| Sunday, 28th May 2017, 10:52 am

മലപ്പുറത്ത് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള സംഘപരിവാര്‍ നീക്കം തകര്‍ന്നു; ക്ഷേത്രത്തില്‍ കയറി വിഗ്രഹം തകര്‍ത്തയാള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: റംസാന്‍ മാസം തുടങ്ങുമ്പോള്‍ തന്നെ മലപ്പുറം ജില്ലയില്‍ കലാപമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ ശ്രമം തകര്‍ന്നു. നിലമ്പൂര്‍ പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തയാളെ അറസ്റ്റ് ചെയ്തതിലൂടെയാണ് വന്‍ കലാപത്തിനുള്ള നീക്കം തടയാന്‍ കഴിഞ്ഞത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

റംസാന്‍ ഒന്നായ ഇന്നലെ നടന്ന സംഭവത്തിന് പിന്നില്‍ മുസ്‌ലിങ്ങളാണെന്ന തരത്തില്‍ വ്യാപകമായ പ്രചരണങ്ങളാണ് സംഘപരിവാര്‍ നടത്തിയത്. എന്നാല്‍ പ്രതി പിടിയിലായതോടെ സംഘപരിവാറിന്റെ കലാപനീക്കങ്ങള്‍ പൊളിഞ്ഞു.


Also Read: എം.ബി രാജേഷ് എം.പിയെ തെറ്റിദ്ധരിപ്പിച്ച് ചര്‍ച്ചക്കെത്തിച്ച് അര്‍ണബ് ഗോസ്വാമി; അര്‍ണബ് ആര്‍.എസ്.എസിന്റെ മീഡിയാ ഗുണ്ടയെന്ന് എം.പി


ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ നടത്തിയിരുന്നു. സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞു. എം.എല്‍.എ പി.വി അന്‍വര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗവും അലങ്കോലപ്പെട്ടിരുന്നു.

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് ശ്രീകോവിലിന്റെ ഓട് ഇളകിയിരിക്കുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്നാണ് വിഗ്രഹങ്ങള്‍ തകര്‍ത്തതായി കണ്ടെത്തിയത്. ക്ഷേത്രത്തിലെ രണ്ട് ശ്രീകോവിലുകളുടേയും വാതില്‍ തകര്‍ത്താണ് അക്രമി അകത്ത് കയറിയത്.


Don”t Miss: ‘ഡാ മലരേ, കാളേടെ മോനെ…’ കശാപ്പ് നിരോധനത്തില്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം


എന്നാല്‍, ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്ക് എതിരെയുള്ള തന്റെ പ്രതിഷേധമായിരുന്നു ഇതെന്ന് രാജാറാം മോഹന്‍ദാസ് പൊലീസിന് മൊഴി നല്‍കി. മറ്റ് ക്ഷേത്രങ്ങളിലും ഇയാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 43-കാരനായ രാജാറാമിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലുള്ള സ്‌ക്വഡിനെ വച്ച് അന്വേഷണം വിപുലപ്പെടുത്തുമെന്ന് ഐ.ജി അജിത് കുമാര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. മോഹനചന്ദ്രന്‍, വണ്ടൂര്‍ സി.ഐ എ.ജെ ജോണ്‍സണ്‍, നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ, എടക്കര സി.ഐ സന്തോഷ്, എസ്.ഐമാരായ ജോതിന്ദ്രകുമാര്‍, മനോജ് പറയറ്റ, സുനില്‍ പുളിക്കല്‍, ടി.പി ശിവദാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എം.എസ്.പി ക്യാംപിലെ ഉള്‍പ്പെയുള്ള മുന്നൂറോളം പൊലിസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more