മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
national news
മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th November 2020, 4:31 pm

മുംബൈ: മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ആരാധനാലയങ്ങളില്‍ പ്രവേശനമനുവദിക്കുകയെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു

നേരത്തെ ദീപാവലിയ്ക്ക് ശേഷം ആരാധനാലയങ്ങള്‍ തുറക്കുമെന്നും പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

മുതിര്‍ന്നവര്‍ കൂടുതലായി എത്തുന്ന സ്ഥലമാണ് ക്ഷേത്രങ്ങളെന്നും രോഗവ്യാപന സാധ്യത ഇവരില്‍ കൂടുതലായതിനാല്‍ ക്ഷേത്രങ്ങള്‍ തുറന്നാലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉത്തരവിട്ടത്. ഈ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണര്‍ ഉദ്ദവിന് കത്തയച്ചത്. ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ദവ് ദേവീ ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നതുള്‍പ്പടെയുള്ള പരാമര്‍ശങ്ങളായിരുന്നു കത്തിലൂടെ ഉന്നയിച്ചത്.

‘നിങ്ങള്‍ ഹിന്ദുത്വത്തിന്റെ ശക്തമായ ഒരു ആരാധകന്‍ ആയിരുന്നു. ആഷാഢ ഏകാദശി നാളില്‍ വിത്തല്‍ രുക്മണി ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ട് ശ്രീരാമനോടുള്ള ഭക്തി നിങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് നീട്ടുക്കൊണ്ടുള്ള നിങ്ങളുടെ തീരുമാനം എന്തെങ്കിലും വെളിപാടിനെ തുടര്‍ന്ന് ചെയ്തതാണോ? അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് മതേതരനായി മാറിയോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്’, എന്നായിരുന്നു കോഷ്യാരി കത്തില്‍ ചോദിച്ചത്.

ബാറുകളും റെസ്റ്റോറന്റുകളും തുറന്ന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് വിരോധാഭാസമാണെന്നും ഭഗത് സിങ് കോഷ്യാരി കത്തില്‍ പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരാധനാലയങ്ങള്‍ വീണ്ടും തുറന്നെന്നും എന്നാല്‍ ഇവിടെയൊന്നും കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.

ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തുറക്കണമെന്നും കത്തില്‍ കോഷ്യാരി പറഞ്ഞിരുന്നു.

എന്നാല്‍ ഗവര്‍ണറുടെ കത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്തെത്തിയിരുന്നു.’എന്റെ ഹിന്ദുത്വത്തെക്കുറിച്ച് നിങ്ങളില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.’ എന്നായിരുന്നു ഉദ്ദവ് പ്രതികരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ നീട്ടിവെച്ചത്. എന്നാല്‍ സാഹചര്യം മനസിലാക്കി പെരുമാറേണ്ട ഗവര്‍ണറില്‍ നിന്നുണ്ടായ ഇത്തരമൊരു സമീപനം ഒട്ടും പക്വമല്ലെന്നും വെറും ബി.ജെ.പി വക്താവായി അദ്ദേഹം തരംതാഴ്ന്നെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Temples Reopen In Maharashtra