| Thursday, 12th July 2018, 1:07 pm

ഭരണം പിടിക്കാന്‍ കര്‍ഷകരുടെ കൂട്ടുതേടി ബി.ജെ.പിയും ടി.ആര്‍.എസും: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ബി.ജെ.പിയുടെ വാഗ്ദാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ടു ലക്ഷം രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് ബി.ജെ.പിയുടെ വാഗ്ദാനം. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ കര്‍ഷക സൗഹൃദ പദ്ധതികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ബി.ജെ.പിയുടെ പുതിയ പ്രഖ്യാപനം.

പ്രതിവര്‍ഷം ഏക്കറിന് എണ്ണായിരം രൂപ വച്ച് കര്‍ഷകര്‍ക്കു നല്‍കുന്ന ഋതു ബന്ധു സ്‌കീം വഴി സംസ്ഥാനത്തെ കര്‍ഷകരുടെ പിന്തുണയാര്‍ജ്ജിക്കാമെന്ന ടി.ആര്‍.എസിന്റെ ആത്മവിശ്വാസത്തിനാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്.

2019ലെ തെരഞ്ഞെടുപ്പില്‍ തങ്ങളെ അധികാരത്തിലേറ്റിയാല്‍ രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതോടൊപ്പം കുഴല്‍ക്കിണര്‍ കുഴിക്കാനുള്ള സാമ്പത്തിക സഹായവും നല്‍കുമെന്ന് ബി.ജെ.പി നേതൃത്വം പറയുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ വളര്‍ച്ചയെ സഹായിക്കാന്‍ ജന ചൈതന്യ യാത്ര നടത്തുമെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. ലക്ഷ്മണ്‍ അറിയിച്ചു.


Also Read: പ്രിയങ്ക ചോപ്രയെ രാഹുല്‍ ഗാന്ധിയുടെ നായയോട് ഉപമിച്ച് ബി.ജെ.പി നേതാവ്; വിവാദമായപ്പോള്‍ തടിയൂരി


ടി.ആര്‍.എസിന്റെ കാര്‍ഷിക പദ്ധതികളില്‍ നിന്നും ഒരു തരത്തിലുള്ള ഗുണങ്ങളും ലഭിച്ചിട്ടില്ലാത്ത അനേകം കര്‍ഷകരുണ്ടെന്നും ലക്ഷ്മണ്‍ ആരോപിക്കുന്നുണ്ട്.

“നിലം പാട്ടത്തിനെടുത്തു കൃഷിചെയ്യുന്ന കര്‍ഷകരാണ് ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത്. ബാങ്കുകള്‍ അവര്‍ക്കു ധനസഹായം നല്‍കാത്തതിനാല്‍ മിക്കപ്പോഴും പലിശയ്ക്കു പണം കടം വാങ്ങിയാണ് ഇവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ടി.ആര്‍.എസ് സര്‍ക്കാരിന്റെ തീരുമാനങ്ങളിലെ അപാകതകള്‍ കാരണം തെലങ്കാനയിലെ കാര്‍ഷിക രംഗം പ്രതിസന്ധിയിലാണ്. ബി.ജെ.പി കര്‍ഷകരെ രക്ഷപ്പെടുത്തും.”

എന്നാല്‍, ബി.ജെ.പിയുടെ വാഗ്ദാനം ഒരിക്കലും നടക്കാത്ത നടപടിയാണെന്നും ഇത്തരമൊരു നീക്കം നടത്താന്‍ ആരാലും സാധ്യമല്ലെന്നും കൃഷി മന്ത്രി പി. ശ്രീനിവാസ് റെഡ്ഡി പറയുന്നു. “ടി.ആര്‍.എസിലും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിലും ഇവിടുത്തെ കര്‍ഷകര്‍ സന്തുഷ്ടരാണ്. ഋതു ബന്ധു സ്‌കീം പോലെ അവരുടെ ക്ഷേമത്തെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതികള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ അവരെ സഹായിക്കുകയാണ്. അവരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ടാകുമെന്ന് ഉറപ്പാണ്.” അദ്ദേഹം വിശദീകരിച്ചു.


Also Read: കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ ഒരു ഓര്‍ത്തഡോക്‌സ് സഭ വൈദികന്‍ കീഴടങ്ങി


കൃഷിയിടത്തിലേക്ക് തൊഴിലാളികളെ കണ്ടെത്തുന്നതിനും കൊയ്‌തെടുത്ത വിളകള്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനുമാണ് മിക്ക കര്‍ഷകരും വലിയ തുകകള്‍ കടം വാങ്ങുന്നതെന്ന് കാര്‍ഷിക സംഘടനയുടെ തലവനായ ജീവന്‍ റെഡ്ഡി പറയുന്നു. “ഋതു ബന്ധു പദ്ധതി ഈ വിഷയം കണക്കിലെടുക്കുന്നില്ല. തെലങ്കാനയിലെ മിക്ക കര്‍ഷകര്‍ക്കും രണ്ട് ഏക്കറില്‍ താഴെയേ ഭൂമിയുള്ളൂ. അതുകൊണ്ടു തന്നെ പ്രതിവര്‍ഷം എണ്ണായിരം രൂപയെന്നത് വലിയ സഹായമാവില്ല. പാട്ടത്തിന് സ്ഥമെടുത്ത് കൃഷിചെയ്യുന്നവരും പദ്ധതിക്കു പുറത്താണ്. ഈ സാഹചര്യത്തില്‍ തീര്‍ച്ചയായും ബി.ജെ.പിയുടെ വാഗ്ദാനം കര്‍ഷര്‍ക്ക് സ്വീകാര്യമായിരിക്കും.” റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയും ടി.ആര്‍.എസ് സര്‍ക്കാര്‍ ജൂണില്‍ കൊണ്ടുവന്നിരുന്നു.

We use cookies to give you the best possible experience. Learn more