| Sunday, 18th August 2019, 3:42 pm

'പ്രസവമെന്നാല്‍ അനന്തം അജ്ഞാതം അവര്‍ണനീയം, ശരീരഭാഗങ്ങളില്‍ ലിംഗവും യോനിയും ഇല്ല'; പ്രത്യുല്‍പാദനത്തെക്കുറിച്ച് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് തെലങ്കാനയിലെ ബയോളജി പാഠപുസ്തകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുട്ടികളുണ്ടാകുന്നത് ഇപ്പോഴും അജ്ഞാതമെന്ന് തെലുങ്കാനയിലെ പത്താംക്ലാസ് പാഠപുസ്തകം. തെലുങ്കാന എസ്.സി.ആര്‍.ടി പുറത്തിറക്കിയ പത്താം ക്ലാസിലെ ബയോളജി പാഠ പുസ്തകത്തിലാണ് പ്രസവം ഇതുവരെയും കണ്ടുപിടിക്കപ്പെടാത്ത രഹസ്യമാണെന്ന് എഴുതിച്ചേര്‍ത്തിരിക്കുന്നത്.

ബയോളജി പുസ്തകത്തിന്റെ 126ാം പേജിലാണ് ഈ ‘അതിഗൂഢ രഹസ്യ’ത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്. എങ്ങനെയാണ് കുട്ടികള്‍ ജനിക്കുന്നത് എന്ന് വിശദമാക്കുന്ന പാഠഭാഗത്ത് ഭൂരിപക്ഷം അവസരങ്ങളിലും കുട്ടിയുടെ തലയാണ് ആദ്യം പുറത്തുവരുന്നതെന്ന് പറയുന്നു.

തുടര്‍ന്നുള്ള ഭാഗമിങ്ങനെ, ‘കുട്ടികള്‍ പിറക്കുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. അത് എങ്ങനെയാണ് സംഭവിക്കുന്നതെന്നും അറിയില്ല’. വിദഗ്ധരെയടക്കം അമ്പരപ്പിച്ചാണ് പാഠപുസ്തകം പ്രസവത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതെന്ന് ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിരവധി തെറ്റായ വിവരങ്ങളുടെയും തെറ്റിദ്ധാരണകളുടെയും ഒരു ഉദാഹരണം മാത്രമാണ് ഇതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന പാഠപുസ്തകത്തിലാണ് ഇത്തരം തെറ്റുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ലൈംഗികതയെക്കുറിച്ചും പ്രത്യുല്‍പാദനത്തെക്കുറിച്ചും കുട്ടികളിലുണ്ടാവുന്ന സംശയങ്ങളെ ദുരീകരിക്കേണ്ട പ്രായത്തിലാണ് അവര്‍ക്കുമുമ്പില്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ എത്തിക്കുന്നത്.

എട്ടാംക്ലാസിലെ ബയോളജി പുസ്തകത്തില്‍ ശൈശവ വിവാഹം സാമൂഹിക വിപത്താകുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന ഭാഗമുണ്ട്. ശൈശവ വിവാഹത്തിന്റെ പ്രശ്‌നങ്ങളും നിയമവശങ്ങളും വ്യക്തമാക്കേണ്ട ഈ ഭാഗത്ത് പക്ഷേ, പാഠ പുസ്തകത്തില്‍ തലക്കെട്ടിന് താഴെ വിവരിക്കുന്നത് വിവാഹത്തിന്റെ സാമൂഹിക പരിസരങ്ങളെക്കുറിച്ചാണ്.

‘രാജ്യത്തിന് അടുത്ത തലമുറയെ നല്‍കുന്നതിനുവേണ്ടി നടത്തുന്ന സാമൂഹികവും സാംസ്‌കാരികവുമായ ആചാരമാണ് വിവാഹം. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ള വിവാഹം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവക്കാറുണ്ട്’, ഇതാണ് ശൈശവ വിവാഹത്തെക്കുറിച്ച് പാഠപുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വിവരം. പുസ്തകത്തിന്റെ രചയിതാക്കള്‍ക്ക് വിവാഹമെന്നാല്‍ രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി പ്രത്യുല്‍പാദന പ്രക്രിയയില്‍ ഏര്‍പ്പെടുന്ന പ്രവൃത്തിമാത്രമാണെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

ജനനേന്ദ്രിയവ്യൂഹമടങ്ങുന്ന ശരീര ഭാഗങ്ങളെക്കുറിച്ചുള്ള പത്താംക്ലാസിലെ പാഠഭാഗത്ത് പുരുഷ ലിംഗവും യോനിയും ഒഴിവാക്കിയിരിക്കുകയാണ്.

‘പ്രസവത്തെക്കുറിച്ച് അബദ്ധധാരണകള്‍ മാത്രം പുലര്‍ത്തുന്ന, പ്രത്യുല്‍പാദന പ്രക്രിയ എന്താണെന്ന് പോലും അറിയില്ലാത്തവര്‍ ഈ പുസ്തകം എഴുതിയതിനെക്കുറിച്ച് എനിക്ക് ആലോചിക്കാന്‍പോലും കഴിയുന്നില്ല. കുട്ടികള്‍ക്ക് ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാനുതകുന്ന ഒരുപാട് രീതികളും അതിന് ആവശ്യമായ ശാസ്ത്രീയ പഠനങ്ങളും ഇവിടെ ലഭ്യമാണല്ലോ. ഗര്‍ഭപാത്രത്തെക്കുറിച്ചും ബീജ കോശത്തെക്കുറിച്ചും മറ്റ് ശരീര ഭാഗങ്ങളെക്കുറിച്ചും എഴുതുന്നവര്‍ എന്തിനാണ് പുരുഷ ലിംഗം, യോനി എന്നീ വാക്കുകള്‍ ഒഴിവാക്കുന്നത്?’, ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ സുവോളജി അസിസ്റ്റന്റ് പ്രൊഫസര്‍ സി ശ്രീനിവാസലു ചോദിക്കുന്നു.

പാഠപുസ്തകം കുട്ടികള്‍ക്കുള്ളില്‍ വലിയ തെറ്റിദ്ധാരണ വളര്‍ക്കാന്‍ ഇടവെക്കുമെന്നും അവര്‍ എതില്‍ ലിംഗത്തില്‍ പെടുന്നവരെ വെറും വസ്തുക്കള്‍ മാത്രമായേ കാണൂ എന്നും രക്ഷകര്‍ത്താക്കളുടെ സംഘടനാ പ്രതിനിധികളും പറഞ്ഞു. പുസ്തകത്തിന്റെ രചയിതാക്കളുടെ ഇടുങ്ങിയ ചിന്താഗതിയാണ് ഇത്തരം തെറ്റായ വിവരങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെന്ന് ഒരു സി.ബി.എസ്.സി സ്‌കൂളിന്റെ ഡയറക്ടര്‍ അഞ്ജലി റസ്ദാന്‍ അഭിപ്രായപ്പെട്ടു.

ഉദയപൂര്‍ വിദ്യാഭവന്‍ എഡ്യുക്കേഷന്‍ റിസോഴ്‌സ് സെന്ററിലെ ഉദ്യോഗസ്ഥരാണ് പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താക്കള്‍

Latest Stories

We use cookies to give you the best possible experience. Learn more