കാസര്‍ഗോഡ്: സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ കാസര്‍ഗോഡ് സുര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. കയ്യൂര്‍ മുഴക്കോം സ്വദേശി വലിയ പൊയിലില്‍ കുഞ്ഞിക്കണ്ണന്‍ (92) ആണ് മരിച്ചത്.
വീടിന് സമീപത്ത് നിന്നാണ് സൂര്യാഘാതമേറ്റത്. ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു അദ്ദേഹം. ഉച്ചയ്ക്ക് 2.30യോടെയായിരുന്നു അപകടമുണ്ടായത്.
കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് റിപ്പോര്‍ട്ടുണ്ട്. സാധാരണയുള്ളതിനേക്കാള്‍ 2,3 ഡിഗ്രി ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2025 മാര്‍ച്ച് എട്ട്, ഒമ്പത് തീയതികളില്‍ ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷത്തിന് കാരണമാവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും പറയുന്നു.
അതേസമയം താപനില ഉയരുന്നതിനൊപ്പം തന്നെ ചിലയിടങ്ങളില്‍ മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
Content Highlight: Temperatures rise in the state; one death due to sunstroke in Kasaragod