ഒരുകാലത്ത് ക്രിക്കറ്റ് ആരാധകര്‍ ഏറെ വെറുപ്പോടെ മാത്രം പറഞ്ഞിരുന്ന പേരാണ് സൗത്ത് ആഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയുടേത്. ദക്ഷിണാഫ്രിക്കയുടെ പരാജയങ്ങള്‍ക്ക് കാരണം ബാവുമയാണെന്നും സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള സംവരണം കാരണമാണ് ബാവുമ ടീമില്‍ കടിച്ചുതൂങ്ങുന്നത് എന്നുമായി വിമര്‍ശനങ്ങളേറെ താരത്തിന് കേള്‍ക്കേണ്ടി വന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ ചില മത്സരങ്ങളിലായി താരത്തിന്റെ തിരിച്ചുവരവാണ് ക്രിക്കറ്റ് ലോകം കണ്ടത്. അവസാനം കളിച്ച നാല് ഏകദിനത്തില്‍ (വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ഒരു ഏകദിനം ഉപേക്ഷിച്ചിരുന്നു) നാലിലും ബാവുമയുടെ സ്‌ട്രൈക്ക് റേറ്റ് നൂറിന് മുകളിലായിരുന്നു, ഒപ്പം രണ്ട് തകര്‍പ്പന്‍ സെഞ്ച്വറിയും.
വിമര്‍ശനങ്ങളില്‍ തളര്‍ന്നുപോകാതെ ഫീനിക്‌സ് പക്ഷിയെ പോലെ കുതിച്ചുയര്‍ന്ന ബാവുമക്കിപ്പോള്‍ രക്ഷകന്റെ പരിവേഷമാണ് പ്രോട്ടീസ് ആരാധകര്‍ നല്‍കുന്നത്. തന്നെ വിമര്‍ശിച്ചവരെ കൊണ്ട് പോലും കയ്യടിപ്പിച്ച തെംബ ബാവുമ മാജിക്കാണ് ആരാധകര്‍ കണ്ടത്.
സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് പരമ്പരയിലായിരുന്നു ബാവുമയുടെ സ്വരൂപം ആരാധകര്‍ ശരിക്കും കണ്ടത്. 50 ഓവറില്‍ 342 റണ്‍സ് നേടിയ ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്കയെ അനായാസം തോല്‍പിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ അവരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് ബാവുമ അവതരിക്കുകയായിരുന്നു.
14 ബൗണ്ടറിയും ഒരു സിക്‌സറുമായി കളം നിറഞ്ഞാടവെ സാം കറന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുമ്പോള്‍ ബാവുമയുടെ പേരിന് നേരെ എഴുതിച്ചേര്‍ക്കപ്പെട്ടത് 102 പന്തില്‍ 109 റണ്‍സാണ്. ആ വെടിക്കെട്ടിന്റെ ബലത്തില്‍ പ്രോട്ടീസ് അനായാസം വിജയിച്ചു കയറി.
പരമ്പരയിലെ ആദ്യ മത്സരത്തിലും ബാവുമ തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. 28 പന്തില്‍ നിന്നും നാല് ബൗണ്ടറിയും ഒരു സിക്‌സറുമായി 36 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ താരം നേടിയത്.
36 (28), 109 (102), 35 (27) എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ബാവുമ നേടിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍സിയേറ്റെടുത്തതിന് പിന്നാലെ ആദ്യ മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും ഡക്കായി മടങ്ങിയതോടെ ആരാധകര്‍ വീണ്ടും കടുപ്പിച്ചു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയടക്കം സ്വന്തമാക്കി മത്സരത്തിന്റെ താരമായിട്ടായിരുന്നു ബാവുമയുടെ തിരിച്ചുവരവ്.
വിന്‍ഡീസിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ഏകദിനം ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടായിരുന്നു ഇരുടീമും ഇറങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഷായ് ഹോപ്പിന്റെ ബാറ്റിങ് കരുത്തില്‍ ഹോപ് നിലനിര്‍ത്തി. 115 പന്തില്‍ നിന്നും പുറത്താവാതെ 128 റണ്‍സായിരുന്നു ഹോപ് നേടിയത്. റോവ്മന്‍ പവല്‍ 49 പന്തില്‍ നിന്നും 46 റണ്‍സും നിക്കോളാസ് പൂരന്‍ 41 പന്തില്‍ നിന്നും 39 റണ്‍സും നേടിയപ്പോള്‍ എട്ട് വിക്കറ്റിന് 335 എന്ന സ്‌കോറാണ് കരീബിയന്‍സ് തങ്ങളുടെ പേരിന് നേരെ കുറിച്ചത്.
വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടീസിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. ക്വിന്റണ്‍ ഡി കോക്കും ബാവുമയും ചേര്‍ന്ന് 76 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഡി കോക്കിനെ പുറത്താക്കി കൈല്‍ മയേഴ്‌സ് കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയെത്തിയ റിയാന്‍ റിക്കല്‍ട്ടണ്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പുറത്തായി.
ഒരുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ക്യാപ്റ്റന്‍ ബാവുമ സംഹാരതാണ്ഡവമാടുകയായിരുന്നു. പിന്തുണക്കാന്‍ ഒരാള്‍ പോലുമില്ലാത്ത സാഹചര്യത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും തന്റെ ഉത്തരവാദിത്തം അദ്ദേഹം പൂര്‍ണമായും നിറവേറ്റി.
ഓപ്പണറായി ഇറങ്ങിയ ബാവുമ ഒമ്പതാമനായാണ് പുറത്താകുന്നത്. അല്‍സാരി ജോസഫിന്റെ പന്തില്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കി പവലിയലിലേക്ക് തിരികെ നടക്കുമ്പോള്‍ 118 പന്തില്‍ നിന്നും 11 ബൗണ്ടറിയും ഏഴ് സിക്‌സറുമായി 144 റണ്‍സാണ് ബാവുമ നേടിയത്.
മത്സരത്തില്‍ 48 റണ്‍സിന് പരാജയപ്പെട്ടെങ്കിലും ആരാധകരുടെ മനം നിറച്ചാണ് ബാവുമ മടങ്ങിയത്. വരും മത്സരങ്ങളില്‍ ഇതേ സ്ഥിരത നിലനിര്‍ത്താന്‍ ബാവുമക്കായാല്‍ മോഡേണ്‍ ഡേ ക്രിക്കറ്റിലെ വണ്‍ ഓഫ് ദി ഗ്രേറ്റ് എന്ന പട്ടവും വൈകാതെ ബാവുമയെ തോടിയെത്തിയേക്കും.