| Thursday, 19th April 2018, 5:32 pm

മരമുത്തശ്ശന്‍ അത്യാസന്ന നിലയില്‍; ഡ്രിപ്പ് നല്‍കി ചികിത്സിച്ച് വനം വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: 700 വര്‍ഷത്തിലധികം പഴക്കമുള്ള മരം അപകടനിലയിലായതോടെ മരത്തിന് സലിന്‍ ഡ്രിപ്പ് നല്‍കി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് വനംവകുപ്പ്. തെലങ്കാനയിലെ മെഹ്ബൂബ് നഗറിലെ വനം വകുപ്പിന് കീഴിലുള്ള പേരാല്‍ മരമാണ് “അത്യാസന്ന നിലയില്‍” ചികിത്സയില്‍ കഴിയുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പേരാല്‍ മരമാണിതെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. തദ്ദേശീയര്‍ “പില്ലലാമരി” എന്ന് വിളിക്കുന്ന ഈ മരം കാണാന്‍ നിരവധി സഞ്ചാരികളാണ് ഡിസംബര്‍ വരെ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ മരം നശിച്ചു തുടങ്ങി എന്ന് തിരിച്ചറിഞ്ഞതോടെ ജില്ലാഭരണകൂടം സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.


Read | ‘കാതലേ…കണ്ണിന്‍ കാവലായി’ ടോവിനോ ചിത്രം മറഡോണയുടെ ആദ്യ ഗാനം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


ചിതല്‍ശല്യമാണ് മരത്തിന്റെ നാശത്തിന് പ്രധാന കാരണം. വേര് മുതല്‍ ചെറു ചില്ലകള്‍ വരെ ചിതല്‍ വ്യാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ മരത്തിന്റെ ശിഖരങ്ങളില്‍ തുടര്‍ച്ചയായി കയറിയത് കാരണം ശാഖകള്‍ താഴേക്ക് താഴ്ന്നതും മരത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായി. ഇതോടെ ജില്ലാകലക്ടര്‍ റൊണാള്‍ഡ് റോസ് ഇടപെട്ട് മരത്തിന്റെ പരിസരത്തേക്ക് സഞ്ചാരികളുടെ പ്രവേശനം വിലക്കുകയായിരുന്നു. തുടര്‍ന്ന് ഈ മരം സംരക്ഷിക്കാനായി വനം വകുപ്പിന് കൈമാറുകയായിരുന്നു.

പേരാലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഉടനം വനം വകുപ്പ് ഡ്രിപ്പ് ഇട്ട് ചികിത്സയും ആരംഭിച്ചു. ക്ലോറോപിരിഫോസ് ലായനിയാണ് സലിന്‍ കുപ്പിയില്‍ നിറച്ച് മരത്തില്‍ കുത്തിവയ്ക്കുന്നത്. ചിതലിനെ ചെറുക്കുക എന്നതാണ് ലക്ഷ്യം. നേര്‍പ്പിച്ച ലായനി പമ്പ് വച്ച് അടിച്ച് കയറ്റാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ അത് ഫലപ്രദമല്ലെന്ന് കണ്ടതോടെയാണ് ഡ്രിപ്പ് ചികിത്സ തുടങ്ങിയത്.


Read | സ്ത്രീകള്‍ക്കെതിരായ ആക്രമണം; ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ബി.ജെ.പി ജനപ്രതിനിധികള്‍ക്കെതിരെ


നൂറ് കണക്കിന് സലിന്‍ ബോട്ടിലാണ് ചിതല്‍ നശീകരണി നിറച്ച് മരത്തില്‍ തൂക്കിയത്. പുതിയ വിദ്യ നല്ല മാറ്റമുണ്ടാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഇനിയും രണ്ടോ മൂന്നോ മാസം കൂടെ ചികിത്സ തുടര്‍ന്നാലെ മരം പൂര്‍ണമായും രക്ഷപ്പെടൂ എന്നാണ് വനംവകുപ്പ് പറയുന്നത്.

We use cookies to give you the best possible experience. Learn more