ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പി നേതാക്കള്‍ തനിക്കെതിരെ രാഷ്ട്രീയ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളെ താന്‍ എതിര്‍ക്കുന്നത് കൊണ്ടാണ് തനിക്കെതിരെ അവര്‍ പരസ്യയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഹൈദരാബാദില്‍ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ ഇവിടുത്തെ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ ഈ നേതാക്കള്‍ ആരും വന്നില്ല. എന്നാല്‍ പ്രാദേശിക തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നേതാക്കളുടെ പ്രളയമാണ് ഇവിടെ. ഈ ചെറിയ മനുഷ്യനെ കടന്നാക്രമിക്കാന്‍ ഇത്രയും നേതാക്കള്‍ എന്തിനാണ്? ‘റാവു പറഞ്ഞു
അതേസമയം ഇന്ത്യയ്ക്ക് ഒരു രാഷ്ട്രീയ ബദലിനുള്ള സമയമായിരിക്കുകയാണെന്നും രണ്ട് പാര്‍ട്ടികളുടെയും മാറി മാറിയുള്ള ഭരണത്തില്‍ രാജ്യത്തിന് കാര്യമായ നേട്ടമൊന്നും ഉണ്ടായില്ലെന്നും റാവു പറഞ്ഞു.
ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. പട്ടിണി, ദാരിദ്രം, തൊഴിലില്ലായ്മ, ആരോഗ്യസംവിധാനത്തിന്റെ അപര്യാപ്തത എന്നിവ ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോഴും അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെയും റാവു പരസ്യമായി വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന യോഗിജിയ്ക്ക് സ്വാഗതം. പക്ഷെ എന്ത് അടിസ്ഥാനത്തിലാണ് തെലങ്കാനയില്‍ വികസനമില്ല എന്ന് അദ്ദേഹം പറയുന്നതെന്ന് മനസ്സിലായില്ല? വികസനത്തിന്റെ കാര്യത്തില്‍ അദ്ദേഹം ഭരിക്കുന്ന സംസ്ഥാനം 28-ാം സ്ഥാനത്താണ്. ആ പട്ടികയില്‍ തെലങ്കാനയുടെ സ്ഥാനം 5 ആണെന്ന് യോഗിജി ഓര്‍ക്കണം, റാവു പറഞ്ഞു.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ ദേശീയ നേതാക്കളുടെ ജോലി തീരുമെന്നും പിന്നീട് ഒറ്റയാളെപോലും ഈ വഴിയ്ക്ക് കാണില്ലെന്നും റാവു പറഞ്ഞു. ജനങ്ങളെ സേവിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ടി.ആര്‍.എസ് നേതാക്കള്‍ മാത്രമേ ഇവിടെയുണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക