കൊല്‍ക്കത്ത: രാജ്യത്തെ ടെലകോം കമ്പനികള്‍ അവരുടെ ഉപഭോക്താക്കളായ അതിഥി തൊഴിലാളികള്‍ക്ക് ഫോണ്‍ കോള്‍ സേവനം സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള തുക അവരുടെ കയ്യിലുണ്ടാവില്ലെന്നും അതിനാല്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് സേവനം സൗജന്യമായി നല്‍കണമെന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടത്.
ഈ രാജ്യത്തെ മനുഷ്യരെ ഇപ്പോള്‍ സഹായിക്കുക എന്നത് നമ്മുടെ ദേശീയ ഉത്തരവാദിത്വമാണ്. ദശലക്ഷ കണക്കിന് അതിഥി തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങി. പട്ടിണിയോടും വിശപ്പിനോടും രോഗങ്ങളോടും അവര്‍ പൊരുതുകയാണ്. അതേ സമയം തന്നെ അവരുടെ കുടുംബാംഗങ്ങളെ വിളിക്കുവാന്‍ അവര്‍ക്ക് റിചാര്‍ജ് ചെയ്യാന്‍ പണമില്ല. അതിനാല്‍ സൗജന്യ സേവനം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോളുകള്‍ സൗജന്യമാക്കണമെന്ന ആവശ്യത്തെ പരിഗണിക്കുമെന്ന് റിലയന്‍സ് ജിയോയും എയര്‍ടെല്ലും വൊഡാഫോണുമൊക്കെ ഉള്‍പ്പെട്ട സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറഞ്ഞു. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കാണ് ടെലകോസ് മുന്‍തൂക്കം കൊടുക്കുന്നതെന്നും രാജന്‍ മാത്യൂസ് പറഞ്ഞു.