അറസ്റ്റിന് ശേഷമുള്ള ടെലഗ്രാം മേധാവി പവേല്‍ ദുരോവിന്റെ ആദ്യ പ്രസ്താവന
നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. കഴിഞ്ഞമാസം ഫ്രാന്‍സില്‍ എത്തിയതിന് പിന്നാലെ ടെലഗ്രാമില്‍ നടക്കുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ ആണ് ഉത്തരവാദി എന്ന തരത്തില്‍ ഫ്രഞ്ച് ഭരണകൂടം നിലപാട് സ്വീകരിക്കുകയുണ്ടായി. അതിന്റെ വിശദീകരണമായി അവര്‍ പറയുന്നത് അവര്‍ക്ക് ടെലഗ്രാമുമായി ബന്ധപ്പെട്ടപ്പോള്‍ പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചില്ല എന്നാണ്.
ആ പ്രതികരണം എനിക്ക് വളരെ ആശ്ചര്യകരമായി തോന്നി. അതിന് ചില കാരണങ്ങളുണ്ട്.
1. ടെലഗ്രാമിന് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള അപേക്ഷകള്‍ സ്വീകരിക്കാനും മറുപടി നല്‍കാനും ഒരു ഔദ്യോഗിക പ്രതിനിധിയുണ്ട്. ‘ടെലഗ്രാം ഇ.യു അഡ്രസ് ഫോര്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ്’ എന്ന് ഗൂഗിള്‍ ചെയ്താല്‍ യൂറോപ്യന്‍ യൂണിയനിലെ ആര്‍ക്ക് വേണമെങ്കിലും അവരെ ബന്ധപ്പെടാം.
2. ഫ്രഞ്ച് അതോറിറ്റിക്ക് സഹായത്തിനായി എന്നെ ബന്ധപ്പെടാന്‍ വേറെയും ഒരുപാട് വഴികളുണ്ടായിരുന്നു. ഒരു ഫ്രഞ്ച് പൗരനെന്ന നിലയില്‍ ഞാന്‍ ഇടയ്ക്കിടെ ദുബായിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. കുറച്ച് മാസം മുമ്പ് ഫ്രാന്‍സിലെ ടെററിസം നിയന്ത്രിക്കുന്നതിനായി ടെലഗ്രാമുമായി ഒരു ഹോട്ട്‌ലൈന്‍ സ്ഥാപിക്കാന്‍ ഞാന്‍ തന്നെ നേരിട്ട് അവരെ സഹായിച്ചിട്ടുണ്ട്.
3. ഏതെങ്കിലും ഒരു രാജ്യം ഒരു ഇന്റര്‍നെറ്റ് സര്‍വീസുമായി ബന്ധപ്പെട്ട് അസന്തുഷ്ടരാണെങ്കില്‍ അവര്‍ ആദ്യം ചെയ്യുന്ന കാര്യം ആ സേവനക്കാര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിക്കുക എന്നതാണ്. അല്ലാതെ ഈ സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ ആ പ്ലാറ്റ്‌ഫോമിലെ മൂന്നാം പാര്‍ട്ടികള്‍ നടത്തുന്ന ക്രൈമിന് അതിന്റെ സി.ഇ.ഒയ്‌ക്കെതിരെ നടപടിയെടുക്കുകയല്ല വേണ്ടത്. അത് വളരെ തെറ്റായ സമീപനമാണ്. ഒരു ടെക്‌നോളജി വികസിപ്പിച്ചെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ നടക്കുന്ന ക്രൈമുകളുടെ പേരില്‍ അതിന്റെ നിര്‍മാതാവിന്റെ പേരില്‍ കേസ് എടുക്കാന്‍ തുടങ്ങിയാല്‍ പിന്നെ ആരും തന്നെ ഒരു ടൂളുകളും വികസിപ്പിക്കാതാവും.
4. സ്വകാര്യതയും സുരക്ഷയും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. അതിനായി ഞങ്ങള്‍ ഞങ്ങളുടെ നിയമങ്ങളും ഇ.യുവിലെ നിയമങ്ങളും തമ്മില്‍ സമന്വയിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ അതിന് സാങ്കേതികപരമായി നിരവധി പരിമിതികളുണ്ട്. ഒരു പ്ലാറ്റ്‌ഫോമെന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ നിലയുറപ്പിക്കണം എന്ന് ആഗ്രഹിക്കുകയും അതേസമയം ദുര്‍ബലമായ നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് അവ ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് നിങ്ങള്‍ ഉറപ്പ് വരുത്തുകയും വേണം.
ഇത്തരത്തില്‍ ഒരു ശരിയായ ബാലന്‍സ് നിലനിര്‍ത്താന്‍ റെഗുലേറ്റേഴ്‌സുമായി നിരന്തരം ഇടപെഴകാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനതത്വങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. അതിനാല്‍ തന്നെ ഉപയോക്താക്കളുടെ സംരക്ഷണത്തിനായി അധികൃതരുമായി എപ്പോള്‍ വേണമെങ്കിലും ആശയവിനിമയം നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്.
എന്നാല്‍ ചില സമയങ്ങളില്‍ രാജ്യത്തെ അധികൃതരുമായി, സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാറില്ല. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ആ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. അങ്ങനെ ഞങ്ങള്‍ പലപ്രാവശ്യം ചെയ്തിട്ടുമുണ്ട്. റഷ്യ ഇത്തരത്തില്‍ ഒരു തവണ സര്‍വെയിലന്‍സിന്റെ ഭാഗമായി ടെലഗ്രാമിന്റെ ‘എന്‍സ്‌ക്രിപ്ഷന്‍ കീസ്’ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞങ്ങള്‍ അത് കൈമാറാന്‍ തയ്യാറാകാത്തതിനാല്‍ അവര്‍ ഞങ്ങളെ നിരോധിച്ചു.
അതുപോലെതന്നെ ഇറാന്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന പ്രൊട്ടസ്റ്റേഴ്‌സിന്റെ ചാനലുകള്‍ നിരോധിക്കണം എന്ന് പറഞ്ഞപ്പോള്‍ അതിന് സമ്മതം നല്‍കാത്തതിനാല്‍ ഇറാനും ടെലഗ്രാം നിരോധിച്ചു. ഞങ്ങളുടെ പ്രവര്‍ത്തനതത്വങ്ങളുമായി ഒത്തുപോകാത്ത വിപണികള്‍ വിടാന്‍ ഞങ്ങള്‍ തയ്യാറാണ്, കാരണം ഞങ്ങള്‍ ഇതൊന്നും പണത്തിന് വേണ്ടിയല്ല ചെയ്യുന്നത്. മറിച്ച് ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും അവ ലംഘിക്കപ്പെടുന്ന ഘട്ടങ്ങളില്‍ പ്രതിരോധിക്കാനും വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഞാന്‍ ഇത്രയും പറഞ്ഞതിലൂടെ ടെലഗ്രാം പെര്‍ഫെക്ട് ആണെന്ന് സമര്‍ത്ഥിക്കുകയല്ല ചെയ്യുന്നത്. ഞങ്ങളുമായി ആശയവിനിമയം നടത്തുവാന്‍ അതോറിറ്റികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ ആ കാര്യം തീര്‍ച്ചയായും ഞങ്ങള്‍ മെച്ചപ്പെടുത്തണം. അതേസമയം ടെലഗ്രാം അരാജകത്വത്തിന്റെ പറുദീസയാണെന്ന് ചില മാധ്യമങ്ങളുടെ ആരോപണം തികച്ചും തെറ്റാണ്.
കുറ്റകരമായ ഉള്ളടക്കങ്ങള്‍ ഉള്ള ദശലക്ഷക്കണക്കിന് പോസ്റ്റുകളും ചാനലുകളും ഞങ്ങള്‍ ദിനംപ്രതി നീക്കം ചെയ്യാറുണ്ട്. ഇപ്പോള്‍ ചെയ്തതുപോലെ ദിവസേന ഞങ്ങള്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടുകളും പങ്ക് വെക്കാറുമുണ്ട്. അടിയന്തരമായി നടപടികള്‍ എടുക്കുന്നതിനായി എന്‍.ജി.ഒകളുമായി ബന്ധപ്പെടാന്‍ ഹോട്ട്‌ലൈന്‍സ് സംവിധാനവുമുണ്ട്.
എന്നാല്‍ ഇതൊന്നും പര്യാപ്തമല്ല എന്ന് പറയുന്ന ശബ്ദങ്ങള്‍ ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്. ആപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 95 കോടിയായി ഉയര്‍ന്നത് പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം ചെയ്യാന്‍ കുറ്റവാളികള്‍ക്ക് സൗകര്യപ്രദമായിട്ടുണ്ട്. അതിനാല്‍ ആപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഞാന്‍ വ്യക്തിപരമായി ശ്രമങ്ങള്‍ നടത്തും. അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ബാക്കിവിവരങ്ങള്‍ ഞാന്‍ വളരെ പെട്ടെന്ന് തന്നെ നിങ്ങളെ അറിയിക്കാം.
ഓഗസ്റ്റില്‍ നടന്ന ഈ സംഭവങ്ങള്‍ ടെലഗ്രാമിനെ കൂടുതല്‍ ശക്തരാക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരിക്കല്‍കൂടി നിങ്ങളെ സ്‌നേഹത്തിനും മീമുകള്‍ക്കും നന്ദി അറിയിക്കുന്നു.
Content Highlight: Telegram C.E.O Pavel Durov’s first statement after arrest