ജയ്പൂര്‍: മധ്യപ്രദേശില്‍ തക്കിയ മസ്ജിദ് ഉള്‍പ്പെടെ 250ലധികം കെട്ടിടങ്ങള്‍ തകര്‍ത്ത് ജില്ലാ ഭരണകൂടം. മഹാകാല്‍ ക്ഷേത്രത്തിന്റെ ഇടനാഴി വിപുലീകരിക്കുന്ന പദ്ധതിയുടെ ഭാഗമാണ് പൊളിക്കല്‍ നടപടി. ഉജ്ജയിന്‍ ജില്ലാ പഞ്ചായത്തിലെ അധികൃതരാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത്.
രണ്ടര ഹെക്ടര്‍ സ്ഥലത്ത് നിലനില്‍ക്കുന്ന കെട്ടിടങ്ങളെയാണ് പൊളിക്കല്‍ നടപടി ബാധിച്ചിരിക്കുന്നത്. ഏകദേശം 255 കെട്ടിടങ്ങള്‍ പൊളിച്ചതായാണ് വിവരം. നിസാമുദ്ദീന്‍ സെറ്റില്‍മെന്റിലാണ് നടപടി തുടരുന്നത്.
ക്ഷേത്രത്തിന്റെ സമീപത്തായി പാര്‍ക്കിങ് സൗകര്യവും ഹാളും നിര്‍മിക്കുന്നതിനായാണ് സ്ഥലത്തെ വീടുകള്‍ ഉള്‍പ്പെടെ തകര്‍ത്തത്. 2028ല്‍ നടക്കാനിരിക്കുന്ന കുംഭ് പരിപാടിയും ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
അഡീഷണല്‍ ജില്ലാ കളക്ടര്‍ അനുകുല്‍ ജെയിന്‍, അഡീഷണല്‍ എസ്.പി നിതേഷ് ഭാര്‍ഗവ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പൊളിക്കല്‍ നടപടി നടന്നത്.
ബുള്‍ഡോസറുകളും പോര്‍സലൈന്‍ മെഷീനുകളും ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ തകര്‍ത്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹവും സ്ഥലത്ത് ഉണ്ടായിരുന്നു.
അതേസമയം വീടുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജില്ലാ ഭരണകൂടം 33 കോടി രൂപ നഷ്ടപരിഹാരം നല്‍കിയതായും വിവരമുണ്ട്. 66 കോടി രൂപയാണ് നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശത്തെ 17 കെട്ടിടങ്ങള്‍ പൊളിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതില്‍ ഒരു ആരാധനാലയവും ഉള്‍പ്പെടുന്നു. കോടതിയില്‍ നിന്ന് സ്റ്റേ അനുവദിച്ച് കിട്ടിയവരുടെ വീടുകളും കെട്ടിടങ്ങളും പൊളിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.
വെള്ളിയാഴ്ച വീടുകള്‍ ഒഴിയണമെന്ന് അധികൃതര്‍ സെറ്റില്‍മെന്റിലെ ആളുകള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പൊളിക്കല്‍ നടപടി ആരംഭിച്ചത്.
Content Highlight: Temple expansion; More than 250 buildings, including a mosque, were demolished in Madhya Pradesh