| Monday, 10th August 2020, 8:36 pm

വലിയ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്; കരിപ്പൂര്‍ വിമാനത്താവളം അടച്ചു പൂട്ടണോ ? വിവാദങ്ങളും മറുവാദങ്ങളും

അശ്വിന്‍ രാജ്

ആഗസ്ത് 7ന് രാത്രിയിലാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണ് അപകടമുണ്ടായത്. 177 യാത്രക്കാര്‍ ഉള്‍പ്പെടെ 190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും കുഞ്ഞുങ്ങളും ഉള്‍പ്പെടെ 18 പേര്‍ അപകടത്തില്‍ മരിച്ചു.

ഇതിനെ തുടര്‍ന്ന് നിലവില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്റിംഗുമായി ബന്ധപ്പെട്ട് ഡി.ജി.സി.എ. (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) നിയന്ത്രണം ഏര്‍പ്പെടുത്തുകയും ശേഷം ജിദ്ദയില്‍ നിന്ന് എത്തേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിക്കുകയും ചെയ്തു. കരിപ്പൂരില്‍ എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ ജംബോ സര്‍വീസും താത്കാലികമായി പിന്‍വലിക്കുകയാണ് ഉണ്ടായത്.

ഇതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വലിയ വിമാനങ്ങള്‍ വരാതാകുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. അതോടൊപ്പം കോഴിക്കോട് വിമാനത്താവളത്തിന് നേരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. കരിപ്പൂരിലെ വിമാനത്താവളത്തിലെ ടേബിള്‍ ടോപ്പ് റണ്‍വെ, അപകടം വിളിച്ചുവരുത്തുന്നതാണെന്നും വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സൗകര്യം വിമാനത്താവളത്തിന് ഇല്ലെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനങ്ങള്‍.

എന്നാല്‍ വിമാനത്താവളത്തിന് എതിരെ ഉയരുന്നത് തെറ്റായ പ്രചാരണങ്ങളാണെന്ന മറുവാദങ്ങളും ഈ ഘട്ടത്തില്‍ ഉയരുന്നുണ്ട്. വിമാനത്താവളത്തിന് കാലങ്ങളായി അവഗണനയാണ് നേരിടേണ്ടി വരുന്നതെന്നും വിമാനത്താവളത്തിന് എതിരായി കുറെ കാലമായി നടക്കുന്ന സ്ഥാപിത താത്പര്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരം വിമര്‍ശനങ്ങളെന്നുമാണ് കരിപ്പൂര്‍ വിമാനത്താവള സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം നേതാവ് കെ.എം ബഷീര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

കരിപ്പൂര്‍ എയര്‍പോര്‍ട്ട് ചരിത്രം

1988 ഏപ്രില്‍ 13-നാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ബോംബെയിലേക്ക് മാത്രമായിരുന്നു സര്‍വീസ്. 1992 ഏപ്രില്‍ 23-നാണ് ആദ്യ അന്താരാഷ്ട്ര സര്‍വീസ് തുടങ്ങിയത്. ഷാര്‍ജയിലേക്ക് എയര്‍ ഇന്ത്യയാണ് ആദ്യഅന്താരാഷ്ട്ര സര്‍വീസ് നടത്തിയത്. 2006 ഫെബ്രുവരി 2-ന് കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കുകയും ചെയ്തു. സമുദ്രനിരപ്പില്‍ നിന്ന് 104 മീറ്റര്‍ ഉയരത്തില്‍ ടേബിള്‍ ടോപ്പ് റണ്‍വേയുള്ള വിമാനത്താവളമാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. എന്നാല്‍ 2015 ല്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വെ വികസനത്തിനായി മെയ് 1 ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചു. തുടര്‍ന്ന് 2018 ഡിസംബറിലാണ് വീണ്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നത്.

എന്താണ് ടേബിള്‍ ടോപ്പ് വിമാനത്താവളം

ഒരു മേശയുടെ മുകളിലെ പ്രതലം പോലെ ചുറ്റുപാടില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്ന റണ്‍വെ ഉള്ള വിമാനത്താവളങ്ങളെയാണ് ടേബിള്‍ ടോപ്പ് വിമാനത്താവളം എന്ന് പറയുന്നത്. കുന്നിന്‍മുകളിലെ ഭൂമി നിരത്തിയെടുത്തുണ്ടാക്കുന്ന ഇത്തരം റണ്‍വേകള്‍ക്ക് നാല് ഭാഗത്തുമുള്ള പ്രദേശം താഴ്ചയുള്ള സ്ഥലമായിരിക്കും.

ഇന്ത്യയില്‍ മംഗലാപുരം, കോഴിക്കോട്, മിസ്സോറാമിലെ ലെങ്‌പൊയി എന്നിവിടങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗവും സാങ്കേതികമായി ടേബിള്‍ ടോപ്പ് വിമാനത്താവളമെന്ന് പറയാം.

വിമര്‍ശനങ്ങള്‍

നിലവില്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ റണ്‍വേയ്ക്ക് വലിയ വിമാനങ്ങള്‍ വന്നിറങ്ങുന്നതിനുള്ള നീളമില്ലെന്നതാണ് പ്രധാനവിമര്‍ശനം. റണ്‍വെ നവീകരണത്തിനായി തദ്ദേശവാസികളില്‍ നിന്ന് സ്ഥലം ഏറ്റെടുക്കുന്നതിനായി ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിന് പുറമെ റണ്‍വേയില്‍ വെള്ളം കെട്ടികിടക്കുന്നതും റണ്‍വെയില്‍ വിമാനത്തിന്റെ ടയര്‍ ഉരഞ്ഞ് അടിഞ്ഞുകിടക്കുന്ന റബ്ബര്‍ നിക്ഷേപവും ഉള്‍പ്പെടെ 2,860 മീറ്റര്‍ റണ്‍വേയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ ഡി.ജി.സി.എ കണ്ടെത്തുകയും എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

റണ്‍വേയില്‍ വിള്ളലുകളുണ്ടെന്നും അനുവദനീയമല്ലാത്ത ചെരിവുണ്ടെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റണ്‍വേ അറ്റകുറ്റപ്പണിയും നടത്തിയിരുന്നു. അതേസമയം റണ്‍വേയുടെ ഇരുവശങ്ങളിലുമായി 100 മീറ്റര്‍ സ്ഥലം നിര്‍ബന്ധമായി വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍, കരിപ്പൂരില്‍ ഇത് 75 മീറ്റര്‍ മാത്രമാണ് നിലവിലുള്ളത്.

കോഴിക്കോട് വിമാനത്താവളത്തിലെ അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും വ്യോമയാന ഡയറക്ടറേറ്റ് ജനറലിനുമാണ് (ഡി.ജി.സി.എ) എന്നാണ് മംഗളൂരു വിമാനാപകടത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച വ്യോമയാന സുരക്ഷാ ഉപദേശക സമിതി അംഗവും മുന്‍ പൈലറ്റുമായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ പറഞ്ഞത്.

9 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെ 10 ലെ ലാന്റിംഗ് അപകടമാണെന്ന് കേന്ദ്ര വ്യോമയാന അധികൃതര്‍ക്ക് താന്‍ അയച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് മുമ്പ് റണ്‍വേയുടെ നീളം കൂട്ടണമെന്നും അതിന് ശേഷം മാത്രമേ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ പാടുള്ളുവെന്നും മുന്‍ വ്യോമയാന സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ പറഞ്ഞു.

അതേസമയം ഇ.കെ ഭരത് ഭൂഷണ് വ്യോമയാന മേഖലയെ കുറിച്ച് സാങ്കേതികമായ അറിവ് ഇല്ലെന്നും അദ്ദേഹം ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മാത്രമാണെന്നുമാണ് മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍ അഭിപ്രായപ്പെട്ടത്. കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത് താരതമ്യേന ചെറിയ വിമാനമാണെന്നും പൈലറ്റിന്റെ പിഴവോ ടെക്‌നിക്കല്‍ പിഴവോ അല്ലാതെ റണ്‍വെയുടെ പിഴവാണെന്നോ പറയാന്‍ കഴിയില്ലെന്നും കെ.എം ബഷീര്‍ പറഞ്ഞു.

കരിപ്പൂരില്‍ നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ ലാന്റിംഗ് പുനരാരംഭിക്കണമെന്നും വിമാനത്താവളത്തില്‍ എഞ്ചിനിയറിംഗ് മെറ്റിരിയല്‍ അറസ്റ്റിംഗ് സിസ്റ്റം(ഇ.എം.എ.എസ്) സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനവും മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Temporary ban on large aircraft; Should Karipur airport be closed? Controversies and counter-arguments

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more