|

പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി, എന്നെ നിലത്തേക്ക് തള്ളിയിട്ടു, മോദിജിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാന്‍ കഴിയൂ എന്നുണ്ടോ: ആഞ്ഞടിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹാത്രാസിലേക്കുള്ള യാത്രാമധ്യേ പൊലീസുകാര്‍ തങ്ങളോട് ക്രൂരമായി പെരുമാറിയതായും ലാത്തിച്ചാര്‍ജ്ജ് നടത്തിയതായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൊലീസുകാര്‍ തന്നെ തള്ളിമാറ്റിയെന്നും ലാത്തിച്ചാര്‍ജ്ജ് നടത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഇപ്പോള്‍ പൊലീസുകാര്‍ എന്നെ തള്ളിമാറ്റി. ലാത്തിചാര്‍ജ് നടത്തി. എന്നെ നിലത്തേക്ക് തള്ളിയിട്ടു. മോദിജിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാന്‍ കഴിയുകയുള്ളൂ എന്നാണോ, സാധാരണക്കാരന് ഇവിടെ ഇറങ്ങി നടക്കാന്‍ കഴിയില്ലേ, ഞങ്ങളുടെ വാഹനം തടഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചത്. ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങിപ്പോകില്ലെന്നും’ രാഹുല്‍ പറഞ്ഞു. കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുന്‍പായിരുന്നു രാഹുലിന്റെ പ്രതികരണം. തന്നെ അറസ്റ്റ് ചെയ്തതിന്റെ കാരണം പൊലീസ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യു.പി ഭരണകൂടം സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിരോധം തീര്‍ത്തിരുന്നു. ഹാത്രാസ് ജില്ലയില്‍ 144 പ്രഖ്യാപിക്കുകയും മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കരുതല്‍ കസ്റ്റഡിയിലെടുത്തതായിട്ടാണ് യു.പി പൊലീസ് പറഞ്ഞത്.

യാത്രക്കിടെ രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞിരുന്നു. ഹാത്രാസ് ജില്ലയുടെ അതിര്‍ത്തിയില്‍ വെച്ചായിരുന്നു രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞത്.

തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി പോകാനായിരുന്നു രാഹുലും പ്രിയങ്കയും ശ്രമിച്ചത്. യമുനാ എക്‌സ്പ്രസ് വേയില്‍ വെച്ചാണ് രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം മാര്‍ച്ച് നടത്തി മുന്നോട്ടുനീങ്ങുകയായിരുന്നു രാഹുല്‍.

എന്നാല്‍ ഇവരെ പൊലീസ് തടഞ്ഞു. ഇതോടെ രാഹുലും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം രാഹുല്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇതിന് ശേഷമാണ് രാഹുലിനെയും പ്രിയങ്കയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

നൂറ് കിലോമീറ്റര്‍ ദൂരം നടന്നിട്ടാണെങ്കിലും പെണ്‍കുട്ടിയുടെ വീട്ടില്‍ തങ്ങളെത്തുമെന്നും മാതാപിതാക്കളെ കാണുമെന്നും പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു.

രാജ്യത്തെ ഓരോ സ്ത്രീകളും യു.പിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ അസ്വസ്ഥരാണെന്നും പ്രിയങ്ക പറഞ്ഞു. എനിക്കും 18 വയസായ ഒരു മകളുണ്ട്. യു.പി സര്‍ക്കാര്‍ ഹാത്രാസിലെ പെണ്‍കുട്ടിയോട് സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവില്ല. ഞാന്‍ ഏറെ അസ്വസ്ഥയാണ്. എന്നെപ്പോലെ തന്നെ ഈ രാജ്യത്തെ ഓരോ സ്ത്രീകളും അസ്വസ്ഥരാണ്, പ്രിയങ്ക പറഞ്ഞു.

രാഹുലിന്റേയും പ്രിയങ്കയുടേയും സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ ജില്ലയില്‍ 144 പ്രഖ്യാപിച്ചിരുന്നു. അതേസമയം രാഹുലും പ്രിയങ്കയും വരുന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഹാത്രാസ് അതിര്‍ത്തി സീല്‍ ചെയ്തിരിക്കുകയാണെന്നുമാണ് ഡി.എം പ്രവീണ്‍ കുമാര്‍ ലക്‌സാര്‍ അറിയിച്ചിരിക്കുന്നത്.

Content Highlight: Tell Me Grounds For Arrest, Rahul Gandhi Tells Cops, Stopped On Way To Hathras