ലോകപ്രശസ്ത ബ്രാന്‍ഡായ ആപ്പിളിനെ രൂക്ഷമായി വിമര്‍ശിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അകിനേനി നാഗാര്‍ജുന. ആപ്പിളിന്റെ ഇന്ത്യയിലെ സ്റ്റോറിനെതിരെയാണ് നടന്‍ രംഗത്തെത്തിയിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാഗാര്‍ജുന ആപ്പിള്‍ സ്റ്റോര്‍ ഇന്ത്യക്കെതിരെ പരസ്യമായി വിമര്‍ശനം നടത്തിയത്. ‘ബി കെയര്‍ഫുള്‍, ആപ്പിള്‍ സ്റ്റോര്‍ ഇന്ത്യയില്‍ നിന്നും ആപ്പിള്‍ പ്രൊഡക്ടുകള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അവരുടെ സേവനവും പോളിസികളും പക്ഷപാതപരവും ഒരു ഗുണവുമില്ലാത്തതുമാണ്,’ നാഗാര്‍ജുനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നേരത്തെ ആപ്പിളിന്റെ പുതിയ ഫോണിനെതിരെ നിരവധി പരാതികളുയര്‍ന്നിരുന്നു. ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാതെയായിരുന്നു പുതിയ ഫോണെത്തിയത്. പ്രകൃതി ഊര്‍ജസംരക്ഷണം മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്നായിരുന്നു ആപ്പിള്‍ പറഞ്ഞത്.
എന്നാല്‍ ചാര്‍ജറില്ലാതെ ഫോണ്‍ നല്‍കുന്നത് സാമാന്യബോധം പോലുമില്ലാത്ത നടപടിയാണെന്ന് വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. ചാര്‍ജര്‍ പ്രത്യേകമായി വാങ്ങേണ്ടി വരുന്നതിലെ അധികച്ചെലവ് കൂടി വഹിക്കേണ്ടി വരുന്നതിലെ ബുദ്ധിമുട്ടും ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നാഗാര്‍ജുനയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ ആപ്പിളിനും ആപ്പിള്‍ സ്റ്റോറിനുമെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഒരു സെലിബ്രിറ്റി ഇങ്ങനെയൊക്കെ പരസ്യമായി വന്നു പറയണമെങ്കില്‍ ആപ്പിള്‍ സ്‌റ്റോറിന്റെ നിലവാരം അത്രയും കുറവായിരിക്കണമെന്നാണ് ചില കമന്റുകള്‍. സോഷ്യല്‍ മീഡിയ വഴി നിങ്ങള്‍ വിമര്‍ശനം ഉന്നയിച്ച സ്ഥിതിക്ക് തങ്ങളുടെ ഏറ്റവും വലിയ പുതിയ ഉത്പന്നങ്ങളുമായി ആപ്പിള്‍ ഇപ്പോള്‍ വീട്ടുപടിക്കലെത്തുമെന്നുമാണ് മറ്റു ചില കമന്റുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Telugu actor Nagarjuna against Apple, Facebook post