പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയോട് തോല്‍വി വഴങ്ങിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കിയത്.
മത്സരത്തിന് പിന്നാലെ ആരാധകരോട് ക്ഷമാപണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. മത്സരത്തില്‍ താരങ്ങള്‍ പരമാവധി പ്രകടനം കാഴ്‌ചെവെക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ടെന്‍ ഹാഗിന്റെ വാക്കുകള്‍ ഉദ്ധരിച്ച് സെന്റര്‍ ഡെവില്‍സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ആരാധകരെ നിരാശരാക്കിയതില്‍ ക്ഷമ ചോദിക്കുന്നു. ഞങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. പക്ഷെ അതൊന്നും മതിയാകുമായിരുന്നില്ല. ഇതുവരെ ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണ ഇനിയും വേണമെന്നാണ് എനിക്ക് ആരാധകരോട് പറയാനുള്ളത്. നമ്മളെല്ലാവരും ഒരുമിച്ചുണ്ട്, നല്ല ദിവസങ്ങള്‍ വരാനിരിക്കുകയാണ്,’ ടെന്‍ ഹാഗ് പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റിക്കായി എര്‍ലിങ് ഹാലണ്ട് ഇരട്ട ഗോളുകളും ഫില്‍ ഫോഡന്‍ ഒരു ഗോളും നേടി. പ്രീമിയര്‍ ലീഗില്‍ ഇതുവരെ നടന്ന 10 മത്സരങ്ങളില്‍ അഞ്ച് ജയവം മൂന്ന് തോല്‍വിയും രണ്ട് സമനിലയുമായി 15 പോയിന്റോടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
ഇത്രത്തന്നെ മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും രണ്ട് സമനിലയുമായി 24 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്താണ്. രണ്ട് പോയിന്റെ വ്യത്യാസത്തില്‍ ടോട്ടന്‍ഹാം ഹോട്‌സപറാണ് ഒന്നാം സ്ഥാനത്ത്.