Film News
രാംചരണിന്റെ കരിയര്‍ ബെസ്റ്റ്, ആര്‍.ആര്‍.ആര്‍ ഇതിഹാസം; വാനോളം പുകഴ്ത്തി അല്ലു അര്‍ജുനും മഹേഷ് ബാബുവും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 27, 02:03 pm
Sunday, 27th March 2022, 7:33 pm

ബാഹുബലിക്ക് ശേഷം വന്ന രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ആഘോഷമാക്കുകയാണ്. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും ആദ്യമായി ഒന്നിച്ച ആര്‍.ആര്‍.ആര്‍ മികച്ച അഭിപ്രായത്തോടൊപ്പം കളക്ഷന്‍ റെക്കോഡുകളും മറികടക്കുകയാണ്.

ചിത്രത്തിന് ആശംസകളുമായി തെലുങ്ക് സൂപ്പര്‍ താരങ്ങളായ അല്ലു അര്‍ജുനും മഹേഷ് ബാബുവും എത്തിയിരിക്കുകയാണ്.

‘ആര്‍.ആര്‍.ആര്‍ ടീമിന് ആശംസകള്‍. ഗംഭീര സിനിമ. ഞങ്ങളുടെ അഭിമാനമായ എസ്.എസ്. രാജമൗലിയുടെ വിഷനോട് ആദരവ് തോന്നുന്നു. എന്റെ സഹോദരന്‍ രാംചരണിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് അഭിമാനമുണ്ടാക്കുന്നതാണ്. പവര്‍ഹൗസായ എന്റെ ബാവക്കും(ജൂനിയര്‍ എന്‍.ടി.ആര്‍) സ്‌നേഹം അറിയിക്കുന്നു,’ എന്നാണ് അല്ലു അര്‍ജുന്‍ ട്വീറ്റ് ചെയ്തത്.

‘പല തരത്തിലുള്ള സിനിമകളുണ്ട്. പിന്നെ എസ്.എസ്. രാജമൗലി സിനിമകളും. ആര്‍.ആര്‍.ആര്‍ അതൊരു ഇതിഹാസമാണ്. ഗംഭീരമായ ദൃശ്യങ്ങളും സംഗീതവും വികാരങ്ങളുമെല്ലാം അവിശ്വസനീയവും അതിശയിപ്പിക്കുന്നതുമാണ്,’ മഹേഷ് ബാബു ട്വീറ്റ് ചെയ്തു.

അതേസമയം ഇന്ത്യന്‍ സിനിമയിലേക്ക് കളക്ഷന്റെ കാര്യത്തില്‍ പുതിയ റെക്കോഡുള്‍ സൃഷ്ടിക്കുകയാണ് ആര്‍.ആര്‍.ആര്‍. ആദ്യദിനം തന്നെ 200 കോടിയിലധികമാണ് ചിത്രം ലോകമെമ്പാടുനിന്നും കളക്ട് ചെയ്തത്.

തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്. ഹിന്ദി പതിപ്പ് 23 കോടിയും കന്നഡ പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും മലയാളം പതിപ്പ് 4 കോടിയും ആദ്യദിനം നേടി.

കൂടാതെ യു.എസ്, യു.കെ, ഓസ്‌ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ആര്‍.ആര്‍.ആറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യദിനത്തിലെ വിദേശ കളക്ഷന്‍ മാത്രം 70 കോടിയോളം വരും. ഇതെല്ലാം ചേര്‍ത്ത് ചിത്രം നേടിയ ആദ്യദിന ആഗോള ഗ്രോസ് 250 കോടിക്ക് അടുത്ത് വരും. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

റാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് നയിക. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.

Content Highlight: Telugu superstars Allu Arjun and Mahesh Babu appreciate rrr movie