| Tuesday, 5th March 2019, 9:08 am

കോഴിക്കോട് രണ്ട് ദിവസം ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അന്തരീക്ഷ താപനില ഉയരുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സാധാരണ ദിനങ്ങളില്‍നിന്ന് നാല് ഡിഗ്രിവരെ ചൂട് കൂടുമെന്നതിനാല്‍ ത്വക്ക് രോഗങ്ങളടക്കമുള്ള അസ്വസ്ഥതകള്‍, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

പകല്‍ 11 മുതല്‍ 3.30 വരെയുള്ള സമയം കൂടുതല്‍ ജാഗ്രത വേണം. ഈ സമയം പുറത്തിറങ്ങുന്നവര്‍ക്ക് സൂര്യാതപം ഏല്‍ക്കാനുള്ള സാഹചര്യം ഏറെയാണ്.

പൊതുജനങ്ങളും തൊഴില്‍ദാതാക്കളും സുരക്ഷാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണം. ഉത്തര, മധ്യകേരളത്തിലെ മറ്റ് പ്രദേശങ്ങളിലും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ALSO READ: ഇന്ത്യയുമായുള്ള നികുതിരഹിത വ്യാപാര ബന്ധം ഉപേക്ഷിക്കുമെന്ന് അമേരിക്ക

നിര്‍മാണ സൈറ്റുകളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും കുടിവെള്ളം, അത്യാവശ്യ മരുന്നുകള്‍, ഒ.ആര്‍.എസ്, ഐസ് പാക്കുകള്‍, വിശ്രമസൗകര്യം എന്നിവ ഏര്‍പ്പെടുത്തണം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കാന്‍ അവരുടെ ഭാഷയിലുള്ള ലഘുലേഖകള്‍ നല്‍കണം.

നിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന കാര്യം ലേബര്‍ ഓഫീസര്‍മാര്‍ പരിശോധിക്കണം. സൂര്യാഘാതമേറ്റാല്‍ ജില്ലാ കളക്ടറടക്കമുള്ളവരെ വിവരമറിയിക്കണം.

നിര്‍ദ്ദേശങ്ങള്‍

തീവ്രമായ ചൂടുള്ളസമയത്ത് കാലികളെ മേയാന്‍ വിടരുത്, കാലികള്‍ക്ക് ജലലഭ്യത ഉറപ്പാക്കണം. സ്‌കൂള്‍ അസംബ്ലികള്‍ ഒഴിവാക്കുകയോ സമയം കുറയ്ക്കുകയോ ചെയ്യണം.

പി.ഇ.ടി. പീരിയഡുകള്‍ നിയന്ത്രിക്കുക, തുറസ്സായ സ്ഥലങ്ങളിലെ കളി ഒഴിവാക്കുക, കലാകായിക പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക, വിദ്യാലയങ്ങളില്‍ ജലവും മറ്റു സൗകര്യങ്ങളുമേര്‍പ്പെടുത്തുക, ക്ലാസ്മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കുക, അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷാ പരിശീലനം നല്‍കുക

തദ്ദേശ വകുപ്പ് ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കും പൊതുജനത്തിനും ജലലഭ്യത ഉറപ്പാക്കുക, പൊതുവൃക്ഷങ്ങള്‍ ഉണങ്ങിപ്പോകുന്നത് തടയാന്‍ വെള്ളമൊഴിക്കാന്‍ സംവിധാനമൊരുക്കുക, വനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ജലലഭ്യത ഉറപ്പാക്കുക, ജലം തേടി കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങാനുള്ള സാധ്യത തടയുക.

ALSO READ: ആദിവാസികളെ വനത്തില്‍ നിന്ന് കുടിയൊഴിപ്പിക്കരുത്; ഇന്ന് ഭാരത് ബന്ദ്

കാട്ടുതീ സാധ്യതയ്‌ക്കെതിരേ പ്രതിരോധ നടപടിയെടുക്കുക, തീവ്രമായ വെയിലുള്ള സമയത്ത് പൊലീസുകാര്‍ക്ക് കുട ഉപയോഗിക്കാന്‍ സൗകര്യം നല്‍കുക, സ്റ്റീല്‍കുപ്പിയില്‍ വെള്ളം കരുതുക, വിനോദസഞ്ചാര മേഖലയില്‍ എല്ലാഭാഷകളിലുമുള്ള ലഘുലേഖകള്‍ വിതരണംചെയ്യുക, അടിയന്തര ശുശ്രൂഷയ്ക്കുള്ള കിയോസ്‌കുകള്‍ തയ്യാറാക്കുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more