| Tuesday, 28th November 2023, 6:36 pm

ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ മുസ്‌ലിം എം.എല്‍.എയുടെ സന്ദര്‍ശനം; 'ശുദ്ധീകരണം' നടത്തി ഹിന്ദു സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ മുസ്‌ലിം എം.എല്‍.എ സയ്യിദ ഖര്‍ട്ടൂണിന്റെ സന്ദര്‍ശനത്തിനു പിന്നാലെ യു.പിയിലെ സിദ്ധാര്‍ത്ഥനഗറിലെ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരിച്ച് ഹിന്ദു സംഘടനകളും പൗരസമിതിയും.

ധൂംമരിയഗന്‍ജ് എം.എല്‍.എ സയ്യിദ ഖര്‍ട്ടൂണ്‍ ‘ഷട്ട്ചന്‍ണ്ടി മഹായാഗ’ത്തില്‍ പങ്കെടുക്കാന്‍ പ്രദേശവാസികളുടെ ക്ഷണപ്രകാരം സമയ് മാതാ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. എം.എല്‍.എയുടെ സന്ദര്‍ശനം എതിര്‍ത്ത ഹിന്ദു സംഘടന നേതാക്കള്‍ അവര്‍ മടങ്ങിപോയശേഷം മന്ത്രങ്ങള്‍ ജപിച്ച് ഗംഗാജലം ഉപയോഗിച്ച് ക്ഷേത്രം ശുദ്ധീകരിക്കുകയായിരുന്നു.

ക്ഷേത്രം സ്ഥിതിചെയ്യുന്ന ബദാനി ചഫയുടെ നഗര്‍ പഞ്ചായത്ത് മേധാവി ധരംരാജ് വര്‍മ്മയാണ് ശുദ്ധീകരണത്തിന് നേതൃത്വം നല്‍കിയത്. നീതികെട്ട ചില ആളുകളാണ് എം.എല്‍.എയെ ക്ഷണിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

‘സയ്യിദ ഖാട്ടൂണ്‍ ഒരു മുസ്ലിം ആയതിനാലും പശുവിന്റെ മാംസം കഴിക്കുന്നതിനാലും ഈ പുണ്യസ്ഥലത്തേക്കുള്ള അവരുടെ സന്ദര്‍ശനം ക്ഷേത്രത്തെ അശുദ്ധമാക്കി. ശുദ്ധീകരണത്തിന് ശേഷം ഈ സ്ഥലം ഇപ്പോള്‍ പൂര്‍ണമായും ശുദ്ധവും ആരാധനയ്ക്ക് അനുയോജ്യവുമാണ്,’വര്‍മ പറഞ്ഞു.

ജനപ്രതിനിധി എന്ന നിലയില്‍ എല്ലാ മതവിഭാഗങ്ങളുമായും ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് തുടരുമെന്നും അത്തരം പ്രവര്‍ത്തികളില്‍ നിന്ന് പിന്മാറില്ലെന്നും സയ്യിദ ഖട്ടൂണ്‍ പി.ടി.ഐയോട് പറഞ്ഞു.

‘ഈ പ്രദേശത്തെ നിരവധി ബ്രാഹ്മണരും സന്യാസിമാരും ഏകദേശം പത്ത് ദിവസം മുമ്പ് സമയ് മാതാ ക്ഷേത്രത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഞാന്‍ പ്രദേശത്തെ എല്ലാ ജനങ്ങളുടെയും നിയമസഭാംഗമാണ്.അതുകൊണ്ട് ക്ഷണിച്ചാല്‍ എല്ലായിടത്തും പോകും,’ എം.എല്‍.എ പറഞ്ഞു.

ധരംരാജ് വര്‍മ്മയ്ക്ക് ബി.ജെ.പിയുമായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ച വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു യുവവാഹിനിയുമായും അടുത്ത ബന്ധമുണ്ടെന്ന് അവര്‍ പറഞ്ഞു.

മഹായജ്ഞത്തിന് എം.എല്‍.എയെ ക്ഷണിച്ചിരുന്നുവെന്നും അവര്‍ വൈകുന്നേരമാണ് ക്ഷേത്രത്തിലെത്തിയതെന്നും പൂജാരി ശ്രീകൃഷ്ണ ശുക്ല പറഞ്ഞു.

‘എം.എല്‍.എ കുറച്ചുനേരം ക്ഷേത്രത്തില്‍ നില്‍ക്കുകയും സമൂഹത്തിലെ സൗഹാര്‍ദത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ വര്‍മ്മയും സംഘവും ഇവിടെയെത്തി അവളെ എന്തിനാണ് വിളിച്ചതെന്ന് എന്നോട് ചോദിച്ചു. അവളുടെ സാന്നിധ്യം കാരണം ക്ഷേത്രം അശുദ്ധമായെന്ന് പറഞ്ഞു. തുടര്‍ന്ന് അവര്‍ ഗംഗാജലം തളിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി,’ ശുക്ല പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ഒരു മുസ്ലിം മന്ത്രി വിഷ്ണുപദ് ക്ഷേത്രത്തില്‍ പ്രവേശിച്ചതിനു ശേഷം ബീഹാറില്‍ സമ്മാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു.

CONTENT HIGHLIGHT :  Temple ‘purified’ with Gangajal after Muslim MLA’s visit in UP

 

We use cookies to give you the best possible experience. Learn more