| Friday, 8th November 2024, 9:03 am

നിലവാരമില്ല; സംസ്ഥാനത്ത് പാരസെറ്റാമോളിന്റെ പത്ത് ബാച്ചുകള്‍ക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് പാരസെറ്റമോള്‍ ഗുളികളുടെ വിതരണം മരവിപ്പിച്ചു. നിലവാരമില്ലെന്ന പരാതികളെ തുടര്‍ന്നാണ് നടപടി. കേരള മെഡിക്കല്‍ സര്‍വീസസ് മുഖേന സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കാനിരുന്ന ഗുളികകളുടെ വിതരണമാണ് മരവിപ്പിച്ചത്.

പാരസെറ്റാമോളിന് പുറമെ പാന്റപ്രാസോള്‍ ഗുളികകളുടെ വിതരണവും മരവിപ്പിച്ചിട്ടുണ്ട്. പാരസെറ്റാമോളിന്റെ പത്ത് ബാച്ചുകളും പാന്റപ്രാസോളിന്റെ മൂന്ന് ബാച്ചുകളുമാണ് മരവിപ്പിച്ചത്.

കണക്കുകള്‍ അനുസരിച്ച് 65 ലക്ഷം ഗുളികകളുടെ വിതരണമാണ് മുടങ്ങിയത്. ഒരു ബാച്ചില്‍ അഞ്ച് ലക്ഷം ഗുളികകളാണ് ഉണ്ടാകുക. ഇതിന്റെ അടിസ്ഥാനത്തിലാണ് 65 ലക്ഷം ഗുളികകളുടെ വിതരണം മരവിച്ചിട്ടുണ്ടെന്ന് വിലയിരുത്തുന്നത്.

പരാതിയെ തുടര്‍ന്ന് ഓരോ ബാച്ചിലേയും ഗുളികകള്‍ നിലവാര പരിശോധനയ്ക്കായി സംസ്ഥാന ഡ്രഗ്‌സ് ആന്റ് കണ്‍ട്രോള്‍ ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണത്തിനായി എത്തിച്ച ഗുളികള്‍ അതാത് സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവാര പരിശോധന പൂര്‍ത്തിയായതിന് ശേഷം ഗുളികളുടെ വിതരണം പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കവര്‍ പൊട്ടിക്കുമ്പോള്‍ ഗുളികള്‍ പൊടിഞ്ഞ നിലയിലും പൂപ്പല്‍ ബാധിച്ചതായും കണ്ടെത്തിയതോടെയാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തത്.

2023ല്‍ ഗര്‍ഭിണികള്‍ക്ക് പ്രസവ സമയത്ത് നല്‍കുന്ന ഓക്സിടോസിന്‍ ഇന്‍ജക്ഷനും ആരോഗ്യവകുപ്പ് മരവിപ്പിച്ചിരുന്നു. ശീതീകരണ സംവിധാനമില്ലാതെ മരുന്നുകള്‍ അയച്ചത് നിലവാര തകര്‍ച്ചയ്ക്ക് കാരണമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ലബോറട്ടറി പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 25 മരുന്നുകള്‍ നിരോധിക്കുകയും ചെയ്തിരുന്നു. 2023 ഓഗസ്റ്റ് മാസത്തില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ മരുന്നുകളുടെ ബാച്ചുകളുടെ വിതരണവും വില്‍പ്പനയുമാണ് നിരോധിച്ചത്.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നടന്ന നിലവാര പരിശോധനയില്‍ പരാജയപ്പെട്ടതോടെ മെര്‍ക്കുറി, സിറോണ്‍, യുണിക്യുവര്‍, ലെസാം, കെ.എസ്.ഡി.പി തുടങ്ങിയ കമ്പനികള്‍ വിലക്ക് നേരിട്ടിരുന്നു. എന്നാല്‍ വിതരണ സംവിധാനത്തിലെ പിഴവുകളാണ് മരുന്നുകളുടെ നിലവാര തകര്‍ച്ചക്ക് കാരണമാകുന്നതെന്നാണ് കമ്പനികള്‍ ആരോപിച്ചത്.

അതേസമയം അടുത്തിടെ രാജ്യത്തെ സെന്‍ട്രല്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പാരസമെറ്റമോള്‍, പാന്‍ ഡി, കാല്‍സ്യം, വിറ്റമിന്‍ ഡി3, സപ്ലിമെന്റുകള്‍, പ്രമേഹത്തിനുള്ള മരുന്ന് എന്നിവ ഉള്‍പ്പെടെ 48 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു.

സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഓഗസ്റ്റിലെ ഡ്രഗ് അലേര്‍ട്ട് പ്രകാരമാണ് വിവിധ കമ്പനികളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയത്.

Content Highlight: Ten batches of paracetamol banned in state

We use cookies to give you the best possible experience. Learn more