കൊച്ചി: കൊച്ചിയിലെ ക്ഷേത്ര പ്രവേശന വിളംബരത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ പ്രവേശിച്ച നാലംഗ ദളിത് സംഘത്തിലെ കോട്ടപ്പുറത്ത് കെ. കൃഷ്ണന്‍ അന്തരിച്ചു. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ വൃശ്ചികോത്സവ ദിവസമായ ഇന്നലെയാണ് അദ്ദേഹം അന്തരിച്ചത്.
ക്ഷേത്ര പ്രവേശനവിളംബര സമയത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു കെ. കൃഷ്ണന്‍. തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ നാലാം ക്ലാസില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സഹപാഠികളായ പത്മാക്ഷന്‍, കുഞ്ഞപ്പന്‍, തങ്കപ്പന്‍ എന്നിവരോടൊപ്പമാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്.
കോട്ടപ്പുറത്തെ കര്‍ഷകത്തൊഴിലാളികളായ കുമാരന്റെയും മാധവിയുടെയും മക്കളില്‍ മൂത്തമകനായാണ് ജനനം. ക്ഷേത്രപ്രവേശനത്തിന് ശേഷമാണ് അദ്ദേഹം പുരോഗമന പ്രസ്ഥാനത്തിന്റെ അംഗമാവുന്നത്. കല്ലുവെച്ചുകാട് നടന്ന കര്‍ഷകത്തൊഴിലാളി സമരത്തിനും നേതൃത്വം നല്‍കിയിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ സജീവ പ്രവര്‍ത്തകനായി മാറിയ കൃഷ്ണന്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ തൃപ്പൂണിത്തുറ വില്ലേജ് സെക്രട്ടറി, സി.പി.ഐ.എം കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിന്നാക്ക ജാതിയില്‍പ്പെട്ടവരെ വേര്‍തിരിക്കുകയും പ്രത്യേക ക്ലാസ് മുറി നല്‍കി മാറ്റി നിര്‍ത്തിയ അക്കാലത്ത് ക്ഷേത്ര പ്രവേശന വിളംബരത്തെ കുറിച്ച് അറിഞ്ഞാണ് കൃഷ്ണനും സുഹൃത്തുക്കളും ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തൃപ്പൂണിത്തുറ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര വാതിലിലൂടെ പ്രവേശിച്ച ഇവരെ കണ്ട ഉയര്‍ന്ന ജാതിയില്‍പ്പെട്ട ആളുകള്‍ ഓടിമാറി. എന്നാല്‍ പുരോഗമന പ്രസ്ഥാനത്തില്‍ അംഗങ്ങളായ ചിലര്‍ അവരെ സ്വീകരിക്കുകയും ക്ഷേത്രത്തിന് ചുറ്റും കാണാന്‍ അവസരമൊരുക്കുകയുമായിരുന്നു.
1936ല്‍ തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചിരുന്നുവെങ്കിലും കൊച്ചിയില്‍ 1947 ഡിസംബര്‍ 20നാണ് വിളംബരം വന്നത്. എന്നാല്‍ ഈ പ്രവേശന വിളംബരത്തില്‍ നിന്നും പൂര്‍ണത്രയീശ ക്ഷേത്രത്തെ ഒഴിവാക്കിയിരുന്നു.
കിഴക്കേക്കോട്ടയിലെ സ്‌കൂളുകളിലേക്കുള്ള വഴികള്‍ ഉപയോഗിക്കാന്‍ പോലും ദളിതര്‍ക്ക് അനുവാദമില്ലായിരുന്നു. അതിനാല്‍ തന്നെ ക്ഷേത്രത്തിന് പിന്‍വശത്ത് കോട്ടപ്പുറത്ത് താമസിച്ചിരുന്ന കൃഷണനുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെല്ലാം സ്‌കൂളില്‍ പോവാന്‍ മറ്റ് വഴികളായിരുന്നു സ്വീകരിച്ചിരുന്നത്.
കോട്ടപ്പുറത്തെ പുഴ കടന്ന് താലൂക്കാശുപത്രിക്ക് പിന്നിലൂടെ അന്ധകാരത്തോട് കടന്നാണ് സ്‌കൂളിലേക്ക് പോയി കൊണ്ടിരുന്നത്. സ്റ്റാച്യൂ ജങ്ക്ഷനിലും ഇവര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
അതേസമയം പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ പറവെക്കാന്‍ ദളിതര്‍ക്ക് കഴിയുമായിരുന്നു. ഏരൂര്‍ പിഷാരിക്കോവിലിന് കിഴക്കുഭാഗത്തായിരുന്നു പറവെക്കാന്‍ അവര്‍ക്ക് അനുവാദം ലഭിച്ചിരുന്നതെങ്കിലും പറ എഴുന്നള്ളിപ്പ് വരുമ്പോള്‍ ഓടിമാറുകയും ചെയ്യണമായിരുന്നു.
ഇന്ന് പകല്‍ 11.30ന് മൃതദേഹം കോട്ടപ്പുറത്തെ വീട്ടിലെത്തിക്കും. തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ പകല്‍ 12 മണിയോടെയാണ് സംസ്‌ക്കാരം. പരേതയായ സുമതിയാണ് ജീവിത പങ്കാളി. മക്കള്‍ മണി, സുഗുണന്‍, സുലേഖ, പരേതയായ കമല. ശാന്ത, ഉഷ. അശോകന്‍, അനിരുദ്ധന്‍ എന്നിവര്‍ മരുമക്കളാണ്.
Content Highlight: Temple entry four members.k. Krishna passed away