പാലക്കാട് പാടൂര്‍ വേലക്കിടെ എഴുന്നള്ളിപ്പിനെത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി ക്ഷേത്രഭരണകമ്മിറ്റി. ആന ഇടഞ്ഞെന്ന പ്രചരണം നിഷേധിച്ച ഭാരവാഹികള്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ പിറകില്‍ നിന്ന വേറൊരു ആന ഇടഞ്ഞതിനെ തുടര്‍ന്ന് രാമചന്ദ്രന്‍ മുന്നോട്ടാഞ്ഞതാണെന്നും, ഇതാണ് ആന ഇടഞ്ഞതായി ആളുകള്‍ പ്രചരിപ്പിച്ചതെന്നും കമ്മിറ്റി അംഗങ്ങള്‍ ആരോപിച്ചു.
‘രാമന് പിറകില്‍ ഉണ്ടായിരുന്ന ആന ചിന്നം വിളിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ ചിതറി ഓടാന്‍ തുടങ്ങി. ഇതിനിടയില്‍പ്പെട്ടാണ് രാമചന്ദ്രന്റെ പാപ്പാന്‍ രാമന്‍ നിലത്ത് വീണത്. നിലത്ത് വീണ പാപ്പാന്റെ മുകളിലൂടെ ആളുകള്‍ ഓടാന്‍ തുടങ്ങിയതോടെ രാമചന്ദ്രന്‍ രണ്ടടി മുന്നോട്ട് നീങ്ങി.
ഇതിനെയാണ് ആന ഇടഞ്ഞെന്ന തരത്തില്‍ ചിലയാളുകള്‍ പറഞ്ഞ് പരത്തിയത്. രാമചന്ദ്രനെ എഴുന്നള്ളത്തില്‍ നിന്ന് മാറ്റാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്,’ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.ബി. ബിനോയ് പറഞ്ഞു.
ആളുകളുടെ ചവിട്ടേറ്റാണ് തനിക്ക് പരിക്ക് പറ്റിയതെന്നും, ആനയെ ഇന്നലെ രാത്രിയോടെ തന്നെ തിരിച്ച് തെച്ചിക്കോട്ടുകാവില്‍ എത്തിച്ചെന്നും പാപ്പാന്‍ രാമനും പ്രതികരിച്ചു.
പാടൂര്‍ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. എഴുന്നള്ളത്തിന് ആനപന്തലില്‍ അണിനിരന്നതിന് ശേഷമായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനം ചിതറിയോടുകയും പാപ്പാന്‍ രാമന് പുറമെ വേലക്കെത്തിയ നാട്ടുകാരായ രാധിക, അനന്യ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ എലിഫന്റ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ആനയെ തളച്ചത്. നിലവില്‍ ആനക്ക് യാതൊരു ആരോഗ്യപ്രശ്‌നവുമില്ലെന്നാണ് തെച്ചിക്കോട്ടുകാവ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
Content Highlight: Temple committee comment on techikottu kaavu ramachandran