ഹൈദരാബാദ്: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തെലങ്കാന രാഷ്ട്ര സമിതിയുടെ ദേശീയ രാഷ്ട്രീയ പ്രവേശനം ബുധനാഴ്ചയുണ്ടായേക്കും. വിജയദശമി ദിനമായ ഒക്ടോബര്‍ അഞ്ചിന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ആയിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുക.
ബുധനാഴ്ച ഹൈദരാബാദിലെ തെലങ്കാന ഭവനില്‍ ചേരുന്ന ജനറല്‍ ബോഡി യോഗത്തിലായിരിക്കും പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുക. ദസറ ദിനത്തില്‍ ദേശീയ പാര്‍ട്ടി ആരംഭിക്കുമെന്ന് ആദിവാസി ക്ഷേമ മന്ത്രി സത്യവതി റാത്തോഡ് പറഞ്ഞു.
ഞായറാഴ്ച കാബിനറ്റ് മന്ത്രിമാരേയും പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരേയും വിളിച്ചുചേര്‍ത്ത് കെ.സി.ആര്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണ് പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.
അതേസമയം ചന്ദ്രശേഖര്‍ റാവുവിനെ പിന്തുണയ്ക്കാന്‍ മുതിര്‍ന്ന ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും പാര്‍ട്ടിയുടെ 20 എം.എല്‍.എമാരും ചൊവ്വാഴ്ച ഹൈദരാബാദിലെത്തിയിരുന്നു.
ടി.ആര്‍.എസിന്റെ (തെലങ്കാന രാഷ്ട്ര സമിതി) പേര് ‘ഭാരത രാഷ്ട്ര സമിതി’ (ബി.ആര്‍.എസ്) എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് മേധാവിയുമായ എച്ച്.ഡി ദേവഗൗഡയെയും മകന്‍ കുമാരസ്വാമിയെയും ടി.ആര്‍.എസ് അധ്യക്ഷന്‍ റാവു സന്ദര്‍ശിക്കുകയും വിഷയത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
അതേസമയം മുനുഗോട് ഉപതെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ജനറല്‍ ബോഡി യോഗത്തെ വിജ്ഞാപനം ബാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മറ്റ് ഭാരവാഹികളും ഉള്‍പ്പെടെ ആകെ 283 നേതാക്കളായിരിക്കും ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കുക.