| Wednesday, 19th April 2023, 8:37 am

റമളാന് വുളു നടത്താന്‍ ഗ്യാന്‍വാപിയില്‍ താത്കാലിക സംവിധാനം; തീരുമാനം സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാണസി: വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് റമളാന് വുളു (ആചാരപരമായ ശുദ്ധീകരണം) നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടം.

ഇതിനായി മസ്ജിദ് പരിസരത്ത് താത്കാലിക ജലസംഭരണി സ്ഥാപിക്കും. റമളാന്‍ പ്രാര്‍ഥനകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച ജില്ലാ ഭരണകൂടവും മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയും വുളുവിനായുള്ള സൗകര്യങ്ങളൊരുക്കുന്നതില്‍ തീരുമാനമെടുത്തിരിക്കുന്നത്.

വുളു നടത്തുന്ന പ്രദേശമുള്‍പ്പെടുന്ന ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗം നിലവില്‍ സീല്‍ ചെയ്ത നിലയിലാണ്. നേരത്തെ നടത്തിയ സര്‍വേയില്‍ പള്ളിയിലെ ജലസംഭരണിയില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പള്ളിയിലെ ഒരു ഭാഗം സീല്‍ ചെയ്തത്.

അത് ശിവലിംഗം അല്ലെന്നും ജലസംഭരണിയ്ക്കുള്ളിലെ ഫൗണ്ടന്‍ ആണെന്നുമാണ് പള്ളി അധികൃതര്‍ പറയുന്നത്. തങ്ങള്‍ക്ക് എല്ലാ ദിവസവും പള്ളി വളപ്പിനുള്ളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പ്രാദേശിക കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസം വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് എസ്. രാജലിംഗമാണ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ യോഗം വിളിച്ചു ചേര്‍ത്തത്. റമളാന് പ്രാര്‍ത്ഥന നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഹരജി പരിഗണിച്ചാണ് വിഷയത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം പുറപ്പെടുവിച്ചത്.

‘ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം ഗ്യാന്‍വാപി മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രതിനിധികളുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുകയുണ്ടായി. അവരുടെ ആവശ്യപ്രകാരം വുസു നടത്തുന്നതിനായി പള്ളി വളപ്പിനുള്ളില്‍ താത്കാലിക സംവിധാനം ഒരുക്കാനുള്ള തീരുമാനം കൈക്കൊണ്ടു. നടന്ന ചര്‍ച്ചകളില്‍ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ സംതൃപ്തരാണ്,’ രാജലിംഗം പറഞ്ഞു.

റമളാന്‍ പ്രാര്‍ത്ഥനകളുമായി ബന്ധപ്പെട്ട വുളു ചെയ്യാനുള്ള സൗകര്യം, താത്കാലിക ശുചിമുറി എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചതായി മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയും അറിയിച്ചു. മുഫ്തി ഇ ബനാറസ് മൗലാന അബ്ദുള്‍ ബതിന്‍ നൊമാനി, ജോയിന്റ് സെക്രട്ടറി എസ്. എം. യാസിന്‍ എന്നിവരാണ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തത്.

‘ജില്ലാ മജിസ്‌ട്രേറ്റ് ഞങ്ങളുടെ ആവശ്യങ്ങളെ അംഗീകരിച്ചു. വുളു നടത്താനുള്ള താത്കാലിക സംവിധാനം ഉടന്‍ തന്നെ നിര്‍മിച്ചു നല്‍കാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്,’ യാസിന്‍ പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിഷയത്തില്‍ യോഗം വിളിച്ചു കൂട്ടാന്‍ വാരാണസി ജില്ലാ കളക്ടറോട് നിര്‍ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

Content Highlights: Temporary arrangements for wuzu during Ramzan at Gyanvapi Masjid complex

We use cookies to give you the best possible experience. Learn more