ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായിരുന്ന എം. കരുണാനിധിയുടെ പേരില്‍ ക്ഷേത്രം വരുന്നു. നിരീശ്വരവാദിയായിരുന്ന കരുണാനിധിയുടെ പേരില്‍ തമിഴ്‌നാട്ടിലെ നാമക്കലിലാണ് ക്ഷേത്രം നിര്‍മിക്കാനൊരുങ്ങുന്നത്.
ദളിത് വിഭാഗത്തില്‍പ്പെട്ട അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ടവരാണു ക്ഷേത്രം നിര്‍മിക്കാനൊരുങ്ങുന്നത്.
കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്തു തങ്ങള്‍ക്കു വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ നിയമനത്തിലും മൂന്നുശതമാനം പ്രത്യേക സംവരണം നല്‍കിയതിനുള്ള ആദരസൂചകമായാണ് അരുന്ധതിയാര്‍ വിഭാഗക്കാര്‍ ക്ഷേത്രനിര്‍മാണത്തിനൊരുങ്ങുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
30 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ഇതിന്റെ ഭൂമിപൂജ ഇന്നലെ നാമക്കല്‍ കുച്ചിക്കാട് ഗ്രാമത്തില്‍ നടത്തി. ഡി.എം.കെയുടെ വനിതാ വിഭാഗത്തോടൊപ്പം ചേര്‍ന്നാണ് ക്ഷേത്രനിര്‍മാണം. കലൈഞ്ജര്‍ തങ്ങളുടെ കുലദൈവമാണെന്ന് വനിതാ വിഭാഗം നേതാക്കള്‍ പറഞ്ഞു.
2009-ലാണ് മുഖ്യമന്ത്രിയായിരിക്കെ കരുണാനിധി അരുന്ധതിയാര്‍ സമുദായത്തിനു സംവരണം ഏര്‍പ്പെടുത്തിയത്. ദളിതര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 18 ശതമാനം സംവരണത്തിനു പുറമേയാണിത്.
അരുന്ധതിയാര്‍, ചക്കിലിയാന്‍, മദരി, മഡിഗ, പഗഡൈ, തൊടി, ആദി ആന്ധ്ര എന്നീ ഉപജാതികള്‍ അരുന്ധതിയാര്‍ വിഭാഗത്തിലാണ്. ഇവര്‍ക്കെല്ലാം സംവരണം ബാധകമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ഏഴിനായിരുന്നു കരുണാനിധി അന്തരിച്ചത്. അഞ്ചുവട്ടമാണ് അദ്ദേഹം തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവി അലങ്കരിച്ചത്. 1969 മുതല്‍ മരണം വരെ ഡി.എം.കെ നേതൃത്വവും വഹിച്ചിരുന്നു.