4ജി ഫോണുകള്‍ക്ക് പിന്നാലെ 5ജി ഫോണുകള്‍ വരുന്നു. ഇതിനായി ലോകത്തെ പ്രമുഖ ടെലികോം കമ്പനികള്‍ 5ജി മാനിഫെസ്റ്റോയില്‍ ഒപ്പുവെച്ചു. യൂറോപ്യന്‍ യൂണിയനിലുള്ള എല്ലാ രാജ്യങ്ങളിലും 2020 നുള്ളില്‍ 5ജി നെറ്റ്‌വര്‍ക്ക് എത്തിക്കുമെന്ന് മാനിഫെസ്റ്റോയില്‍ പറയുന്നു.
അതിവേഗ ഇന്റര്‍നെറ്റാണ് 5ജി ലക്ഷ്യം വെക്കുന്നത്. നിലവില്‍ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് സര്‍വീസ് 4ജിയാണ്. എന്നാല്‍ 4ജിയേക്കാള്‍ 1000 മടങ്ങ് വേഗതയോടെയാവും 5ജി എത്തുക. ഒരു മുഴുവന്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ കേവലം 1 സെക്കന്റ് മാത്രമാണ് 5ജിയില്‍ ആവശ്യമായി വരിക. ബ്രിട്ടീഷ് ടെലികമ്യൂണിക്കേഷന്‍സ്, നോക്കിയ, ഓറഞ്ച്, വൊഡാഫോണ്‍ തുടങ്ങിയ കമ്പനികളാണ് കരാറിലൊപ്പിട്ടത്.
നിലവിലുള്ള നെറ്റ് ന്യൂട്രാലിറ്റി വ്യവസ്ഥകള്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തടസ്സമാകുന്നുണ്ടെന്ന് 5 ജി മാനിഫെസ്റ്റോയില്‍ പറയുന്നു. ബോഡി ഓഫ് യൂറോപ്യന്‍ റെഗുലേറ്റേഴ്‌സ് ഫോര്‍ ഇലക്ട്രോണിക് കമ്യൂണിക്കേറ്റേഴ്‌സ് ഏര്‍പ്പെടുത്തിയ പല നിയമാവലികളും പഴഞ്ചനാണെന്നുള്ള ആരോപണവും മാനിഫെസ്റ്റോയിലുണ്ട്. 2015 ഒക്ടോബറില്‍ നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ള ശ്രമങ്ങളെ യൂറോപ്യന്‍ യൂണിയന്‍ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തിയിരുന്നു. 5ജിക്ക് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.