നിലവില്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തുള്ളത് സൗത്ത് ആഫ്രിക്കയാണ്. ചാമ്പ്യന്‍ഷിപ്പിലെ 10 മത്സരത്തില്‍ നിന്ന് ആറ് വിജയവും മൂന്ന് തോല്‍വിയും ഒരു തോല്‍വിയും ഉള്‍പ്പെടെ 76 പോയിന്റാണ് പ്രോട്ടയാസിന് ഉള്ളത്.
പല ക്രിക്കറ്റ് നിരീക്ഷകരും ഇപ്പോള്‍ പറയുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സൗത്ത് ആഫ്രിക്ക ഉറപ്പായും സ്ഥാനം പിടിക്കുമെന്നാണ്. ഇപ്പോള്‍ സൗത്ത് ആഫ്രിക്കയുടെ സ്റ്റാര്‍ ബാറ്ററും റെഡ് ബോള്‍ ക്യാപ്റ്റനുമായ തെമ്പ ബാവുമ തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
റെഡ് ബോള്‍ കളിക്കാരുടെ ലോകകപ്പാണ് ഇതെന്നും, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലാണ് തങ്ങളുടെ ലക്ഷ്യമെന്നും തുറന്ന് പറയികയായിരുന്നു താരം.
‘ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റെഡ് ബോള്‍ കളിക്കാര്‍ക്കുള്ള ലോകകപ്പാണ്. അതിന്റെ ഫൈനലില്‍ എത്താന്‍ വ്യക്തമായ ലക്ഷ്യങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്ക് അതിനുള്ള മികച്ച അവസരമാണിത്. അതിനോട് വളരെ അടുത്താണ് ഞങ്ങളിപ്പോള്‍.
ഞങ്ങള്‍ ഒരു ടീമെന്ന നിലയില്‍ കുറച്ച് നല്ല ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അത് തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ എല്ലായ്പ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു,’ തെമ്പ ബാവുമ പറഞ്ഞു.
ഇനി പ്രോട്ടിയാസിന് പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് വരാനിരിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ഒരു ടെസ്റ്റില്‍ ജയിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് തങ്ങളുടെ ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാം.
Content Highlight: Temba Bavuma Talking About World Test Championship