Sports News
ഇതിലും വലിയ നിര്‍ഭാഗ്യവാനെ കാണിച്ചുതരുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ് ഡാ; ക്യാപ്റ്റന്‍സിയേറ്റെടുത്ത് കണ്ണീരോടെ ബാവുമ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 02, 05:57 am
Thursday, 2nd March 2023, 11:27 am

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെയും ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയുടെയും ഇടയില്‍ ക്രിക്കറ്റ് ആരാധകര്‍ മനഃപൂര്‍വമല്ലെങ്കില്‍ പോലും മറന്ന ഒരു ടെസ്റ്റ് പരമ്പരയും ഇപ്പോള്‍ നടക്കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡിസും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് സെഞ്ചൂറിയനില്‍ തുടരുകയാണ്.

തെംബ ബാവുമ സൗത്ത് ആഫ്രിക്കയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയേറ്റെടുത്തിന് ശേഷമുള്ള ആദ്യ മാച്ചാണിത്. എന്നാല്‍ ബാറ്റിങ്ങില്‍ തകര്‍ന്നടിയുന്ന ബാവുമയായിരുന്നു സെഞ്ചൂറിയനിലെ കാഴ്ച.

പരമ്പരയിലെ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും ഡക്കായി മടങ്ങാനായിരുന്നു ക്യാപ്റ്റന്‍ ബാവുമയുടെ വിധി. ആദ്യ ഇന്നിങ്‌സില്‍ സില്‍വര്‍ ഡക്കായി മടങ്ങിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡക്കായിട്ടായിരുന്നു ബാവുമ പുറത്തായത്.

ആദ്യ ഇന്നിങ്‌സില്‍ അല്‍സാരി ജോസഫ് ബാവുമയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയായിരുന്നു പുറത്താക്കിയതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ ജോഷ്വാ ഡ സില്‍വയുടെ കൈകളിലെത്തിച്ച് ജോസഫ് തന്നെ ബാവുമയെ മടക്കി.

ക്യാപ്റ്റന്‍സിയേറ്റെടുത്തതിന് ശേഷം ഇത്രയും മോശം പ്രകടനം പുറത്തെടുക്കേണ്ടി വന്ന ഹതഭാഗ്യവാനായ മറ്റൊരു താരം ഉണ്ടാകില്ല എന്നാണ് ക്രിക്കറ്റ് ലോകം ഒന്നാകെ പറയുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പ്രോട്ടീസ് ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗറിന്റെയും എയ്ഡന്‍ മര്‍ക്രമിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.

എല്‍ഗര്‍ 118 പന്തില്‍ നിന്നും 11 ബൗണ്ടറിയുള്‍പ്പെടെ 71 റണ്‍സ് നേടിയപ്പോള്‍ 147 പന്തില്‍ നിന്നും 18 ഫോറിന്റെ അകമ്പടിയോടെ 115 റണ്‍സ് നേടിയാണ് മര്‍ക്രം പുറത്തായത്.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ അടക്കമുള്ളവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ പ്രോട്ടീസ് 342 റണ്‍സില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

വിന്‍ഡീസിനായി അല്‍സാരി ജോസഫ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കെമര്‍ റോച്ച്, കെല്‍ മയേഴ്‌സ്. ഷാനന്‍ ഗബ്രിയേല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 212 റണ്‍സിന് പുറത്തായി. 62 റണ്‍സ് നേടിയ റെയ്മന്‍ റെയ്ഫറാണ് ടോപ് സ്‌കോറര്‍.

രണ്ടാം ഇന്നിങ്‌സ് കളിയാരംഭിച്ച പ്രോട്ടീസിന് എല്‍ഗറിനെയും ടോണി ഡി സോര്‍സിയെയും തെംബ ബാവുമയെയും കീഗന്‍ പീറ്റേഴ്‌സണെയും നഷ്ടമായിരിക്കുകയാണ്. 35 റണ്ണുമായി മര്‍ക്രമാണ് ക്രീസിലുള്ളത്.

രണ്ടാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ 49ന് നാല് എന്ന നിലയിലാണ് പ്രോട്ടീസ്.

 

Content Highlight: Temba Bavuma’s unlucky dismissals