| Tuesday, 1st August 2023, 11:11 am

ഓണം അടുത്തിട്ടും ശമ്പളം കിട്ടിയില്ല; ആശങ്കയില്‍ വലഞ്ഞ് സംസ്ഥാനത്തെ താത്കാലിക അധ്യാപകര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അധ്യയന വര്‍ഷം തുടങ്ങിയിട്ട് രണ്ട് മാസം പൂര്‍ത്തിയായിട്ടും ശമ്പളം കിട്ടാതെ വലഞ്ഞ് സംസ്ഥാനത്തെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ആയിരക്കണക്കിന് താത്കാലിക അധ്യാപകര്‍. ഓണം അടുത്തിട്ടും എപ്പോള്‍ ശമ്പളം കിട്ടുമെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി ഇതുവരെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ല. ശമ്പളം വൈകുന്നതിന് കാരണമായി സാങ്കേതിക പ്രശ്‌നമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ അധ്യയനവര്‍ഷം വരെ സംസ്ഥാന സര്‍ക്കാരിന്റെ ശമ്പളവിതരണ സംവിധാനമായ സ്പാര്‍ക് വഴിയായിരുന്നു താത്കാലിക അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കിയിരുന്നത്. എന്നാല്‍ ഈ അധ്യയനവര്‍ഷം മുതല്‍ ഇത് സ്പാര്‍ക്കില്‍ നിന്നും മാറ്റി.

ഇപ്പോള്‍ താത്കാലിക അധ്യാപകരുടെ ലിസ്റ്റ് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും താത്കാലിക വിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിന്റെ (ഡി.ജി) ഓഫീസിലേക്ക് അയച്ച് നല്‍കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഡയറക്ടര്‍ ജനറലിന്റെ ഓഫീസാണ്
പ്രത്യേക സോഫ്റ്റ്‌വെയറിലേക്ക് ഈ ലിസ്റ്റ് അപ്‌ലോഡ് ചെയ്യുന്ന നടപടികളെല്ലാം ചെയ്യുന്നത്.

ഡയറക്ടര്‍ ജനറലിന്റെ ഓഫീസില്‍ ഇവ ചെയ്യാന്‍ ഒരു ജീവനക്കാരന്‍ മാത്രമുള്ളതാണ് കാലതാമസത്തിന് കാരണം എന്നാണ് അധ്യാപകര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. 12,000 ഓളം താത്കാലിക അധ്യാപകരാണ് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലായി ജോലി ചെയ്യുന്നത്. ഒരു ജീവനക്കാരനെ മാത്രം വെച്ച് അധ്യാപകരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യല്‍ നടക്കുമ്പോള്‍ പ്രക്രിയ പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും ദിവസങ്ങള്‍ എടുക്കാനാണ് സാധ്യത.

ശമ്പളം നല്‍കാന്‍ ഇനിയും രണ്ടാഴ്ച എടുക്കുമെന്നാണ് ഡയറക്ടര്‍ ജനറലിന്റെ ഓഫീസ് അറിയിക്കുന്നത്. ഓണക്കാലത്തും ശമ്പളം കിട്ടില്ലേയെന്ന ആകുലതയിലാണ് അധ്യാപകരെല്ലാം. ശമ്പളം കിട്ടാന്‍ ഇനിയും കാലതാമസമെടുക്കുകയാണെങ്കില്‍ സമരവുമായി പോകേണ്ടിവരുമെന്ന സാഹചര്യം ഉണ്ടാകുമെന്നാണ് അധ്യാപകര്‍ പറയുന്നത്.

എന്നാല്‍, പി.എസ്.സി നിയമനം നടത്താത്തതിനാല്‍ താത്കാലിക അധ്യാപകരെ നിയോഗിച്ചാണ് സംസ്ഥാനത്തെ ഒട്ടുമിക്ക ഗവ. സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ താത്കാലിക അധ്യാപകര്‍ സമരത്തിലേക്ക് കടന്നാല്‍ അത് സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ആകെ ബാധിക്കും.

Content Highlight: Temporary teachers in the state did not get salary

We use cookies to give you the best possible experience. Learn more