ന്യൂദല്‍ഹി: അവിശ്വാസ പ്രമേയത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗത്തെ പരിഹസിച്ച് ദി ടെലഗ്രാഫ് ദിനപ്പത്രം. ‘ദി റെക്കോഡ് ബ്രേക്കിങ് ബ്ലാ സ്‌ഫെമി’ എന്ന തലക്കെട്ടോട് കൂടിയാണ് ടെലഗ്രാഫ് മോദിയുടെ പ്രസംഗത്തിന്റെ വാര്‍ത്ത സൂപ്പര്‍ ലീഡായി നല്‍കിയിരിക്കുന്നത്.
അഞ്ച് പാരഗ്രാഫ് വരുന്ന വാര്‍ത്തയില്‍ ആദ്യത്തെ ഒരു പാരഗ്രാഫ് മാത്രം മോദിയുടെ പ്രസംഗത്തെക്കുറിച്ച് പറഞ്ഞതിന് ശേഷം പിന്നെ അടുത്ത നാല് കോളത്തില്‍ ബ്ലാ,ബ്ലാ,ബ്ലാ….എന്നിങ്ങനെയാണ് ടെലഗ്രാഫ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് മണിക്കൂറും 13 മിനിട്ടുമാണ് അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കി സംസാരിച്ചത്. ഇതിനിടയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രസംഗത്തിന്റെ റെക്കോര്‍ഡാണ് മോദി തകര്‍ത്തതെന്ന് ചില വലത് പക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ അവകാശപ്പെടുന്നുമുണ്ട്.
മോദി അഞ്ച് മിനിട്ടും, 30 സെക്കന്റുമാണ് മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചത്. മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് മോദി സംസാരിക്കുന്നത് കേള്‍ക്കാന്‍ കാത്ത് നിന്നവര്‍ക്ക് ശരിക്കും തോന്നിയത് ഇതാണ്,’ എന്ന് പറഞ്ഞ് കൊണ്ട് ബ്ലാ,ബ്ലാ,ബ്ലാ…എന്ന് കൊടുക്കുകയാണ് ടെലഗ്രാഫ്.
നേരത്തെ മണിപ്പൂരില്‍ കലാപം തുടങ്ങി 79 ദിവസത്തിന് ശേഷം ആദ്യമായി മോദി പ്രതികരിച്ചപ്പോഴും ടെലഗ്രാഫ് വിമര്‍ശിച്ചിരുന്നു. 56 ഇഞ്ചിന്റെ തൊലിക്കട്ടിയില്‍ വേദനയും തൊലിക്കട്ടിയും തുളച്ച് കയറാന്‍ 79 ദിവസമെടുത്തു എന്ന ക്യാപ്ഷനോട് കൂടി കരയുന്ന മുതലയുടെ ചിത്രമാണ് അന്നത്തെ ദിവസത്തെ പ്രധാന വാര്‍ത്തയായി ടെലഗ്രാഫ് നല്‍കിയത്.
അതേസമയം കഴിഞ്ഞ ദിവസത്തെ രണ്ടേക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രസംഗത്തില്‍ ആദ്യ ഒന്നര മണിക്കൂറോളം കോണ്‍ഗ്രസിനെയും പ്രതിപക്ഷ സഖ്യത്തെയും പരിഹസിക്കുകയാണ് മോദി ചെയ്തത്. ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും മണിപ്പൂരിനെ കുറിച്ച് മോദി സംസാരിക്കാത്തതിനാല്‍ പ്രതിപക്ഷം മണിപ്പൂര്‍ എന്ന് മുദ്രാവാക്യം വിളിച്ചു. മണിപ്പൂരിനെക്കുറിച്ച് സംസാരിക്കണമെന്ന പോസ്റ്ററുകളും ഇന്ത്യ മുന്നണിയിലെ എം.പിമാര്‍ ഉയര്‍ത്തിക്കാട്ടി. തുടര്‍ന്നും മണിപ്പൂരിനെക്കുറിച്ച് മോദി സംസാരിക്കാന്‍ തയ്യാറാകാത്തതില്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെയാണ് മോദി മണിപ്പൂരിനെ കുറിച്ച് വെറും അഞ്ച് മിനിട്ട് സംസാരിച്ചത്.
മണിപ്പൂര്‍ വിഷയം കോടതിയിലാണെന്നും സമാധാനം പുനസ്ഥാപിക്കുമെന്നും മോദി പറഞ്ഞു. രാജ്യം മണിപ്പൂരിനൊപ്പമാണെന്ന് പറഞ്ഞ മോദി മണിപ്പൂര്‍ ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചെന്നും ആരോപിച്ചു.
‘മണിപ്പൂര്‍ ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചു. പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക് സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ആഭ്യന്തര മന്ത്രി മണിപ്പൂരിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. മണിപ്പൂര്‍ കലാപത്തിന് വഴിവെച്ചത് ഹൈക്കോടതി ഉത്തരവാണ്.
രാജ്യം മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പമുണ്ട്. കുറ്റക്കാരെ വെറുതെ വിടില്ല. മണിപ്പൂരില്‍ ഒരിക്കല്‍ കൂടി വികസനം വരുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. സമാധാനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും.
കോണ്‍ഗ്രസിന്റെ നീണ്ട ഭരണത്തിന് കീഴിലാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത്. കോണ്‍ഗ്രസ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പരിഗണിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ നയങ്ങളാണ് അശാന്തിക്ക് കാരണം,’ മോദി പറഞ്ഞു. ഇതാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്.
CONTENT HIGHLIGHTS: TELEGRAPH NEWS ABOUT MODI SPEECH