ബ്രാഹ്മണനല്ലാത്തതിനാല്‍ പൂജാരിക്ക് മര്‍ദ്ദനം
Kerala
ബ്രാഹ്മണനല്ലാത്തതിനാല്‍ പൂജാരിക്ക് മര്‍ദ്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2013, 11:39 am

[]കണ്ണൂര്‍: ബ്രാഹ്മണനല്ലാത്തതിനാല്‍ ക്ഷേത്ര പൂജാരിക്ക് ഒരു സംഘം നാട്ടുകാരുടെ മര്‍ദ്ദനം. കണ്ണൂര്‍ തലശ്ശേരിയിലെ ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിലെ പൂജാരി രാജേഷിനെയാണ് ബ്രാഹ്മണനല്ലാത്തതിന്റെ പേരില്‍ മര്‍ദ്ദിക്കുകയും ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തത്.

നവംബര്‍ നാലിനാണ് രാജേഷിനെ പൂജാരിയായി ക്ഷേത്ര ട്രസ്റ്റ് നിയമിച്ചത്. ആദ്യ ദിവസങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അബ്രാഹ്മണനല്ലാത്ത തന്നെ പൂജാരിയായി നിയമിച്ചതില്‍ ചിലര്‍ക്കുളള എതിര്‍പ്പാണ് മര്‍ദ്ദനത്തിന് കാരണമെന്നും രാജേഷ് പറയുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് രാജേഷ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും പൂജ മുടക്കി മര്‍ദ്ദിച്ച് ക്ഷേത്രത്തില്‍ നിന്ന് ഇറക്കി വിടുകയുമായിരുന്നെന്നാണ് രാജേഷിന്റെ പരാതി.

രാജേഷിനെ ക്ഷേത്രത്തില്‍ നിന്നും അടിച്ചിറക്കിയ സംഘം ക്ഷേത്രത്തില്‍ മറ്റൊരു തന്ത്രിയെ കൊണ്ട് ശുദ്ധികലശം നടത്തി. താന്‍ ബ്രാഹ്മണനല്ലെന്ന കാര്യം മറച്ച് വെച്ചതിനാലാണ് മര്‍ദ്ദിച്ചതെന്നാണ് ഇവരുടെ വിശദീകരണം.

കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി രാജേഷ് വിവിധയിടങ്ങളില്‍ പൂജാരിയായി ജോലി ചെയ്തിട്ടുണ്ട്. പൂജാവിധികള്‍ ശാസ്ത്രീയമായി പഠിച്ചതിന് ശേഷമാണ് രാജേഷ് ഇത് ഉപജീവനമാര്‍ഗമാക്കിയത്.