നൈസ്: ‘ എന്റെ കുഞ്ഞുങ്ങളെ ഞാന്‍ ഒരുപാട് സ്‌നേഹിച്ചിരുന്നെന്ന് അവരോട് പറയണം’, ഫ്രാന്‍സിലെ ചര്‍ച്ചിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് യുവതി പറഞ്ഞ വാക്കുകളാണ് ഇത്. ഫ്രഞ്ച് ചാനലായ ബി.എഫ്.എം ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കത്തിയുമായി അക്രമി പള്ളിയിലേക്ക് ഇരച്ചുകയറുന്നത് കണ്ട് അടുത്തുള്ള റെസ്റ്റോറന്റിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച 44 കാരിയെ ഒന്നിലധികം തവണയാണ് അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്. പള്ളിയില്‍ നിന്ന് പുറത്തെത്തിയെങ്കിലും അക്രമി പിറകെയോടി ഇവരെ കുത്തുകായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിന് പിന്നാലെ ഓടിയെത്തിയ സുരക്ഷാ ജീവനക്കാരോടായിരുന്നു യുവതി തന്റെ മക്കളെ കുറിച്ച് അവസാന വാക്കുകള്‍ പറഞ്ഞത്.
പള്ളിക്കുള്ളില്‍ വെച്ച് 60 വയസുള്ള ഒരു സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം തലയറുക്കുകയും ഇതിന് ശേഷം പള്ളി ജീവനക്കാരനായ 55 കാരനെ കൊലപ്പെടുത്തുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ കഴുത്തും മുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്രസീലിയന്‍ സ്വദേശിയായ യുവതിയെ അക്രമിച്ചത്.
ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവാണ് പ്രതി. ഫ്രഞ്ച് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബ്രാഹിം അയ്സുറി എന്നാണ് പ്രതിയുടെ പേര്. ഇറ്റാലിയന്‍ റെഡ് ക്രോസ് ഡോക്യുമെന്റ് ഇറക്കിയ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 20 നാണ് ഇയാള്‍ യൂറോപ്പിലെത്തിയത്. ഇറ്റലിയില്‍ എത്തിയ ഇയാള്‍ പിന്നീട് ഫ്രാന്‍സിലേക്ക് കടക്കുകയായിരുന്നു.
ഇയാളെപറ്റി അന്വേഷണം നടത്തുന്നുണ്ടെന്നാണ് ടുണീഷ്യന്‍ അധികൃതര്‍ അറിയിച്ചത്. അതേസമയം ഈ പ്രതി ടുണീഷ്യയിലെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടാത്ത ആളാണെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട്. കൊലപാതകം തീവ്രവാദ ആക്രമണമാണെന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചത്.
ഖുര്‍ആനിന്റെ പകര്‍പ്പും മൂന്ന് കത്തികളും ഇയാളുടെ കൈവശമുണ്ടായിരുന്നെന്നാണ് അധികൃതര്‍ പറഞ്ഞത്. പൊലീസ് വെടിവെച്ചപ്പോള്‍ ഇയാള്‍ അള്ളാവു അക്ബര്‍ എന്ന് വിളിച്ചതായും ഫ്രാന്‍സിലെ ആന്റി ടെറര്‍ പ്രോസിക്യൂട്ടറായ ജീന്‍ ഫ്രാങ്കോയിസ് റിക്കാര്‍ഡ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 9.00 മണിയോടെയായിരുന്നു ആക്രമണം നടന്നതെന്നും പള്ളിയില്‍ നിന്നും വലിയ ശബ്ദം കേള്‍ക്കുകയും ആളുകള്‍ ചിതറിയോടുന്നത് കണ്ടെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ ഡാനിയല്‍ കൊനില്‍ പറഞ്ഞു.
ഒരു സ്ത്രീ നേരെ ഓടി വരുന്നുണ്ടായിരുന്നു. ‘ഓടിക്കോ ഓടിക്കോ’ എന്ന് അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പള്ളിയ്ക്കുള്ളില്‍ ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും അവര്‍ പറഞ്ഞു, അദ്ദേഹം പറഞ്ഞു.
സംഭവസ്ഥലത്തുനിന്നും ലഭിച്ച ബാഗില്‍ ഉപയോഗിക്കാത്ത രണ്ട് കത്തികള്‍ കണ്ടെത്തിയെന്നും ചീഫ് പ്രോസിക്യൂട്ടര്‍ ജീന്‍ ഫ്രാങ്കോയിസ് റിക്കാര്‍ഡ് പറഞ്ഞിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ ചര്‍ച്ചുകള്‍ക്കും സ്‌കൂളുകള്‍ക്കും വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു വര്‍ഷം മുമ്പ് ഇതേ നഗരത്തിലാണ് ഐ.എസിന്റെ ഭീകരാക്രമണം നടന്നത്. 2016 ല്‍ ഫ്രാന്‍സിന്റെ ദേശീയ ദിനമായ ജൂലൈ 14 ന് ആഘോഷം നടത്തുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഐ.എസ് അനുഭാവിയായ ഒരാള്‍ ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 86 പേരാണ് ഈ ആക്രമണത്തില്‍ മരിച്ചത്. 456 പേര്‍ക്ക് ആ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മതനിന്ദ ആരോപിച്ച് പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ഈ സംഭവവും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക