| Tuesday, 21st November 2017, 12:10 am

അയോധ്യയിലെ ക്ഷേത്രവും ലക്നൗവിലെ പള്ളിയും; പുതിയ സമാധാന ഫോര്‍മുലയുമായി ഷിയാ വഖഫ് ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: രാമജന്‍മ ഭൂമി തര്‍ക്കം പരിഹരിക്കുന്നതിന് പുതിയ ഫോര്‍മുലയുമായി ഷിയാ വഖഫ് ബോര്‍ഡ്. അയോധ്യയില്‍ ക്ഷേത്രം ഉയരുന്നതിനോടൊപ്പം 135 കിലോമീറ്റര്‍ അകലെ ലക്നൗവില്‍ സമാദാനത്തിന്റെ പള്ളിയും ഉയര്‍ന്നാല്‍ മതിയെന്നതാണ് പരിഹാര മാര്‍ഗമായി ഷിയാ വിഭാഗത്തിന്റെ പുതിയ നിലപാട്.

തങ്ങളുടെ അഭിപ്രായം കോടതിയല്‍ അറിയിക്കുമെന്നും ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി പറഞ്ഞു. അയോധ്യയിലെ 2.7 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കുന്നതിന് സുപ്രീം കോടതി ഡിസംബര്‍ അഞ്ചിന് അവസാന റൗണ്ട് വാദം കേള്‍ക്കും.


Also Read: ‘ഹാദിയ വീട്ടില്‍ നേരിടുന്നത് കടുത്ത നിയന്ത്രണങ്ങള്‍’; ഹാദിയയെ കാണാന്‍ പിതാവ് അനുവദിച്ചില്ലെന്ന് വനിതാ കമ്മീഷന്‍


വിവിധ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത ശേഷം അയോധ്യയില്‍ രാമക്ഷേത്രം പണിയാനും ഒപ്പം ലക്നൗവിലെ മസ്ജിദ് നിര്‍മ്മിക്കാനായും നിര്‍ദേശം തയ്യാറാക്കിയിട്ടുണ്ടെന്നും റിസ്വി തിങ്കളാഴ്ച പറഞ്ഞു. മുഗള്‍ കാലഘട്ടത്തിലെ പള്ളിയായ ബാബരി മസ്ജിദ് 1992 ഡിസംബര്‍ 6 നു സംഘപരിവാര്‍ വര്‍ഗീയ വാദികള്‍ തകര്‍ത്തിരുന്നു. തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ 3000 ത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

വി.എ.ച്ച്.പി ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ റിസ്വിയുടെ ഫോര്‍മുല അംഗീകരിച്ചെങ്കിലും ഭൂരിപക്ഷം മുസ്‌ലിങ്ങളും നിര്‍ദേശത്തെ എതിര്‍ത്തു. ഈ നിര്‍ദേശം ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ഷിയാ നേതാവ് മൗലാനാ ഖല്‍ബി ജവാദ് പറഞ്ഞു.

തര്‍ക്കത്തിലിരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ടും ഹിന്ദു വിഭാഗത്തിന്റെ അവകാശവാദങ്ങളെ തള്ളിക്കളയുകയും ചെയ്യുന്ന സുന്നി ബോര്‍ഡിന് എതിരാണ് ഈ നിര്‍ദേശം. നിരവധി സമാധാന ഫോര്‍മുലകള്‍ മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും അയോധ്യയില്‍ നിന്ന് വളരെ ദൂരം ഒരു പള്ളി പണിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത് ഇതാദ്യമാണ്.


Dont Miss: തിരുവനന്തപുരം മേയറെ അക്രമിച്ച സംഭവം; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍


അയോധ്യയില്‍ രാമന്‍ ജനിച്ചു. പ്രശ്ന പരിഹാരത്തിനായി എല്ലാ മത നേതാക്കളെയും ഞങ്ങള്‍ കാണുമെന്നും 2018 മുതല്‍ ക്ഷേത്രത്തില്‍ പണി തുടങ്ങാന്‍ സുന്നി ബോര്‍ഡിനോട് സംസാരിക്കുമെന്നും ലക്നൗവിലെ ഒരു പത്രസമ്മേളനത്തില്‍ അഖില ഭാരതീയ അഖാറ പരിഷത്തിന്റെ തലവന്‍ നരേന്ദ്രഗിരി പറഞ്ഞിരുന്നു. .

അയോധ്യയിലെ ഏറ്റവും ആദരിക്കപ്പെട്ട രാമന്റെ ജന്മ സ്ഥലത്ത് നിന്ന് മാറി ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് മസ്ജിദ് നിര്‍മ്മിക്കുമെന്ന് ഷിയ ബോര്‍ഡ് സുപ്രീംകോടതിയില്‍ നല്‍കിയ മറ്റൊരു സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more