'എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തും'; ജാതി സെന്‍സസ് ആരംഭിച്ച് തെലങ്കാനയും
national news
'എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തും'; ജാതി സെന്‍സസ് ആരംഭിച്ച് തെലങ്കാനയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2024, 3:59 pm

ഹൈദരാബാദ്: ജാതി സെന്‍സസ് നടപടികള്‍ ആരംഭിച്ച് തെലങ്കാന. സര്‍വേ നടത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഓരോ ഉദ്യോഗസ്ഥനും 150 വീടുകള്‍ സന്ദര്‍ശിച്ചായിരിക്കും സെന്‍സസ് നടത്തുക.

ഇന്ന് (ബുധനാഴ്ച) പിന്നോക്ക വികസനമന്ത്രി പൂനം പ്രഭാകര്‍ സര്‍വേ നടപടികള്‍ ഉദ്ഘാടനം ചെയ്തു. നവംബര്‍ അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാകും വിധമാണ് സെന്‍സസിന്റെ ക്രമീകരണങ്ങളെന്ന് മന്ത്രി പറഞ്ഞു.

വീടുകള്‍ സന്ദര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ 50 ചോദ്യങ്ങളാണ് കുടുംബങ്ങളോട് ചോദിക്കുക. ചോദ്യങ്ങളില്‍ എല്ലാ വിഭാഗങ്ങളുടെയും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, വരുമാനം, രാഷ്ട്രീയ പ്രാതിനിധ്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്.

സര്‍വേ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന 80,000 ടീമുകളെയാണ് സെന്‍സസ് നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്. സര്‍വേ നടന്ന വീടുകള്‍ തിരിച്ചറിയുന്നതിനായി വാതിലുകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കും. ശേഖരിക്കുന്ന വിവരങ്ങള്‍ അതത് ദിവസങ്ങളില്‍ വില്ലേജ്, തഹസില്‍ദാര്‍ ഓഫീസുകളില്‍ പരിശോധിക്കുകയും ചെയ്യും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ജാതി സെന്‍സസ്. സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ ജാതി സെന്‍സസ് നടത്തുന്നതിനായുള്ള നടപടികള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

തെലങ്കാന സര്‍ക്കാരിന് പിന്തുണ അറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ (ചൊവ്വാഴ്ച) സംസ്ഥാനത്ത് എത്തിയിരുന്നു. തെലങ്കാന ജാതി സെന്‍സസിന് ഒരു മോഡലായി മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ അംഗീകരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തുടനീളം ജാതി സെന്‍സസ് നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. നേരത്തെ കര്‍ണാടകയിലും ബീഹാറിലും ജാതി സെന്‍സസ് നടത്തിയിരുന്നു. എന്നാല്‍ ജാതി സെന്‍സസ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ നിതീഷ് കുമാര്‍ ഇന്ത്യാ സഖ്യം വിട്ട് എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമായത്.

എന്നാല്‍ ജാതി സെന്‍സസിനെതിരായ മോദി സര്‍ക്കാരിന്റെ നിലപാടുകളില്‍ നിതീഷ് കുമാര്‍ അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പിയുടെ ഘടകകക്ഷികളായ ഏതാനും പാര്‍ട്ടികളിലെ നേതാക്കളും ജാതി സെന്‍സസിന് പിന്തുണ അറിയിച്ചിരുന്നു.

ആന്ധ്രാപ്രദേശിലും ജാതി സെന്‍സസ് നടപടികള്‍ ആരംഭിച്ചിരുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ജാതി സെന്‍സസിന് സംസ്ഥാനത്ത് തുടക്കമിട്ടത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ടി.ഡി.പി സര്‍ക്കാര്‍ നിലവില്‍ വന്നതോടെ സെന്‍സസ് നിര്‍ത്തിവെക്കുകയായിരുന്നു.

Content Highlight: Telangana too by starting caste census