'ഒടുവില്‍ ആ ഓര്‍മപ്പെടുത്തല്‍ സര്‍ക്കാര്‍ കേട്ടു '; 12 കൊല്ലത്തെ വാഗ്ദാനലംഘനത്തിന് മിതാലിയ്ക്ക് മറുപടിയുമായി തെലങ്കാന സര്‍ക്കാര്‍
DSport
'ഒടുവില്‍ ആ ഓര്‍മപ്പെടുത്തല്‍ സര്‍ക്കാര്‍ കേട്ടു '; 12 കൊല്ലത്തെ വാഗ്ദാനലംഘനത്തിന് മിതാലിയ്ക്ക് മറുപടിയുമായി തെലങ്കാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th July 2017, 2:14 pm

ഹൈദരാബാദ്: പന്ത്രണ്ട് വര്‍ഷം മുന്‍പ് മിതാലിക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചിട്ടില്ലെന്ന് കാണിച്ച് ആരാധകന്റെ ട്വീറ്റ്. വൈ. എസ് ചന്ദ്രശേഖര റാവു സര്‍ക്കാരാണ് 2005 ല്‍ 500 സ്‌ക്വയര്‍ യാര്‍ഡ് സ്ഥലം മിതാലിക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 2005 ലും ഇന്ത്യ വനിതാ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

വാഗ്ദാനം വിശ്വസിച്ച് മിതാലിയുടെ രക്ഷിതാക്കള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് മിതാലി രക്ഷിതാക്കളെ അതില്‍നിന്ന് വിലക്കുകയായിരുന്നു.

ഇത് ചൂണ്ടിക്കാട്ടിയാണ് ആരാധകന്‍ മുനിസിപ്പല്‍ ഭരണകാര്യ മന്ത്രി കെ. തരക രാമ റാവുവിന് ട്വീറ്റ് ചെയ്തത്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട മന്ത്രി മുന്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനത്തെക്കുറിച്ചറിയില്ലെന്നും വിഷയത്തെക്കുറിച്ച് പഠിക്കുമെന്നും മറുപടിയായി ട്വീറ്റ് ചെയ്തു.


Also Read :‘പശുക്കളെക്കൊണ്ടാണ് ക്യൂബ രക്ഷപ്പെട്ടതെന്ന കാര്യം ഓര്‍ക്കണം’ ഡി.വൈ.എഫ്.ഐയ്ക്ക് ആര്‍.എസ്.എസ് സ്റ്റഡി ക്ലാസ്


അല്‍പസമയത്തിനു ശേഷം മിതാലിക്ക് ഒരു കോടി രൂപയും ഭൂമിയും നല്‍കുമെന്നും മിതാലിയുടെ പരിശീലകന് 25 ലക്ഷം രൂപ നല്‍കുമെന്നുമുള്ള തരക റാവുവിന്റെ ട്വീറ്റും വന്നു. രാജ്യത്തിന്റെ പ്രൗഢി വാനോളം ഉയര്‍ത്തിയതിന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാണ് സമ്മാനം പ്രഖ്യാപിച്ചത്.

മിതാലിയും സംഘവും നന്നായി കളിച്ചെന്നും നിര്‍ഭാഗ്യം കൊണ്ടാണ് കിരീടം നേടാന്‍ കഴിയാതിരുന്നെതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

” നിങ്ങള്‍ മികച്ചൊരു ക്രിക്കറ്ററാണ്. ഭാവിയിലും രാജ്യത്തിനു വേണ്ടി മികച്ച വിജയങ്ങള്‍ സമ്മാനിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. എന്റെയും തെലങ്കാനയിലെ മുഴുവന്‍ ജനങ്ങളുടെയും അഭിനന്ദനം ഞാന്‍ അറിയിക്കുന്നു.”

നേരത്തെ ടെന്നീസ് താരം സാനിയ മിര്‍സയെയും ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെയും രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം നടത്തിയതിന് സര്‍ക്കാര്‍ ആദരിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിന് ട്വിറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.