തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏജന്റിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈനിക ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.
ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടിയെ പ്രശംസിക്കുകയാണ് തെലുങ്ക് പ്രേക്ഷകര്‍. അഖില്‍ അക്കിനേനിയാകാള്‍ ടീസറില്‍ സ്‌കോര്‍ ചെയ്തത് മമ്മൂട്ടി ആണെന്നാണ് ടീസര്‍ കണ്ട ശേഷം നിരവധി തെലുങ്ക് പ്രേക്ഷകര്‍ ട്വീറ്റ് ചെയ്യുന്നത്.
അതേസമയം അഖില്‍ അക്കിനേനിയെ തമാശ രൂപേണ ട്രോളിയും നിരവധി പേര്‍ എത്തുന്നുണ്ട്. ചിത്രത്തിലെ നായകന്‍ താന്‍ ആണെന്നും തന്നെ പറ്റി ആരും സംസാരിക്കുന്നില്ലല്ലോ എന്നാവും അഖില്‍ അക്കിനേനി കരുതുക എന്നും ട്രോളുന്നവര്‍ നിരവധിയാണ്.
സ്‌ക്രീന്‍ പ്രെസെന്‍സ് കുടുതല്‍ ഉണ്ടായിരുന്നത് മമ്മൂട്ടിക്കായിരുന്നു എന്നും, ടീസറിലെ മമ്മൂട്ടിയുടെ മാസ് ലുക്ക് ഏറെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നവരും ഏറെയാണ്.
അതേസമയം ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 65 ലക്ഷത്തിലധികം പേര്‍ ഇതുവരെ ടീസര്‍ കണ്ടുകഴിഞ്ഞു. പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം സുരേന്ദര്‍ റെഡ്ഢിയാണ് സംവിധാനം ചെയ്യുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്.
2019ല്‍ പുറത്തിറങ്ങിയ യാത്രയാണ് മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച തെലുങ്ക് ചിത്രം. പുഴുവാണ് ഒടുവില്‍ മലയാളത്തിലെത്തിയ മമ്മൂട്ടി ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റൊഷാക്ക് എന്നിവയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.