ബ്രാഹ്മണ പൂജാരിമാരെ വിവാഹം ചെയ്താല്‍ യുവതികള്‍ക്ക് 3 ലക്ഷം രൂപ കൊടുക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍
Daily News
ബ്രാഹ്മണ പൂജാരിമാരെ വിവാഹം ചെയ്താല്‍ യുവതികള്‍ക്ക് 3 ലക്ഷം രൂപ കൊടുക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2017, 9:34 am

ഹൈദരാബാദ്: ബ്രാഹ്മണരായ പൂജാരിമാരെ വിവാഹം ചെയ്താല്‍ 3 ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനവുമായി തെലങ്കാന സര്‍ക്കാര്‍. വധൂവരന്മാരുടെ പേരില്‍ മൂന്നു വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമായാണ് പണം നല്‍കുക. ഇതിന് പുറമെ കല്ല്യാണം നടത്താന്‍ ഒരു ലക്ഷം രൂപയും അനുവദിക്കും.

പൂജാരിമാരായ യുവാക്കള്‍ക്ക് സമൂഹത്തില്‍ വലിയ സ്ഥാനം ലഭിക്കുന്നില്ലെന്നും കുറഞ്ഞ വരുമാനമായത് കൊണ്ട് ഇവരെ ജീവിത പങ്കാളികളാക്കാന്‍ യുവതികള്‍ മടിക്കുന്നുണ്ടെന്നും തെലങ്കാന ബ്രാഹ്മണ്‍ സംക്ഷേമ പരിഷദ് ചെയര്‍മാന്‍ കെ.വി രാമനാചാരി പറഞ്ഞു. ഇയാള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ഉപദേശകന്‍കൂടിയാണ്.

യുവതികള്‍ വിവാഹം ചെയ്യാന്‍ തയ്യാറാകാത്തതിനാല്‍ പല പൂജാരിമാരും അവിവാഹിതരായി തുടരുകയാണെന്നും രാമനാചാരി പറയുന്നു. “കല്യാണമസ്തു” എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതി നവംബര്‍ മുതല്‍ ആരംഭിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

സംസ്ഥാനത്തെ 4805 അമ്പലങ്ങളിലെ പൂജാരിമാര്‍ക്ക് അടുത്തമാസംമുതല്‍ സര്‍ക്കാര്‍ സ്‌കെയിലില്‍ ശമ്പളം നല്‍കുമെന്ന് കഴിഞ്ഞമാസം മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രഖ്യാപിച്ചിരുന്നു.