Film News
രാജമൗലിയുടെ സിനിമയില്‍ അഭിനയിക്കാനാവില്ല, പാന്‍ ഇന്ത്യന്‍ ലെവലാണെന്ന് തെളിയിക്കാനുള്ള ആഗ്രഹമില്ല: ചിരഞ്ജീവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 03, 06:29 pm
Monday, 3rd October 2022, 11:59 pm

സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ ചിത്രത്തില്‍ അഭിനയിക്കാനാവില്ലെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. രാജമൗലിയുടെ സിനിമയില്‍ അഭിനയിച്ച് ഞാന്‍ പാന്‍ ഇന്ത്യന്‍ ലെവലാണെന്ന് തെളിയിക്കാനുള്ള ആഗ്രഹം തനിക്കില്ലെന്ന് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ചിരഞ്ജീവി പറഞ്ഞു.

‘രാജ്യത്തെ തന്നെ ഏറ്റവും മികച്ച സംവിധായകനാണ് രാജമൗലി. ബാഹുബലി, ആര്‍.ആര്‍.ആര്‍ എന്നീ ചിത്രങ്ങള്‍ കൊണ്ട് ഇന്ത്യന്‍ സിനിമയെ ഇന്റര്‍നാഷണല്‍ ചാര്‍ട്ടിലേക്ക് എത്തിച്ചു. സിനിമയെ പറ്റി വലിയ ബോധ്യങ്ങളുള്ള വ്യക്തിയാണ് അദ്ദേഹം. സിനിമയുടെ ഔട്ട്പുട്ടില്‍ രാജമൗലി ഒരു കോംപ്രമൈസും ചെയ്യില്ല.

ഒരു സിനിമക്കായി രാജമൗലി എടുക്കുന്ന സമയമുണ്ട്. അത്രയും സമയം എനിക്ക് നല്‍കാനാവുമോ എന്നറിയില്ല. അദ്ദേഹം ഒരു സിനിമക്ക് വേണ്ടി നാലോ അഞ്ചോ വര്‍ഷം യാത്ര ചെയ്യും. ഞാന്‍ ഒരേ സമയം നാല് സിനിമകള്‍ ചെയ്യാറുണ്ട്. ഒരു സിനിമക്ക് വേണ്ടി മൂന്നാല് വര്‍ഷം ചെലവഴിക്കുന്നത് എനിക്ക് പ്രായോഗികമല്ല. എസ്.എസ്. രാജമൗലിയുടെ സിനിമയില്‍ അഭിനയിച്ച് ഞാന്‍ പാന്‍ ഇന്ത്യന്‍ ലെവലാണെന്ന് തെളിയിക്കാനുള്ള ആഗ്രഹം എനിക്കില്ല. അതുകൊണ്ടാണ് അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാനാവില്ലെന്ന് പറഞ്ഞത്,’ ചിരഞ്ജീവി പറഞ്ഞു.

ഗോഡ്ഫാദറാണ് ചിരഞ്ജീവിയുടെ പുതിയ ചിത്രം. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പര്‍ഹിറ്റ് മലയാള ചിത്രം ലൂസിഫറിന്റെ റീമേക്കാണ്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഗോഡ്ഫാദര്‍. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

നയന്‍താരയാണ് നായികയായി എത്തുന്നത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എസ്. തമന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlight: Telugu superstar Chiranjeevi says he cannot act in Rajamouli’s film