| Saturday, 14th December 2024, 9:08 am

ബി.ജെ.പിയുടെ കീഴിൽ ഇന്ത്യയിലെ ക്ഷേത്രങ്ങൾ പോലും സുരക്ഷിതമല്ല: ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും കീഴിൽ ഇന്ത്യയിലെ ക്ഷേത്രങ്ങൾ പോലും സുരക്ഷിതമല്ലെന്ന് ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ. മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ ഹിന്ദുത്വം വോട്ടിന് വേണ്ടി മാത്രമാണെന്ന് താക്കറെ കൂട്ടിച്ചേർത്തു.

ഒപ്പം ന്യൂനപക്ഷങ്ങൾ ആക്രമണങ്ങൾ നേരിടുന്ന ബംഗ്ലാദേശിൽ ഹിന്ദുക്കളെ സംരക്ഷിക്കാൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് പാർലമെൻ്റിനെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസത്തെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ വേളയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ‘ഏക് ഹേ തോ സേഫ് ഹേ’ എന്ന മുദ്രാവാക്യത്തെ പരിഹസിച്ച അദ്ദേഹം ദേശീയ പാർട്ടിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയിൽ ക്ഷേത്രങ്ങൾ പോലും സുരക്ഷിതമല്ലെന്ന് പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും ആക്രമണങ്ങൾ നേരിടുന്ന ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുകയാണെന്ന് താക്കറെ തൻ്റെ പത്രസമ്മേളനത്തിൽ പറഞ്ഞു.

ദാദർ സ്റ്റേഷന് പുറത്തുള്ള ഹനുമാൻ ക്ഷേത്രം പൊളിക്കാൻ റെയിൽവേ നൽകിയ നോട്ടീസിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ചുമട്ടുതൊഴിലാളികൾ നിർമിച്ച 80 വർഷം പഴക്കമുള്ള ദേവാലയം പൊളിക്കാൻ മോദി ശാസനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ഡിസംബർ നാലിന് ക്ഷേത്രത്തിൻ്റെ പൂജാരിക്ക് അയച്ച നോട്ടീസിൽ, കെട്ടിടം കയ്യേറിയ ഭൂമിയിലാണ് നിൽക്കുന്നതെന്നും അനുമതിയില്ലാതെ നിർമിച്ചതാണെന്നും റെയിൽവേ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ബി.ജെ.പി ഹിന്ദുക്കളെ ഉപയോഗിക്കുന്നതെന്ന് ശിവസേന യു.ബി.ടി നേതാവ് ആദിത്യ താക്കറെയും പ്രതികരിച്ചു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

Content Highlight: Temples in India not safe under BJP: Uddhav Thackeray

Latest Stories

We use cookies to give you the best possible experience. Learn more