| Friday, 19th February 2021, 5:40 pm

ദൃശ്യം 2 തെലുങ്കിലേക്കും; സംവിധാനം ജീത്തു ജോസഫ്‌, നിര്‍മ്മാണം ആന്റണി പെരുമ്പാവൂരെന്നും റിപ്പോര്‍ട്ട്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്‌: ദൃശ്യം 2 മലയാളത്തില്‍ ഹിറ്റായതോടെ തെലുങ്കിലും ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ജീത്തു ജോസഫ്‌ തന്നെയാണ്‌ തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്‌.

ഔദ്യോഗിക പ്രഖ്യാപനമൊന്നും നടന്നിട്ടില്ലെങ്കിലും വെങ്കിടേഷ്‌ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായിരിക്കും ഇതെന്നാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മീന തന്നെയാകും നായിക.

തെലങ്കില്‍ നദിയ മൊയ്‌തു ആയിരുന്നു ആശാ ശരതിന്റെ റോളില്‍ എത്തിയിരുന്നത്‌. ആന്റണി പെരുമ്പാവൂര്‍ തന്നെയായിരിക്കും ദൃശ്യം 2 വിന്റെ തെലുങ്ക്‌ റീമേക്ക്‌ നിര്‍മ്മിക്കുകയെന്നാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ പണികള്‍ ഉടന്‍ തുടങ്ങും. ഫെബ്രുവരി 18 രാത്രിയാണ്‌ ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ്‌ ചെയ്‌തത്‌. ആമസോണ്‍ പ്രൈമില്‍ 19 ാം തിയ്യതി റിലീസ്‌ ചെയ്യുമെന്നായിരുന്നു അറിയിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ്‌ ആവുകയായിരുന്നു.

മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്‌, സിദ്ദീഖ്‌ എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്‌റ്റ്‌ തന്നെയാണ്‌ രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്‌.

മുരളി ഗോപിയും ഗണേഷ്‌ കുമാറുമാണ്‌ പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍. 2013ലാണ്‌ മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്‌.

100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട്‌ ആറ്‌ ഭാഷകളിലേക്ക്‌ റീമേക്ക്‌ ചെയ്യപ്പെടുകയും ചെയ്‌തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ്‌ ദൃശ്യം.

ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ്‌ ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ്‌ ഫാമിലി സിനിമ ആയിരിക്കും എന്നാണ്‌ സംവിധായകന്‍ പറയുന്നത്‌. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട്‌ വിദഗ്‌ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ്‌ ദൃശ്യം സിനിമയില്‍ പറയുന്നത്‌.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Conrtent Highlights:  Telugu remake of Mohanlal- Jeethu’s ‘Drishyam 2’

We use cookies to give you the best possible experience. Learn more