകളും വളരെ ചെലവ് കുറവാണ്.
6.ഗോകര്‍ണം
കാര്‍ണാടകയിലെ ഒരു കടല്‍തീര നഗരമാണിത്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരു പോലെ പ്രീയപ്പെട്ടതാണ് ഇവിടം. സ്വസ്ഥമായ അന്തരീക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഗ്രാമീണത നിറഞ്ഞതും ആരാധനാലയങ്ങള്‍ ഉള്ളതുമായ സ്ഥലമാണിത്. ഇവിടെയുള്ള ഗസ്റ്റ്ഹൗസുകളിലും ഹോം സ്‌റ്റേകളിലും ചുരുങ്ങിയ ചെലവില്‍ നിങ്ങള്‍ക്ക് താമസിക്കാനാവും.
7.ഹംപി
മനോഹരമായ വാസ്തുവിദ്യകളില്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ എങ്കില്‍ തീച്ഛയായും നിങ്ങള്‍ ഹംപിയിലേക്ക് വരണം. അതിമനോഹരമായ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും അവിശ്വസനീയമായ രാജകീയ സൗധങ്ങളും ഇവിടെ നിങ്ങള്‍ക്ക് കണ്ടാസ്വദിക്കാം. കര്‍ണാടകയിലെ ആ മനോഹര നഗരം നിങ്ങളുടെ ഹൃദയം കവരുമെന്ന് തീര്‍ച്ചയാണ്. താങ്ങാവുന്ന നിരക്കില്‍ നിങ്ങള്‍ക്കിവിടെയുള്ള ഹോട്ടലുകളിലും കോട്ടേജുകളിലും താമസിക്കാവുന്നതാണ്. ഒപ്പം ബൈക്കോ സൈക്കിളോ വാടകയ്‌ക്കെടുക്കുകയും ചെയ്യാം.
8.ഡാര്‍ജിലിങ്
മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഡാര്‍ജിലിങ്. പരമ്പരാഗതവും മനോഹരവുമായ ഹോട്ടലുകളും ഹോം സ്‌റ്റേകളും കോട്ടേജുകളും ഇവിടുത്തെ പ്രത്യേകതയാണ്. ഇവ വളരെ മിതമായ തുകയില്‍ ലഭ്യമാവുകയും ചെയ്യും. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും കാഴ്ച്ച ഇവിടെ നിന്നും കാണാം. ദൃശ്യചാരുതയുള്ള മലനിരകളാണിവിടത്തെ മറ്റൊരു പ്രത്യേകത.
9.കൊടൈക്കനാല്‍
തമിഴ്‌നാട്ടിലാണ് കൊടൈക്കനാല്‍. കടല്‍ നിരപ്പില്‍ നിന്നും ഏകദേശം 7200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം. മനോഹരമായ ഇവിടങ്ങളിലെ തണുത്ത കാലാവസ്ഥയും മനോഹരമായ കാഴ്ച്ചകളും ആരെയും ആകര്‍ഷിക്കുന്നതാണ്. രുചികരമായ ആഹാരം കുറഞ്ഞ ചിലവില്‍ ലഭിക്കുന്നയിടമാണ് ഇവിടം. നിങ്ങളുടെ പോക്കറ്റില്‍ ദ്വാരം വീഴാതെത്തന്നെ നിങ്ങള്‍ക്ക് ഇവിടെ താമസിക്കാം. സാഹസികയാത്രകളും ഇവിടെ സാധ്യമാണ്.
10.അജ്മീര്‍
രാജസ്ഥാനിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നാണ് അജ്മീര്‍. ആരവല്ലി പര്‍വ്വതനിരകളാല്‍ ചുറ്റപ്പെട്ട ഈവിടെ ഏവര്‍ക്കും പ്രിയപ്പെട്ട സഞ്ചാര കേന്ദ്രമാണ്. സൂഫി സന്യാസിയായ ഖ്വാജ മോയിനുദീന്‍ ചിഷ്തിയുടെ ദര്‍ഗ്ഗ നില്‍ക്കുന്ന ഒരു ആരാധനാ കേന്ദ്രം കൂടിയാണിവിടം. കൂടാതെ ഒരു പുരാതന ഹിന്ദു തീര്‍ത്ഥാടന കേന്ദ്രവുമായ ഇവിടത്തെ ബ്രഹ്മാ ക്ഷേത്രവും പ്രശസ്തമാണ്. ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളും ശില്‍പ്പങ്ങളും ഇവിടുണ്ട്. ഒപ്പം രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ കേന്ദ്രവും കൂടിയാണിവിടം കുറഞ്ഞ ചിലവില്‍ താമസവും ഭക്ഷണവും ഇവിടത്തെ പ്രത്യേകതയാണ്.