ഹൈദരാബാദ്: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ ഡി.എം.കെ അഫ്‌സലിന് ചികിത്സയ്ക്കുള്ള ധനസഹായം കൈമാറി തെലങ്കാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍.
ഡി.എം.കെ അഫ്‌സലിന് മൂന്ന് ലക്ഷം രൂപയാണ് ധനസഹായം നല്‍കിയത്. തെലങ്കാന സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ശിവസേന റെഡിയും വൈസ് ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറുമായ എ. സോണിബാല ദേവിയും ചേര്‍ന്നാണ് ധനസഹായം കൈമാറിയത്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി അഫ്സല്‍ (ദോസ്ത് മുഹമ്മദ് ഖാന്‍ അഫ്സല്‍) ഓള്‍ഡ് ഹൈദരാബാദിലെ മെഹദിപ്പട്ടണത്ത് ചികിത്സക്ക് പോലും പണമില്ലാതെ പ്രയാസപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രതിസന്ധികള്‍ ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് ഡി.എം.കെ അഫ്‌സലിന്റെ വീട്ടില്‍ നേരിട്ടെത്തി എസ്.എ.ടി.ജി ചികിത്സയ്ക്കുള്ള സഹായം കൈമാറിയത്. അദ്ദേഹത്തിന്റെ പങ്കാളിയുടെ സാന്നിധ്യത്തില്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ചെക്ക് കൈമാറുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍മാരായ ഷബ്ബീര്‍ അലി, വിക്ടര്‍ അമല്‍രാജ് എന്നിവര്‍ക്കൊപ്പമാണ് എസ്.എ.ടി.ജി ഉദ്യോഗസ്ഥര്‍ അഫ്‌സലിന്റെ വസതിയിലെത്തിയത്.
അഫ്സലിന്റെ ആരോഗ്യനില തങ്ങളെ ദുഖിതരാക്കിയെന്ന് എസ്.എ.ടി.ജി വൈസ് ചെയര്‍പേഴ്‌സണ്‍ സോണിബാല അറിയിച്ചു. ഫുട്ബോളിനെ ഒരു പാഷനായി കണ്ട് കളിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും സോണിബാല പറഞ്ഞു. സ്പോര്‍ട്സിനെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അവശരായ കായിക താരങ്ങളെ സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുണക്കേണ്ടതുണ്ടെന്നും സോണിബാല കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ തെലങ്കാന സര്‍ക്കാരിന്റെ കായിക സെക്രട്ടറി ജയേഷ് രഞ്ജന്റെ ശ്രമങ്ങളെ തങ്ങള്‍ വളരെയധികം അഭിനന്ദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഈ സാമ്പത്തിക സഹായം അഫ്‌സലിന്റെ ചികിത്സക്കായി കുടുംബം വഹിക്കുന്ന ചെലവിന് കുറച്ച് ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്.എ.ടി.ജി ചെയര്‍മാന്‍ ശിവസേന റെഡ്ഡി ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
‘ഇന്ത്യയിലേക്ക് പുരസ്‌കാരങ്ങള്‍ എത്തിച്ചവര്‍ക്കും ബുദ്ധിമുട്ടുന്നവര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ പുറത്തിറക്കുന്ന കായിക നയത്തില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തും,’ ശിവസേന റെഡ്ഡി ഉറപ്പ് നല്‍കി.
സാമ്പത്തിക സഹായം ലഭിച്ചതിന് പിന്നാലെ ഡി.എം.കെ അഫ്‌സലിന്റെ കുടുംബാംഗങ്ങള്‍ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്ക് നന്ദി അറിയിച്ചു.
ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ വിജയത്തിന്റെ ഭാഗമായിരുന്നു ഡി.എം.കെ അഫ്‌സല്‍. ഇന്ന് അഫ്സലിനൊപ്പം ആ ടീമില്‍ കളിച്ചിരുന്ന അരുണ്‍ ഘോഷും അരുമനായകവും മാത്രമേ ജീവിച്ചിരിപ്പുള്ളൂ.
1962ല്‍ ഹൈദരാബാദുകാരനായ റഹീം സാബിന്റെ ശിക്ഷണത്തിലാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഏഷ്യന്‍ ഗെയിംസ് ഫുട്ബോളിനായി കളത്തിലിറങ്ങിയത്.
Content Highlight: Telangana Sports Council hands over medical aid to DMK Afzal