തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു: യുണൈറ്റഡിന്റെ കനത്ത തോല്‍വിയില്‍ ടെന്‍ ഹാഗ്
Football
തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു: യുണൈറ്റഡിന്റെ കനത്ത തോല്‍വിയില്‍ ടെന്‍ ഹാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd November 2023, 11:00 am

ന്യൂകാസില്‍ യൂണൈറ്റഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കാര്‍ബാവോ കപ്പില്‍ നിന്നും പുറത്തായിരുന്നു. ഈ കനത്ത തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ടെന്‍ ഹാഗ്.

ഈ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്നും തനിക്കും താരങ്ങള്‍ക്കും ഇതെല്ലാം മാറ്റാന്‍ സാധിക്കുമെന്നുമാണ് ടെന്‍ ഹാഗ് പറഞ്ഞത്.

‘ഈ തോല്‍വി അത്ര നല്ലതല്ലെന്ന് എനിക്കറിയാം. ഈ തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ സ്വയം ഏറ്റെടുക്കുന്നു. ഞങ്ങളുടെ ആരാധകരില്‍ വലിയ സങ്കടമുണ്ട്. ഈ മത്സരം ഞങ്ങളുടെ നിലവാരത്തിനേക്കാളും താഴെയായിരുന്നു അതിനാല്‍ ഈ പ്രകടനങ്ങള്‍ മാറ്റിയെടുക്കണം. ഞങ്ങള്‍ക്ക് ഈ തോല്‍വിയില്‍ നിന്നും വേഗത്തില്‍ കരകയറേണ്ടതുണ്ട്. കാരണം അടുത്ത മത്സരം ശനിയാഴ്ച ഫുള്‍ഹാമിനെതിരെയാണ്. താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്. മികച്ച റിസള്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ ഞങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിക്കൂ. അതിനാല്‍ നിങ്ങള്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഒരുമിച്ച് വിജയത്തിനായി പോരാടുക ഒരു മികച്ച ടീമായി കളിക്കുക. ഇതാണ് ഒരേയൊരു വഴി അച്ചടക്കത്തോടെ മികച്ച പ്രകടനങ്ങള്‍ നടത്തണം അതിനായി മികച്ച ഒരു മാനസികാവസ്ഥ നമ്മള്‍ കൈവരിക്കണം,’ ടെന്‍ ഹാഗ് സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

മത്സരത്തില്‍ 28ാം മിനിട്ടില്‍ മിഗുഎല്‍ അല്‍മിറോണ്‍ ആണ് ന്യൂകാസിലിന്റെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. ലെവിസ് ഹാള്‍ 36ാം മിനിട്ടിലും ജോ വില്ലിഓക്ക് 60ാം മിനിട്ടിലും ഗോള്‍ നേടിയതോടെ 3-0ത്തിന്റെ തകര്‍പ്പന്‍ ജയം ന്യൂകാസില്‍ സ്വന്തമാക്കുകയായിരുന്നു.

ഈ സീസണില്‍ അത്ര മികച്ച തുടക്കമായിരുന്നില്ല ടെന്‍ ഹാഗിന്റെ കീഴില്‍ യുണൈറ്റഡ് കാഴ്ചവെച്ചത്. കഴിഞ്ഞ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും ഏതില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ടെന്‍ ഹാഗും കൂട്ടരും പരാജയപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് ന്യൂകാസിലിനെതിരെയുള്ള കനത്ത തോല്‍വിയും വന്നത്. ഇതിനുപുറമേ ക്ലബ്ബിലെ പല താരങ്ങളും പരിശീലകന്‍ ടെന്‍ ഹാഗും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ അഞ്ച് ജയവും അഞ്ച് തോല്‍വിയുമടക്കം എട്ടാം സ്ഥാനത്താണ് യുണൈറ്റഡ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നവംബര്‍ നാലിന് ഫുള്‍ഹാമിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

Content Highlight: Ten hag talks disappointment about Manchester united loss against Newcastle united.