| Thursday, 26th December 2019, 1:06 pm

ടെലഗ്രാഫിന്റെ തലക്കെട്ടുകള്‍ ഭരണഘടനയെ അവഹേളിക്കുന്നതെങ്കില്‍ പ്രധാനമന്ത്രി ചെയ്യുന്നതിനെ എന്തുവിളിക്കണം; ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍ സംസാരിക്കുന്നു

അജ്‌മൽ ആരാമം

കൊല്‍ക്കത്ത ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രം ടെലഗ്രാഫ് മലയാളികള്‍ക്കിടയില്‍ സുപരിചിതമാണ്. കൃത്യമായ ജേര്‍ണലിസവും വ്യക്തമായ നിലപാടും പലപ്പോഴൊക്കെ ശ്രദ്ധേയമായ തലക്കെട്ടും കൊണ്ട് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായ പത്രമാണ് ടെലഗ്രാഫ്. ടെലഗ്രാഫിന്റെ എഡിറ്റര്‍ ആര്‍. രാജഗോപാല്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

എ.ബി.പി ചാനലില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാതിന്റെ ഫാക്ട് ചെക്ക് നടത്തിയതിന്റെ പേരില്‍ ജേര്‍ണലിസ്റ്റുകള്‍ പുറത്തുപോകണമെന്നാവശ്യപ്പെടുകയും പിന്നീട് രാജിവെക്കുകയും ചെയ്യുകയുണ്ടായി. അതേസമയം തന്നെ അതേ ഗ്രൂപ്പില്‍ നിന്ന് ഒരു സഹോദര സ്ഥാപനമായ ടെലഗ്രാഫ് ധീരമായ നിലപാടുകളെടുത്ത് ജേര്‍ണലിസം മുന്നോട്ടുവെക്കുകയും ചെയ്യുന്നുണ്ട്. ഇത് രണ്ടും രണ്ട് തലത്തില്‍ നില്‍ക്കുന്ന ഒരു ജേര്‍ണലിസമാണ്. ഒന്ന് ഒരു സാമാന്യജനത്തിന്റെ പൊതുവികാരം തൃപ്തിപ്പെടുത്തുന്ന തരത്തിലും അതേസമയം മറ്റൊന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള, ഇന്റലെക്ച്വലായിട്ടുള്ള ആളുകളുടെ വായനക്കനുസരിച്ച് മറ്റൊരു തരത്തില്‍ ട്രീറ്റ് ചെയ്യുന്നതുമാണ്. അതൊരു മാര്‍ക്കറ്റിംഗ് തന്ത്രമാണോ അതോ വ്യക്തമായ ജേര്‍ണലിസത്തിന്റെ നിലപാടുകള്‍ തന്നെയാണോ?

ഇത് പലരും ചോദിക്കാറുള്ളതാണ്. ആദ്യമായി പറയാനുള്ളത് ഇത് രണ്ടും എ.ബി.പി ഗ്രൂപ്പിന്റെ കീഴിലാണ്. പക്ഷെ രണ്ടും പൂര്‍ണ്ണമായും വ്യത്യസ്തമായ മാനേജ്‌മെന്റിന്റെ കീഴിലുമാണ്. എ.ബി.പി ന്യൂസിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സും ജേര്‍ണലിസ്റ്റുകളും ദല്‍ഹിയിലാണ്. കൊല്‍ക്കത്തയുമായി അവര്‍ക്ക് ബന്ധമൊന്നുമില്ല. ഇപ്പോഴത്തെ എഡിറ്ററെ എനിക്ക് പരിചയവുമില്ല. ഈ ന്യൂസ് റൂമുകള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല.

അവിടത്തെ മാനേജ്‌മെന്റ് നാളെ ഇതാണ് നമ്മുടെ ഹെഡ്‌ലൈന്‍, ഇങ്ങനെയാണ് വേണ്ടത് എന്നൊന്നും എന്നോട് പറയാറില്ല. അടിസ്ഥാനപരമായുള്ള ചില ഗൈഡ് ലൈന്‍ ഉണ്ട്. എപ്പോഴും സെക്യുലര്‍ ആയിരിക്കണം അതായത് ഒരു വാര്‍ത്ത നഷ്ടപ്പെട്ടാലും ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സെക്യുലറിസത്തെ നശിപ്പിക്കേണ്ടതില്ല എന്നൊക്കെയുള്ള ഗൈഡ്‌ലൈന്‍.

ഇവര്‍ക്ക് ബംഗാളില്‍ ആനന്ദ് ബസാര്‍ പത്രിക എന്നൊരു പത്രമുണ്ട്. അവര്‍ സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമാണ്. ഇവിടത്തെ മനോരമ പോലെ വലിയൊരു പത്രമാണ് അത്. അവര്‍ സ്വീകരിക്കുന്ന നിലപാട് എന്ന് പറയുന്നത് എ.ബി.പി ന്യൂസില്‍ നിന്നും ടെലഗ്രാഫില്‍ നിന്നും വ്യത്യസ്തമായിട്ടുള്ളതായിരിക്കും.

ചില മാനേജ്‌മെന്റുകള്‍ പ്രത്യേക ലൈന്‍ എന്നുള്ളതൊക്കെ പറയുമായിരിക്കും. പക്ഷെ നമ്മുടെ ന്യൂസ് റൂമില്‍ നിന്നൊരു പുഷ്ബാക്കോ അല്ലെങ്കില്‍ ജേര്‍ണലിസ്റ്റുകള്‍ സ്വതന്ത്രമായി ഇതാണ് ശരി എന്ന് പറയുകയാണെങ്കില്‍ അങ്ങനെയല്ല ഇങ്ങനെയാണ് ചെയ്യേണ്ടത് എന്ന് എ.ബി.പിയുടെ മാനേജ്‌മെന്റ് പറയുമെന്നോ എനിക്ക് തോന്നുന്നില്ല.

സംവാദങ്ങളുണ്ടായേക്കാം. എന്നാല്‍ നമ്മുടെ നിലപാട് ഇതാണ് എന്ന് ആര്‍ജ്ജവത്തോടെ വ്യക്തമായി പറയാന്‍ കഴിയുന്ന ഒരു ന്യൂസ് റൂമാണെങ്കില്‍ ഇതുപോലെ മാനേജ്‌മെന്റിന് എളുപ്പത്തില്‍ ഇടപെടാന്‍ കഴിയുമെന്നെനിക്ക് തോന്നുന്നില്ല.

പക്ഷെ മാനേജ്‌മെന്റിന് കൃത്യമായ കാഴ്ചപ്പാടുണ്ടാകും. അവരും പൗരന്‍മാരാണ്. അതവര്‍ പറയും നമ്മള്‍ കേള്‍ക്കുക. ഉള്‍ക്കൊള്ളാനാവുന്നതാണെങ്കില്‍ ഉള്‍ക്കൊള്ളുക അല്ലെങ്കില്‍ കളയുക എന്നുള്ളതാണ്. അതൊരു തര്‍ക്കത്തിലേക്കെത്തുന്ന സാഹചര്യമുണ്ടെങ്കില്‍ ആ വ്യക്തിയ്ക്ക് തീരുമാനമെടുക്കാം. ഒന്നുകില്‍ തുടരാം അല്ലെങ്കില്‍ പിന്‍വാങ്ങാം.

എന്നെ സംബന്ധിച്ച് ഞാനവിടെ 27-ാമത്തെ വര്‍ഷമാണ്. ഇതുവരെ അങ്ങനെ ഒരു സ്ഥിതി ഉണ്ടായിട്ടില്ല. എ.ബി.പി ന്യൂസ് ഏതെങ്കിലും സാഹചര്യത്തില്‍ ഇങ്ങനെ എത്തിയതാണോ എന്നെനിക്കറിയില്ല. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ അങ്ങനെ ഉണ്ടായിട്ടില്ല.

ഈ കാലഘട്ടത്തില്‍ വാര്‍ത്ത എഡിറ്റോറിയലൈസ് ചെയ്യേണ്ടതുണ്ട് എന്നൊരു വാദമുണ്ട്. അത്തരം ജേര്‍ണലിസമാണ് ചെയ്യേണ്ടത് എന്ന് പറയുന്നുണ്ട്. ടെലഗ്രാഫിന്റെ ഒരു അനുഭവം വെച്ചിട്ട് താങ്കള്‍ എങ്ങനെയാണ് അതിനെ നോക്കി കാണുന്നത്.?

അത് ഞങ്ങള്‍ക്ക് വലിയ വിമര്‍ശനമായിട്ട് ഉയരാറുള്ളതാണ്. ഈ വിമര്‍ശനം സാധാരണ ഉന്നയിക്കുന്നത് വിമര്‍ശിക്കപ്പെടുന്ന വ്യക്തികളില്‍ നിന്നാണ്. ബാക്കി ആരും പറയാറില്ല. അവര്‍ വിമര്‍ശനം നേരിടുമ്പോഴാണ് ഇത് ഉന്നയിക്കുന്നത്. പക്ഷെ ഞാന്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് ടെലഗ്രാഫിന്റെ ഒരു വാര്‍ത്ത സാധാരണഗതിയില്‍ മറ്റ് പത്രങ്ങളിലേത് പോലെ തന്നെയാണ്. വാര്‍ത്തയിലല്ല എഡിറ്റോറിയലിസം തലക്കെട്ടിലാണ്. വാര്‍ത്ത വളരെ ഫെയറായിട്ടാണ് കൊടുക്കുന്നത്.

നമ്മുടെ ജനത്തിന്റെ വികാരമല്ലാതെ ഒരു ഹെഡ്‌ലൈന്‍ കൊടുത്തില്ലെങ്കില്‍ അതൊരിക്കലും വിജയിക്കില്ല. മോദി സര്‍ക്കാര്‍ എന്നും വാര്‍ത്താസമ്മേളനം കൊടുക്കുന്നുണ്ട്. പക്ഷെ എന്തെങ്കിലും ഒരു ഇന്‍ഫര്‍മേഷന്‍ അതിലുണ്ടാകില്ല. നമുക്കറിയില്ല തൊഴിലില്ലായ്മ നിരക്ക് എത്രയാണെന്ന്. അങ്ങനെ ഇന്‍ഫര്‍മേഷന്‍ ഇല്ലാത്ത ഒരു മാധ്യമത്തില്‍ എഡിറ്റോറിയലൈസ് ചെയ്യേണ്ടിവരും.

കാരണം ഇതാണ് ജനങ്ങള്‍ക്ക് ഫീല്‍ ചെയ്യുന്നത്, ഇതാണ് ഞങ്ങള്‍ക്ക് ഫീല്‍ ചെയ്യുന്നത് എന്ന് അറിയിക്കണം. അത് ഡേറ്റ വെച്ച് പ്രൂവ് ചെയ്യാന്‍ പറ്റില്ല. ഉദാഹരണത്തിന് മഹാരാഷ്ട്രയില്‍ സംഭവിച്ചത് പോക്രിത്തരമാണെന്നല്ലാതെ വേറൊന്നും പറയാന്‍ പറ്റില്ല. രാവിലെ 5 മണിക്ക് പ്രസിഡണ്ട് ഒപ്പിടുക എന്ന് പറഞ്ഞാല്‍ എന്താണ്? ഇത് വെള്ളരിക്കാപട്ടണമാണോ. അപ്പോള്‍ നമ്മള്‍ വീ ദ ഇഡിയറ്റ്‌സ് എന്ന് പറയുകയാണെങ്കില്‍ ഭരണഘടനയെ അവഹേളിച്ചു എന്നുള്ളതൊക്കെയാണ് വിമര്‍ശനം.

ടെലഗ്രാഫിനെ പോലൊരു പത്രം തലക്കെട്ട് കൊണ്ട് ഭരണഘടനയെ അവഹേളിച്ചാല്‍ ഈ പ്രസിഡന്റും പ്രധാനമന്ത്രിയും ചെയ്തതിനെ എന്ത് വിളിക്കണം. ഏത് തലക്കെട്ടായാലും അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു വികാരം ഇല്ലെങ്കില്‍ അത് നില്‍ക്കില്ല.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സെന്‍ഷര്‍ഷിപ്പും ഭീഷണികളും ഒക്കെ നേരിടുമ്പോഴും ടെലഗ്രാഫിന്റെ അനുഭവത്തില്‍ നല്ല ജേര്‍ണലിസം സാധ്യമാണ് എന്ന് തന്നെയാണോ കരുതുന്നത്.? നല്ല ജേര്‍ണലിസം സാധ്യമാണെങ്കില്‍ നല്ലൊരു വിഭാഗം മാധ്യമങ്ങളും എന്തുകൊണ്ട് സ്തുതിപാഠകരായി മാറുന്നു?

ഞാന്‍ ചെയ്യുന്നത് നല്ല ജേര്‍ണലിസമാണെന്ന് ഞാന്‍ അവകാശപ്പെടില്ല. നമ്മള്‍ ടെക്സ്റ്റ് ബുക്ക് ജേര്‍ണലിസം വെച്ച് നോക്കുകയാണെങ്കില്‍ തലക്കെട്ട് എഡിറ്റോറിയലൈസ് ചെയ്യുന്നത് ശരിയല്ല. പക്ഷെ സാഹചര്യം വരുമ്പോള്‍ ജേര്‍ണലിസം മാറണം. ഇന്ത്യ വീണ്ടും പഴയ നല്ല കാലത്തിലേക്ക് മാറുകയാണെങ്കില്‍ ഈ തലക്കെട്ട് കൊണ്ട് കാര്യമില്ല. ചുരുക്കം ചില കാര്യങ്ങളെങ്കിലും ശരിയായി നടക്കുകയാണെങ്കില്‍ നമ്മള്‍ ഇങ്ങനെയുള്ള തലക്കെട്ട് ഇടില്ല.

പിന്നെ നല്ല ജേര്‍ണലിസം എന്ന് പറയുന്നതിനേക്കാള്‍ ആശയപ്രചരണത്തിനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം എന്നതാണ്. ആളുകള്‍ തമ്മിലുള്ള സ്പര്‍ധ വര്‍ധിക്കാനോ ക്രൈമിനോ അല്ലെങ്കില്‍ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. ആ ഒരു സാഹചര്യം ഇന്ത്യയില്‍ ഇല്ല. അവസാനിപ്പിക്കേണ്ടത് സര്‍ക്കാരല്ല, വായനക്കാരാണ്. ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നതില്‍ വായനക്കാര്‍ക്കും വലിയ അമര്‍ഷമുണ്ട്.

ഞങ്ങളുടെ വലിയ പ്രശ്‌നം വായനക്കാര്‍ ഞങ്ങള്‍ക്കെതിരെ തിരിയുന്നു എന്നുള്ളതാണ്. അതും അതിജീവിച്ച് നമ്മള്‍ എങ്ങനെയാണ് പോകുക എന്നുള്ള ശരിയായ വെല്ലുവിളി.

എഡിറ്റര്‍ ഈസ് ഇന്‍വിസിബിള്‍ എന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ ഈയിടെ താങ്കള്‍ തന്നെ പലപ്പോഴും, ബാബുല്‍ സുപ്രിയോയുമായുള്ള പ്രശ്‌നത്തിലുള്‍പ്പടെ, ലൈം ലൈറ്റിലേക്ക് പലതവണ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എങ്ങനെയാണ് താങ്കള്‍ അതിനെ കാണുന്നത്?

വളരെ അനാരോഗ്യകരമായിട്ടുള്ള ഒരു രീതിയാണത്. ജേര്‍ണലിസ്റ്റ് ഷുഡ് നോട്ട് മേക്ക് ന്യൂസ്, ദെയ് റിപ്പോര്‍ട്ട് ദി ന്യൂസ്. പക്ഷെ നമ്മള്‍ ജീവിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ സംഭവിക്കുകയാണ്. ഞാന്‍ 30 വര്‍ഷത്തോളമായി ജേര്‍ണലിസം ചെയ്യുകയാണ്. എന്നെ ആര്‍ക്കുമറിയില്ല. കേരളത്തില്‍, എന്റെ നാട്ടില്‍ തിരുവനന്തപുരം സിറ്റിയില്‍ പോലും എന്നെ ആര്‍ക്കും അറിയില്ല.

എന്റെ അച്ഛന്റെ മകനാണ് എന്നല്ലാതെ ഇങ്ങനെയൊരു മനുഷ്യന്‍ ജേര്‍ണലിസ്റ്റാണെന്ന് പോലും അറിയില്ല. ഞാന്‍ പ്രസ് ക്ലബില്‍ പഠിച്ച വിദ്യാര്‍ത്ഥിയാണ്, എന്നിട്ടും ആര്‍ക്കുമറിയില്ല. ടെലഗ്രാഫ് എന്ന് പറയുന്ന പത്രം വളരെ ചെറിയ പത്രമാണ്. അവരെക്കുറിച്ച് ബാക്കിയുള്ളവര്‍ സംസാരിക്കുന്നു എന്ന് പറഞ്ഞാല്‍ അത് നിര്‍ഭാഗ്യകരമാണ്, പക്ഷെ ഇക്കാലത്ത് അത് സംഭവിക്കുന്നു എന്നതാണ് വീണ്ടും പറയാനുള്ളത്.

ഇപ്പോള്‍ രാജ്യത്തൊട്ടാകെ ജേര്‍ണലിസ്റ്റുകള്‍ സമരത്തിനിറങ്ങുന്ന ഒരു സാഹചര്യമുണ്ട്.ജേര്‍ണലിസ്റ്റുകള്‍ക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് ഈ ഒഴിച്ചുകൂടാനാവത്ത സാഹചര്യം ആവശ്യപ്പെടുന്നതുകൊണ്ടാണോ?

സംഘടനയെന്ന നിലയില്‍ പ്രതിഷേധിക്കാം. പിന്നെ നമ്മുടെ രാജ്യം ഒരിക്കല്‍പോലും കാണാത്ത സാഹചര്യത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. അതിനകത്ത് പ്രത്യേകിച്ച് തെറ്റൊന്നും പറയാനില്ല.

ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്. ഇതിന്റെ പരിണിത ഫലം എങ്ങനെയായിരിക്കും. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളെ ഏതെങ്കിലും തരത്തില്‍ ഈ സമരം സ്വാധീനിക്കും എന്ന് കരുതുന്നുണ്ടോ?

അതിനെക്കുറിച്ച് പറയാനായി എന്നു തോന്നുന്നില്ല. 2019 ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതിപക്ഷം പൊതുവെ നിഷ്ഫലമാകുന്നു. അവരെ കുറ്റപ്പെടുത്തുകയല്ല. അപ്പോള്‍ ആരും ചോദിക്കാനില്ലാത്തപ്പോള്‍ ഈ സമരം വിജയിച്ചാലും ഇല്ലെങ്കിലും യുവാക്കളടക്കമുള്ളവര്‍ തെരുവിലിറങ്ങി എന്നത് വലിയ കാര്യമാണ്.

ഇതില്‍ അക്രമം നടക്കുന്നത് മുഴുവന്‍ ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളിലാണ്. 2014 നും 2019 നും ഇടയിലുള്ള പല മിത്തുകളേയും ബ്രേക്ക് ചെയ്യാന്‍ പറ്റി എന്നുള്ളതും വലിയ കാര്യമാണ്. ട്രംപ് ഇംപീച്ച്‌മെന്റ് നേരിടുന്നു. ഇതൊന്നും പരസ്പരം ബന്ധമുള്ളവയല്ലെങ്കിലും എല്ലാം ഒരു സൂചനയാണ്. അതൊരു വലിയ അനുഗ്രഹമാണ്. മൂന്നാഴ്ച മുന്‍പ് വരെ നമ്മള്‍ അതൊന്നും പ്രതീക്ഷിക്കുന്നില്ല. ഈ സമരത്തിന്റെ അവസാനം എന്തായാലും അത് നല്ലതിനാണ് എന്നാണ് ഞാന്‍ കരുതുന്നത്.

WATCH THIS VIDEO:

അജ്‌മൽ ആരാമം

ഡൂൾ ന്യൂസിന്റെ ന്യൂസ് എഡിറ്റർ. തെഹൽക മാഗസിൻ, പി.ടി.ഐ എന്നിവിടങ്ങളിൽ ജോലി ചെയ്തു.

We use cookies to give you the best possible experience. Learn more