[]ന്യൂദല്‍ഹി: തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനെതിരെ ലോക്‌സഭയില്‍ തുടര്‍ച്ചയായി ബഹളം വെച്ച 12 എം.പിമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. []
കോണ്‍ഗ്രസ് പ്രതിനിധികളായ 7 പേരും തെലുങ്കുദേശം പാര്‍ട്ടിയിലെ നാല് അംഗങ്ങളേയുമാണ് 5 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
വിഷയത്തില്‍ ഇന്നും സഭയില്‍ ബഹളമുണ്ടാ ക്കിയതിനെ തുടര്‍ന്നാണ് നടപടി. നീതി വേണമെന്ന മുദ്രാവാക്യം വിളികളുമായി ഈ എംപിമാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇന്നും രണ്ട് തവണ സഭ തടസപ്പെട്ടിരുന്നു.
കല്‍ക്കരിപാടവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പതിനൊന്നു മണിക്ക് പ്രതിപക്ഷ ബഹളം മൂലം സഭ ആദ്യം നിര്‍ത്തിവെക്കേണ്ടി വന്നു. എന്നാല്‍ പിന്നീട് പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം സഭ പുനരാരംഭിച്ചെങ്കിലും തെലങ്കാന വിഷയത്തില്‍ സഭ വീണ്ടും പ്രക്ഷുബ്ദമാകുകയായിരുന്നു.
തുടര്‍ന്ന് സഭ 12 മണി വരെ നിര്‍ത്തിവെച്ചു. വീണ്ടും ചേര്‍ന്നപ്പോഴും ഇതേ വിഷയത്തില്‍ എം.പിമാര്‍ ബഹളം തുടര്‍ന്നതിനാല്‍ നടപടികള്‍ ആരംഭിക്കാനായില്ല.
തെലങ്കാന വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച 11 എം.പി മാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഇന്നലെ പാര്‍ലമെന്റ്കാര്യമന്ത്രി കമല്‍നാഥാണ് അവതരിപ്പിച്ചത്. എന്നാല്‍ പ്രമേയത്തിനെതിരെ ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.
ഈ പ്രമേയം പിന്‍വലിച്ച ശേഷമാണ് ഇന്നു സ്പീക്കര്‍ നടപടിയെടുത്തത്.