Sports News
അടിക്കാനുള്ള വടിയെടുത്ത് പിന്നേം അവരുടെ കയ്യില്‍ കൊടുക്ക്! നാണക്കേടിന്റെ റെക്കോഡില്‍ ഇനി ഡി കോക്കിനും ഡുമ്‌നിക്കുമൊപ്പം
ടി-20 ഫോര്‍മാറ്റില്‍ നാണക്കേടിന്റെ റെക്കോഡുമായി സൂപ്പര്‍ താരം തെംബ ബാവുമ. കുട്ടി ക്രിക്കറ്റില്‍ നാഷണല്‍ ജേഴ്‌സിയില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായതിന്റെ മോശം റെക്കോഡാണ് ബാവുമ സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായതിന് പിന്നാലെയാണ് ഈ മോശം റെക്കോഡ് ബാവുമയെ തേടിയെത്തിയത്. മാര്‍കസ് സ്റ്റോയ്‌നിസിന്റെ പന്തില്‍ ട്രാവിസ് ഹെഡിന് ക്യാച്ച് നല്‍കിയാണ് കഴിഞ്ഞ മത്സരത്തില്‍ താരം മടങ്ങിയത്. ഇത് ആറാം തവണയാണ് ബാവുമ ടി-20യില്‍ പൂജ്യത്തിന് പുറത്താകുന്നത്.
ഇതിന് മുമ്പ് സൂപ്പര്‍ താരങ്ങളും ആറ് തവണ ഡക്കായി പുറത്തായിരുന്നു. സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്ക്, പ്രോട്ടീസ് ലെജന്‍ഡ് ജീന്‍ പോള്‍ ഡുമ്‌നി, ആന്‍ഡിലെ പെഹ്‌ലുക്വായോ എന്നിവരാണ് ഇതിന് മുമ്പ് ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായത്. ഈ പട്ടികയിലേക്കാണ് ബാവുമയും ഇപ്പോള്‍ ഓടിയെത്തിയിരിക്കുന്നത്.
ഫീല്‍ഡിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും താരത്തിന്റെ ബാറ്റിങ് ഇപ്പോഴും ചോദ്യചിഹ്നമായി തുടരുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സില്‍വര്‍ ഡക്കായി പുറത്തായ ബാവുമ രണ്ടാം മത്സരത്തില്‍ 17 പന്തില്‍ നിന്നും 35 റണ്‍സാണ് നേടിയത്.
മോശം ബാറ്റിങ് പ്രകടനത്തിന് പിന്നാലെ താരത്തിനെതിരെ വീണ്ടും വിമര്‍ശനമുയരുകയാണ്. ഇതിന് മുമ്പും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കറുത്ത വര്‍ഗക്കാരനായതിന്റെ പേരില്‍ മാത്രമാണ് ബാവുമ ടീമില്‍ ഇടം നേടുന്നത് എന്നടക്കം വിമര്‍ശകര്‍ പറഞ്ഞിരുന്നു. എന്നാല്‍ വരും മത്സരങ്ങളില്‍ താരം ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
അതേസമയം, കിങ്‌സ്മീഡില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു പ്രോട്ടീസിന്റെ പരാജയം. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് 13 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്കായി അരേങ്ങറ്റക്കാരന്‍ ഡോണോവന്‍ ഫെരേര, ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം, റീസ ഹെന്‍ഡ്രിക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. ഫെരേര 21 പന്തില്‍ 41 റണ്‍സ് നേടിയപ്പോള്‍ 30 പന്തില്‍ 42 റണ്‍സുമായി ഹെന്‍ഡ്രിക്‌സും 23 പന്തില്‍ 41 റണ്‍സുമായി മര്‍ക്രവും പുറത്തായി.
191 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഓസീസിന് ആദ്യ പന്തില്‍ തന്നെ മാത്യു ഷോര്‍ട്ടിനെ നഷ്ടമായി. ഏയ്ഡന്‍ മര്‍ക്രമിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു താരത്തിന്റെ മടക്കം.
എന്നാല്‍ ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ച്വറിയും ജോഷ് ഇംഗ്ലിസ്, മാര്‍കസ് സ്റ്റോയ്‌നിസ് എന്നിവരുടെ വെടിക്കെട്ടും സന്ദര്‍ശകര്‍ക്ക് തുണയായി. ഹെഡ് 48 പന്തില്‍ 91 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലിസ് 22 പന്തില്‍ 42 റണ്‍സും സ്റ്റോയ്‌നിസ് 21 പന്തില്‍ 37 റണ്‍സും സ്വന്തമാക്കി. ഒടുവില്‍ 13 പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കെ ഓസീസ് വിജയം സ്വന്തമാക്കുകയായിരുന്നു.
സെപ്റ്റംബര്‍ ഏഴിനാണ് ഓസ്‌ട്രേലിയ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരക്ക് തുടക്കമാകുന്നത്. തെംബ ബാവുമയാണ് ഏകദിനത്തില്‍ ആതിഥേയരെ നയിക്കുന്നത്. ടി-20 പരമ്പരയിലെ മോശം പ്രകടനം കാറ്റില്‍ പറത്തി ബാവുമയും സൗത്ത് ആഫ്രിക്കയും മടങ്ങിവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്.
Content Highlight: Temba Bavuma tops the list of ducks for South Africa in T20