Sports News
ബാക്കി പത്ത് പേരും എക്‌സ്ട്രാസും അടക്കം കിട്ടിയത് 108, ഇവര്‍ ഒറ്റക്ക് അടിച്ചെടുത്തത് 114; മോഡേണ്‍ ഡേ മാസ്റ്റര്‍ ക്ലാസ്
മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച ചെറുത്ത് നില്‍പിനാണ് കഴിഞ്ഞ ദിവസം മംഗൗങ് ഓവല്‍ സാക്ഷിയായത്. ക്യാപ്റ്റന്‍സ് ഇന്നിങ്‌സ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ സാധിക്കുന്ന പ്രകടനം പുറത്തെടുത്ത പ്രോട്ടീസ് നായകന്‍ തെംബ ബാവുമയുടെ പ്രകടനത്തിനാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ കയ്യടി ഉയരുന്നത്.
ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് ക്രിക്കറ്റ് ലോകം ബാവുമയുടെ അസാമാന്യ ചെറുത്ത് നില്‍പിന് സാക്ഷ്യം വഹിച്ചത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് വേണ്ടി ക്യാപ്റ്റന്‍ തെംബ ബാവുമയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ആദ്യ വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല.
ആദ്യ വിക്കറ്റില്‍ 19 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഡി കോക്ക് മടങ്ങി. 31 പന്തില്‍ 11 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ റാസി വാന്‍ ഡെര്‍ ഡുസെനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. 16 പന്തില്‍ എട്ട് റണ്‍സെടുത്ത് നില്‍ക്കവെ ആര്‍.വി.ഡി റണ്‍ ഔട്ടായി മടങ്ങി.
14 പന്തില്‍ 19 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും 19 പന്തില്‍ 14 റണ്‍സുമായി ഹെന്റിച്ച് ക്ലാസനും വലിയ ചലനങ്ങളുണ്ടാക്കാതെ കടന്നുപോയി. വെടിക്കെട്ട് വീരന്‍ ഡേവിഡ് മില്ലര്‍ നേരിട്ട രണ്ടാം പന്തില്‍ ജോഷ് ഹെയ്‌സല്‍വുഡിന് വിക്കറ്റ് സമ്മാനിച്ചും പവലിയനിലേക്ക് തിരിച്ചുനടന്നു.
എന്നാല്‍ ഒരു വശത്ത് വിക്കറ്റ് വീണുകൊണ്ടേയിരിക്കുമ്പോഴും മറുവശത്ത് ക്യാപ്റ്റന്‍ തെംബ ബാവുമ ഇന്നിങ്‌സ് പടുത്തുയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച ബാവുമ സാഹചര്യം മനസിലാക്കി അതിനനുസരിച്ച് ബാറ്റ് വീശി.
റെസ്‌പെക്ട് ചെയ്യേണ്ട പന്തുകളെ റെസ്‌പെക്ട് ചെയ്തും അറ്റാക്ക് ചെയ്യേണ്ട പന്തുകളെ അറ്റാക് ചെയ്തും താരം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
ഡേവിഡ് മില്ലര്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ മാര്‍കോ യാന്‍സെനായിരുന്നു ബാവുമക്ക് അല്‍പമെങ്കിലും പിന്തുണ നല്‍കിയത്. ടീം സ്‌കോര്‍ നൂറില്‍ നില്‍ക്കവെ ഒന്നിച്ച ഇരുവരും 57 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
പ്രോട്ടീസ് നിരയിലെ നിര്‍ണായകമായ ഈ കൂട്ടുകെട്ട് പൊളിച്ചത് ജോഷ് ഹെയ്‌സല്‍വുഡാണ്. 37ാം ഓവറിലെ അവസാന പന്തില്‍ യാന്‍സനെ ക്ലീന്‍ ബൗള്‍ഡാക്കിക്കൊണ്ടാണ് ഹെയ്‌സല്‍വുഡ് ഓസീസിന് ബ്രേക് ത്രൂ നല്‍കിയത്. 40 പന്തില്‍ നിന്നും 32 റണ്‍സ് നേടിയാണ് യാന്‍സെന്‍ പുറത്തായത്.
യാന്‍സെന്‍ പുറത്തായെങ്കിലും വാലറ്റക്കാരെ ഒരുവശത്ത് നിര്‍ത്തി ബാവുമ റണ്ണടിച്ചുകൊണ്ടേയിരുന്നു. ഒറ്റയക്കത്തിന് ടീമിന്റെ ലോവര്‍ ഓര്‍ഡര്‍ കൂടാരം കയറുമ്പോഴും ഓപ്പണറായി കളത്തിലിറങ്ങിയ ബാവുമ ക്രീസില്‍ നിലയുറപ്പിച്ചു.
ഒടുവില്‍ 49 ഓവറില്‍ ടീം സ്‌കോര്‍ 222ല്‍ നില്‍ക്കവെ ആതിഥേയരുടെ അവസാന വിക്കറ്റും നിലംപൊത്തിയപ്പോഴും ക്യാപ്റ്റന്‍ മറുവശത്ത് പുറത്താകാതെ നിന്നു.
142 പന്തില്‍ 14 ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 114 റണ്‍സാണ് ബാവുമ നേടിയത്. 80.28 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
ടീം ടോട്ടലിന്റെ സിംഹഭാഗവും പിറന്നത് ആ അഞ്ചടി നാലിഞ്ചുകാരന്റെ ബാറ്റില്‍ നിന്നുമായിരുന്നു. പ്രോട്ടീസ് നിരയിലെ മറ്റ് പത്ത് താരങ്ങളും എക്‌സ്ട്രാ ഇനത്തില്‍ ലഭിച്ച റണ്‍സും കൂടി ചേര്‍ക്കുമ്പോള്‍ 108 റണ്‍സാണ് പിറന്നതെങ്കില്‍ 114 റണ്‍സാണ് ബാവുമ ഒറ്റയ്ക്ക് നേടിയത്. അതായത് ടീം സ്‌കോറിന്റെ 51.35 ശതമാനം റണ്‍സും നേടിയതും ബാവുമ തന്നെയാണ്.
223 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഓസീസ് കണ്‍കഷന്‍ സബ്ബായി കളത്തിലിറങ്ങിയ മാര്‍നസ് ലബുഷാന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചുകയറുകയായിരുന്നു.
ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ബാവുമയുടെ പ്രകടനം ആരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. വരാനിരിക്കുന്ന ലോകകപ്പിലും ആരാധകരെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നതും ബാവുമയുടെ പ്രകടനങ്ങള്‍ തന്നെയാണ്.
Content Highlight: Temba Bavuma’s incredible batting performance against Australia