ആന്ധ്രപ്രദേശ്: തെലങ്കാനയില്‍ തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെത്തിയതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘം അപകടസ്ഥലത്തെത്തി പേരുകള്‍ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമൊന്നുമുണ്ടായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
24 മണിക്കൂറുകള്‍ മുമ്പാണ് പണി നടക്കുന്ന തുരങ്കത്തിനുള്ളില്‍ എട്ടോളം പേര്‍ കുടുങ്ങിയത്. കുടുങ്ങി കിടക്കുന്നവരുടെ അടുത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്താറായെന്നും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദേശീയ ദുരന്തനിവാരണ സേന, കരസേന, നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, സിംഗരേണി കൊളിയറീസ്, എസ്.ഡി.ആര്‍.എഫ് തുടങ്ങി 300ഓളം പേര്‍ രക്ഷാദൗത്യസംഘത്തിലുണ്ട്.
സംഘം ട്രെയിനിന്റെ സഹായത്തോടെ 11 കിലോമീറ്റര്‍ ഉള്ളില്‍ എത്തിയതായും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടണല്‍ മെഷീനിന്റെ അടുത്തുവരെ എത്തിയെന്നും അതിന്റെ മുമ്പിലാണ് കുടുങ്ങി കിടക്കുന്ന എട്ടുപേരുമുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം 200 മീറ്റര്‍ നീളമാണ് യന്ത്രത്തിനുള്ളതെന്നും സംസ്ഥാന ജലസേചന ഉപദേഷ്ടാവ് ആദിത്യനാഥ് ദാസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇരുമ്പ്, ചെളി, സിമന്റ് കട്ടകള്‍ പോലുള്ള അവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ നീക്കി വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം തൊഴിലാളികളെ രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
വിവരങ്ങളനുസരിച്ച് രണ്ട് എഞ്ചിനീയര്‍മാരും നാല് തൊഴിലാളികളും രണ്ട് യു.എസ് കമ്പനിയിലെ ജീവനക്കാരുമാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
Content Highlight: Telangana tunnel collapse accident; The rescue is in its final stages