| Friday, 14th September 2018, 7:39 am

പദ്മനാഭസ്വാമിക്ഷേത്രമടക്കമുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണം വിറ്റ് കേരളത്ത വീണ്ടെടുക്കണമെന്ന് ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ വീണ്ടെടുക്കാന്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണം ഉപയോഗിക്കണമെന്ന് ബി.ജെ.പി എം.പി ഉദിത് രാജ്. ശ്രീപദ്മനാഭസ്വാമിക്ഷേത്രം, ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലെ സമ്പത്ത് ഒരു ലക്ഷം കോടിയിലധികംവരുമെന്നും 21,000 കോടിയുടെ നഷ്ടം നികത്താന്‍ ഇതിലൊരു ഭാഗം ഉപയോഗിക്കാമെന്നുമാണ് വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ എം.പി.യായ ഉദിത് രാജ് പറഞ്ഞത്.

ജനങ്ങള്‍ ഈ ആവശ്യം ഉന്നയിക്കണമെന്നും ആളുകള്‍ മരിക്കുകയും രോഗബാധിതരാവുകയും ചെയ്യുമ്പോള്‍ അത്തരം സമ്പത്തിന്റെ ഉപയോഗം മറ്റെന്തിനാണെന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു.


Read Also : ദല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന് ഇ.വി.എം നല്‍കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍


നേരത്തെ പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനസൃഷ്ടിക്കായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ഉപയോഗിച്ചുകൂടേയെന്ന് ദേവ്ദത്ത് പട്നായികും ചോദിച്ചിരുന്നു.
“കേരളം പ്രതിസന്ധിയിലായതിനാല്‍ ദൈവത്തിന്റെ സ്വത്ത് (പത്മനാഭസ്വാമി ക്ഷേത്രത്തിലെ) ദൈവത്തിന്റെ സ്വന്തം നാടിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു കൂടേ, പ്രത്യേകിച്ച് കേന്ദ്രത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വില കുറഞ്ഞ തരംതാണ രീതിയില്‍ ആകുമ്പോള്‍…? സര്‍ക്കാരും സംസ്ഥാനവും, പുരോഹിതരും ജനങ്ങളും ഇതിന് അനുവദിക്കില്ലേ”.ട്വിറ്ററില്‍ കുറിച്ചിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ കോടിക്കണക്കിന് രൂപയുടെ നിധിയുണ്ടെന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു.

750 കിലോ സ്വര്‍ണനാണയങ്ങള്‍, ആയിരക്കണക്കിന് സ്വര്‍ണമാലകള്‍, ആയിരക്കണക്കിന് അമൂല്യ രത്‌നങ്ങള്‍, രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം, രത്‌നം പൊതിഞ്ഞ ചതുര്‍ബാഹു അങ്കി, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 സ്വര്‍ണ കലശക്കുടങ്ങള്‍, സ്വര്‍ണ മണികള്‍, സ്വര്‍ണ ദണ്ഡുകള്‍ ഇവ കൂടാതെ 42,000 വിശുദ്ധ വസ്തുക്കള്‍ എന്നിവയാണ് നിലവറകളില്‍ നിന്നും കണ്ടെത്തിയത്. ലക്ഷം കോടി രൂപ വിലവരുന്ന നിധി കണ്ടെത്തിയതോടെ ക്ഷേത്രത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more